New Update
/sathyam/media/media_files/hrnuqgAgZNhuDf74gnBC.jpg)
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ചോദ്യങ്ങൾക്ക് മറുപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ. മൂന്നാറിൽ താൻ ഭൂനിയമം ലംഘിച്ചിട്ടില്ലെന്നും നിയമപരമായ നിർമാണം മാത്രമേ നടത്തിയിട്ടുള്ളൂവെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. എകെജി സെന്‍റര്‍ പട്ടയഭൂമിയിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും ഭൂനിയമം ലംഘിച്ച് നില്‍ക്കുന്ന ഏറ്റവും വലിയ നിർമ്മിതികളിൽ ഒന്നാണ് എകെജി സെന്‍ററെന്നും കുഴൽനാടൻ ആരോപിച്ചു.
ചിന്നക്കനാലിൽ പണിതത് റെസിഡൻഷ്യൽ പെർമിറ്റിലുള്ള കെട്ടിടമാണ്. അത് 100 ശതമാനം നിയമവിധേയമാണ്. റിസോർട്ട് സ്വകാര്യ കെട്ടിടമാണെന്നു പറഞ്ഞത് റെസിഡൻഷ്യൽ പെർമിറ്റ് പ്രകാരം നിർമിച്ചതിനാലാണ്. ഭൂമി നിയമവിരുദ്ധമായി മണ്ണിട്ടു നികത്തി എന്നതിന് കൃത്യമായ മറുപടി ഇതിനോടകം പലതവണ നൽകിയിട്ടുണ്ട്. അഭിഭാഷക വൃത്തിയോടൊപ്പം നിയമവിരുദ്ധമായി ഒരു ബിസിനസും താനായിട്ട് നടത്തിയിട്ടില്ല.
ഒൻപതു കോടിയുടെ വിദേശ നിക്ഷേപമുണ്ടെന്നു പറഞ്ഞിട്ടില്ല. വിദേശത്തെ ഒരു സ്ഥാപനത്തിൽ തനിക്കുള്ള 24 ശതമാനം പങ്കാളിത്തത്തേക്കുറിച്ചാണ് പറഞ്ഞത്. അതിന്റെ മാർക്കറ്റ് വില ഏകദേശം ഒൻപത് കോടി വരുമെന്നാണ് പറഞ്ഞത്. അല്ലാതെ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും കുഴൽനാടൻ പറഞ്ഞു. വീണ വിജയന് പ്രതിരോധം തീർക്കാനാണ് എം വി ഗോവിന്ദന്‍ ആരോപണങ്ങൾ ഉന്നയിക്കുന്നത്. എം വി ഗോവിന്ദൻ പുകമറ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.