'സനാതന ധർമ്മത്തെ ആക്രമിക്കുന്നത് ഫാഷനായി മാറിയിരിക്കുന്നു'; മുഖ്‌താർ അബ്ബാസ് നഖ്‌വി

വിഭവങ്ങൾ കൊള്ളയടിക്കുക മാത്രമല്ല, സനാതന മൂല്യങ്ങളെയും ഭാരതീയ സംസ്‌കാരത്തെയും വ്യക്തിത്വത്തെയും ഹനിക്കുന്ന നൂറുകണക്കിന് വിദേശ ആക്രമണങ്ങൾക്ക് ഭാരതം സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും നഖ്‌വി പറഞ്ഞു.

New Update
mukhthar abbas naqvi.

സനാതന ധർമ്മത്തെക്കുറിച്ചുള്ള ഡിഎംകെ നേതാക്കളുടെ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് മുതിർന്ന ബിജെപി നേതാവ് മുഖ്‌താർ അബ്ബാസ് നഖ്‌വി. 'സനാതന ധർമ്മത്തെ ആക്രമിക്കുന്നത് നിരാശരായ ഒരു കൂട്ടം ആളുകളുടെ ഫാഷനായി മാറിയിരിക്കുന്നു, എന്നാൽ അവരുടെ പാപ്പരത്വം അവർക്ക് തന്നെ തിരിച്ചടിയാകും". എന്നായിരുന്നു നഖ്‌വിയുടെ പ്രതികരണം.

Advertisment

ബിജെപി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന 'എന്റെ മണ്ണ്, എന്റെ ദേശം' ക്യാമ്പയിനിൽ പങ്കെടുത്ത നഖ്‌വി, സനാതന ധർമ്മം ഭാരതത്തിന്റെ ആത്മാവാണെന്നും, ആ ആത്മാവിനെ ആക്രമിക്കാൻ ശ്രമിക്കുന്നവർ നശിപ്പിക്കപ്പെടുമെന്നും പറഞ്ഞു. "ഭൂമിയിലെ ഏറ്റവും പഴക്കമുള്ള വിശ്വാസമായ സനാതന ധർമ്മത്തെ ആരെങ്കിലും ആക്രമിക്കുകയാണെങ്കിൽ അത് അവരുടെ മാനസിക രോഗത്തെയാണ് പ്രതിഫലിപ്പിക്കുന്നത്" നഖ്‌വി പറഞ്ഞു.

വിഭവങ്ങൾ കൊള്ളയടിക്കുക മാത്രമല്ല, സനാതന മൂല്യങ്ങളെയും ഭാരതീയ സംസ്‌കാരത്തെയും വ്യക്തിത്വത്തെയും ഹനിക്കുന്ന നൂറുകണക്കിന് വിദേശ ആക്രമണങ്ങൾക്ക് ഭാരതം സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും നഖ്‌വി പറഞ്ഞു.

ഭാരതത്തിന്റെ അപാരമായ വിഭവങ്ങൾ കൊള്ളയടിക്കുന്നതിൽ വിദേശ ശക്തികൾ വിജയിച്ചു, എന്നാൽ ഈ മഹത്തായ രാജ്യത്തിന്റെ സംസ്‌കാരത്തെയും സനാതന മൂല്യങ്ങളെയും നശിപ്പിക്കാനുള്ള അവരുടെ നീചമായ പദ്ധതികളിൽ അവർക്ക് വിജയിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

സനാതന സംസ്‌കാരത്തിന് നേരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണം യാദൃച്ഛികമല്ല, മറിച്ച് കരുതിക്കൂട്ടി ഉള്ളതാണെന്ന് നഖ്‌വി പറഞ്ഞു. "ഭാരതീയ സംസ്‌കാരത്തിനും മൂല്യങ്ങൾക്കും എതിരായ ഇത്തരം മനഃപൂർവവും ആസൂത്രിതവുമായ നീക്കങ്ങളെ പരാജയപ്പെടുത്താൻ ഒരുമിച്ച് പ്രവർത്തിക്കേണ്ടത് നമ്മുടെ ദേശീയ കടമയാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകം മുഴുവൻ ഭാരതത്തെ പുകഴ്ത്തുമ്പോൾ കോൺഗ്രസും അതിന്റെ മുൻ മേധാവിയും വിദേശ മണ്ണിൽ രാജ്യത്തിനെതിരായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരായി മാറിയിരിക്കുകയാണെന്ന് പാരീസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾക്കെതിരെ നഖ്‌വി പ്രതികരിച്ചു.

ഡിഎംകെ നേതാവ് ഉദയനിധി സ്‌റ്റാലിനെതിരെ രാഷ്ട്രീയ വിവാദം ഉയരുന്നതിനിടെയാണ് നഖ്‌വിയുടെ പരാമർശം. ഈ മാസം ആദ്യം, സനാതന ധര്‍മ്മം സമത്വത്തിനും സാമൂഹിക നീതിക്കും എതിരാണെന്നും അത് ഉന്മൂലനം ചെയ്യണമെന്നും ഡിഎംകെ മന്ത്രി ഉദയനിധി സ്‌റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നു. സനാതന ധര്‍മ്മത്തെ എച്ച്‌ഐവി, കുഷ്ഠം പോലെ സാമൂഹിക വിപത്തായ രോഗങ്ങളുമായി താരതമ്യം ചെയ്യണമെന്ന് ഡിഎംകെ നേതാവ് എ രാജയും പറഞ്ഞു. സനാതന ധര്‍മ്മത്തോടുള്ള ഉദയനിധിയുടെ സമീപനം മൃദുവായിരുന്നുവെന്നും രാജ ചൂണ്ടിക്കാട്ടിയിരുന്നു.

mukhthar abbas naqvi
Advertisment