ചെന്നൈ; നീറ്റ് പരീക്ഷയുടെ കട്ട്ഓഫ് പൂജ്യമായി കുറയ്ക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിൻ. പരീക്ഷ കൊണ്ടൊരു പ്രയോജനവുമില്ലെന്നും അതിന് മെറിറ്റുമായി യാതൊരു ബന്ധവുമില്ലെന്ന് തെളിയിക്കുന്നതാണ് ഈ തീരുമാനമെന്നും സ്റ്റാലിൻ ആരോപിച്ചു. ഇതേ വിഷയത്തിൽ സ്റ്റാലിന്റെ മകനും സംസ്ഥാന യുവജനക്ഷേമ മന്ത്രിയുമായ ഉദയനിധിയും കേന്ദ്രത്തിനെതിരെ രംഗത്തെത്തിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാലിന്റെ പരാമർശം.
"നീറ്റ് പിജി കട്ട്-ഓഫ് 'പൂജ്യം' ആയി കുറയ്ക്കുന്നതിലൂടെ, ദേശീയ 'എലിജിബിലിറ്റി' കം എൻട്രൻസ് ടെസ്റ്റിലെ 'യോഗ്യത' അർത്ഥശൂന്യമാണെന്ന് കേന്ദ്രം അംഗീകരിക്കുകയാണ്. നീറ്റ് = 0, നീറ്റിന് മെറിറ്റുമായി ഒരു ബന്ധവുമില്ല. ഇതാണ് നമ്മൾ എക്കാലവും പറഞ്ഞു കൊണ്ടിരുന്നത്. വിലപ്പെട്ട നിരവധി ജീവനുകൾ പൊലിഞ്ഞിട്ടും നിശബ്ദത പാലിച്ച കേന്ദ്ര ബിജെപി സർക്കാരാണ് ഇപ്പോൾ ഇത്തരമൊരു ഉത്തരവുമായി എത്തിയിരിക്കുന്നത്. #NEET എന്ന ഗില്ലറ്റിൻ ഉപയോഗിച്ച് ജീവൻ നഷ്‌ടപ്പെടുത്തിയതിന് ബിജെപി സർക്കാരിനെ നീക്കം ചെയ്യണം."- എംകെ സ്റ്റാലിൻ എക്സിൽ കുറിച്ചു.
അതേസമയം കോച്ചിംഗ് സെന്ററുകള്‍ക്കും സ്വകാര്യ മെഡിക്കൽ കോളേജുകള്‍ക്കും തടിച്ചുകൊഴുക്കാന്‍ മാത്രമാണ് നീറ്റ് പരീക്ഷ നടത്തുന്നതെന്ന് ഇതോടെ വ്യക്തമായെന്ന് ഉദയനിധി സ്റ്റാലിന്‍ പ്രതികരിച്ചു. നിരവധി പാവപ്പെട്ടവരുടെ മരണത്തിലേക്ക് നയിച്ച നീറ്റ് അനീതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കേന്ദ്ര സർക്കാർ ഉത്തരം നൽകേണ്ടി വരുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.