ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ തലവനുമായ എംകെ സ്റ്റാലിന്‍. ഡിഎംകെ എംപി ജഗത്രക്ഷകനെതിരെയുള്ള ഐടി റെയ്ഡുകളിലും ഡല്‍ഹി മദ്യ അഴിമതിക്കേസില്‍ എഎപി എംപി സഞ്ജയ് സിംഗിന്റെ അറസ്റ്റിനെതിരെയുമായിരുന്നു സ്റ്റാലിന്റെ പ്രതികരണം. കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിന് അതിരുകളില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഇന്ത്യന്‍ ബ്ലോക്ക് നേതാക്കള്‍ക്കെതിരെ രാഷ്ട്രീയ പകപോക്കലിനായി അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്തതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ് ഈ റെയ്ഡുകളെന്ന് സ്റ്റാലിന്‍ പറഞ്ഞു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയുള്ള ബോധപൂര്‍വമായ പീഡനം ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണ്. അന്വേഷണം സുതാര്യവും നീതിയുക്തവുമായിരിക്കണമെന്ന് സുപ്രീം കോടതി ഇഡിക്ക് മുന്നറിയിപ്പ് നല്‍കിയത് ബിജെപി സൗകര്യപൂര്‍വ്വം മറക്കുന്നു.
പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന ഐക്യത്തെ ബിജെപി ഭയക്കുന്നു. ഈ വേട്ട അവസാനിപ്പിച്ച് യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്.''-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ചെന്നൈയിലെ ഡിഎംകെ എംപി എസ് ജഗത്രക്ഷകനുമായി ബന്ധപ്പെട്ട ഇരുപതോളം സ്ഥലങ്ങളില്‍ ആദായ നികുതി വകുപ്പ് വ്യാഴാഴ്ച പരിശോധന നടത്തിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എഎപി എംപി സഞ്ജയ് സിംഗിനെ ബുധനാഴ്ച വൈകിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹിയിലെ വസതിയില്‍ വച്ച് 10 മണിക്കൂറിലേറെ ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്.