'ഇൻഡ്യ'യിലേക്ക് കൂടുതൽ പാർട്ടികൾ എത്തും'; നിതീഷ് കുമാര്‍

'ഇൻഡ്യ' സഖ്യത്തിന്‍റെ മുംബൈയിൽ നടക്കുന്ന യോഗത്തിൽ പൊതുതെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യും.

New Update
nitheesh kumar india

പ‌ട്ന: പ്രതിപക്ഷ സഖ്യമായ 'ഇൻഡ്യ'യിലേക്ക് കൂടുതൽ രാഷ്ട്രീയ പാര്‍ട്ടികള്‍ എത്തുമെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍. എന്നാല്‍ ഏതെല്ലാം പാര്‍ട്ടികളാണ് എത്തുക എന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. 'ഇൻഡ്യ'യുടെ അടുത്ത യോഗത്തില്‍ സീറ്റ് വിഭജനം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുമെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി.

Advertisment

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യം രൂപീകരിക്കാന്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവാണ് നിതീഷ് കുമാര്‍. വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലെയും ഉത്തര്‍പ്രദേശിലെയും മഹാരാഷ്ട്രയിലെയും ചില പാര്‍ട്ടികള്‍ സഖ്യത്തില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചെന്നാണ് നിതീഷ് കുമാര്‍ പറഞ്ഞത്. ഇവയെല്ലാം പ്രാദേശിക പാര്‍ട്ടികളാണെന്നും അദ്ദേഹം വിശദീകരിച്ചു.

'ഇൻഡ്യ' സഖ്യത്തിന്‍റെ മുംബൈയിൽ നടക്കുന്ന യോഗത്തിൽ പൊതുതെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യും. സീറ്റ് വിഭജനം ഉള്‍പ്പെടെ ചര്‍ച്ചയാകും. മറ്റു പല അജണ്ടകള്‍ക്കും അന്തിമരൂപം നല്‍കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പരമാവധി പാർട്ടികളെ ഒന്നിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നു. തനിക്കിതിലൂടെ വ്യക്തിപരമായി ഒന്നും വേണ്ട. മുംബൈയിലെ യോഗത്തില്‍ പങ്കെടുക്കുമെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി.

'ഇൻഡ്യ'യുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുല്‍ ഗാന്ധിയായിരിക്കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷ മുന്നണിയിലെ നേതാക്കളോട് സംസാരിച്ച ശേഷമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തതെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞിരുന്നു. ഇന്ത്യ സഖ്യത്തില്‍ 26 പാര്‍ട്ടികളാണ് നിലവിലുള്ളത്.

india latest news nitheesh kumar
Advertisment