തിരുവനന്തപുരം: നവകേരള സദസിനെ വിമര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. ഇന്നുമുതല്‍ നടക്കുന്നത് ദുരിത കേരള സദസ്സാണെന്ന് പറഞ്ഞ അദ്ദേഹം പരിപാടിയെ നവ കേരള ബെന്‍സ് യാത്രയെന്ന് പരിഹസിക്കുകയും ചെയ്തു. ജനത്തെ കബളിപ്പിക്കുന്ന യാത്രയാണിത്. ജനം പട്ടിണി കിടക്കുമ്പോള്‍ സര്‍ക്കാര്‍ ധൂര്‍ത്തും ആഡംബരവും നടത്തുകയാണ്. ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നെങ്കില്‍ അത് യുഡിഎഫ് എംഎല്‍എമാര്‍ ചെയ്യുന്ന ഹിമാലയന്‍ ബ്ലന്‍ഡര്‍ ആയേനെ എന്നും ഹസന്‍ പറഞ്ഞു. ഇത് രാഷ്ട്രീയപ്രചാരണം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ നവകേരള സദസ്സ് ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ തീരുമാനം ഹിമാലയന്‍ ബ്ലണ്ടറാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് വിമര്‍ശിച്ചിരുന്നു.
മുസ്ലിം ലീഗ് എംഎല്‍എ കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ ഇടം നേടിയതിനെക്കുറിച്ചും ഹസന്‍ പ്രതികരിച്ചു. വാര്‍ത്തയറിഞ്ഞ് അങ്ങോട്ടു വിളിച്ചാണ് കാര്യങ്ങള്‍ ചോദിച്ചത്. ലീഗിന്റെ മറുപടി തൃപ്തികരമാണ്. കേരള ബാങ്ക് രൂപീകരണത്തിനെതിരെയുള്ള നടപടികള്‍ തുടര്‍ന്നു പോകുമെന്നും ലീഗ് വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ധാര്‍മികത ഉണ്ടോ എന്നുള്ള ചോദ്യത്തിന് അത് അവരോട് ചോദിക്കണമെന്ന് എം എം ഹസ്സന്‍ മറുപടി നല്‍കി.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ കുറിച്ച് പറയാന്‍ താന്‍ ആളല്ല എന്നാണ് എം എം ഹസന്‍ പ്രതികരിച്ചത്. എന്ത് അന്വേഷണവും യൂത്ത് കോണ്‍ഗ്രസ് നേതൃത്വം തന്നെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.