കൊച്ചി: സിഎംആര്‍എല്‍ വിവാദത്തില്‍ നിന്ന് ഒളിച്ചോടില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ വിശദമായ വാര്‍ത്താ സമ്മേളനം നടത്തും. വീണ വിജയന്‍ ജിഎസ്ടി നല്‍കിയെന്ന് കാണിക്കുകയാണെങ്കില്‍ മാപ്പ് പറയാം, ഇല്ലെങ്കില്‍ സിപിഐഎം വീണ വിജയന്‍ മാസപ്പടി വാങ്ങിയെന്ന് സമ്മതിക്കണം എന്ന പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
സിഎംആര്‍എലില്‍ നിന്ന് കൈപ്പറ്റിയ പണത്തിന് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനി ജിഎസ്ടി അടച്ചുവെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണമെന്ന സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലന്റെ പ്രതികരണത്തിനെതിരെ സംസാരിക്കുകയായിരുന്നു. 'മാത്യു കുഴല്‍നാടന്‍ മുഖ്യമന്ത്രിയോടും മകള്‍ വീണയോടും മാപ്പ് പറയണം. കുഴല്‍നാടനോട് ഞാന്‍ ആദ്യമേ പറഞ്ഞതാണ് എല്ലാ രേഖകളും വീണയുടെ പക്കലുണ്ടെന്ന്. ഇനി മാത്യു മാപ്പ് പറയുന്നതാണ് നല്ലതാണ്. അതിന് മാധ്യമങ്ങളും സമ്മര്‍ദ്ദം ചെലുത്തണം. പച്ചനുണയാണ് ദിവസവും പ്രതിപക്ഷം സര്‍ക്കാരിനെതിരെ പറയുന്നത്.' എന്നാണ് എ കെ ബാലന്‍ പറഞ്ഞത്.
സിഎംആര്‍എലില്‍ നിന്ന് കൈപ്പറ്റിയ പണത്തിന് വീണാ വിജയന്‍ നികുതി അടച്ച വിവരം അറിയിച്ച് കഴിഞ്ഞ ദിവസം പരാതിക്കാരനായ മാത്യു കുഴല്‍നാടന് സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നു. ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് മാത്യുവിന് കത്ത് നല്‍കിയത്. നിയമപ്രകാരം ഒടുക്കേണ്ട നികുതി ഒടുക്കിയതായി കാണുന്നുവെന്ന് കത്തില്‍ പറയുന്നുണ്ട്.