/sathyam/media/media_files/GVkbdyUtPkFig51cYG70.jpg)
പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുമായി സഖ്യത്തിലേർപ്പെടുന്നതിന് എതിരെ കോൺഗ്രസിൽ എതിർപ്പുകൾ ഉയരുന്നതിനിടയിലും പ്രതിപക്ഷ സഖ്യത്തിന് വേണ്ടി വാദിച്ച് കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ധു. ഇന്ത്യ സഖ്യം ഒരു പർവ്വതം പോലെയാണ് നിലകൊള്ളുന്നതെന്നും, അതിനെ ഒരു കൊടുങ്കാറ്റും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
"ഇത് ഇന്ത്യയുടെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പാണെന്നും, പഞ്ചാബിന്റെ മുഖ്യമന്ത്രിയെ അല്ലെന്നും പഞ്ചാബ് മനസ്സിലാക്കണം" അദ്ദേഹം എക്‌സ് പോസ്‌റ്റിലൂടെ പറഞ്ഞു.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ആം ആദ്‌മി പാർട്ടിയുമായുള്ള സഖ്യത്തെ എതിർത്ത് സംസ്ഥാന അധ്യക്ഷൻ അമ്രീന്ദർ സിംഗ് രാജ വാറിംഗും, നിയമസഭയിലെ പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബജ്‌വയും ഉൾപ്പെടെ നിരവധി പഞ്ചാബ് കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നതിന് പിന്നാലെയാണ് മുൻ ക്രിക്കറ്റ് താരം കൂടിയായ സിദ്ധുവിന്റെ പ്രസ്‌താവന.
"ഇന്ത്യ സഖ്യം ഉയരമുള്ള പർവ്വതം പോലെ നിലകൊള്ളുന്നു, അവിടെയായാലും ഇവിടെയായാലും ഒരു കൊടുങ്കാറ്റിനും അതിന്റെ മഹത്വത്തെ തൊടാനാവില്ല!!! നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ഈ കവചം തകർക്കാനും അട്ടിമറിക്കാനുമുള്ള ഏതൊരു ശ്രമവും വ്യർത്ഥമാകും" അദ്ദേഹം ട്വീറ്റ് ചെയ്‌തു.
അതേസമയം, 2015ലെ ഒരു മയക്കുമരുന്ന് കേസിൽ പാർട്ടി എംഎൽഎ സുഖ്‌പാൽ സിംഗ് ഖൈറയെ അറസ്‌റ്റ് ചെയ്‌തതിനെ രാഷ്ട്രീയ പകപോക്കലെന്ന് വാറിങ്ങിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് കോൺഗ്രസ് നേതൃത്വം വിശേഷിപ്പിച്ചിരുന്നു. ഖൈറയുടെ അറസ്‌റ്റ് പഞ്ചാബിൽ കോൺഗ്രസും എഎപിയും തമ്മിലുള്ള ഭിന്നത വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്.
രണ്ട് പാർട്ടികളും ഇന്ത്യ സഖ്യത്തിലെ അംഗങ്ങളായിട്ട് കൂടി, പഞ്ചാബിലെ കോൺഗ്രസ് നേതാക്കൾ സംസ്ഥാനത്തെ ഭരണകക്ഷിയായ എഎപിയുമായി ഏതെങ്കിലും തരത്തിലുള്ള സഖ്യത്തിന് എതിരാണെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു.
സെപ്റ്റംബർ 1ന്, ഇന്ത്യ സഖ്യം അതിന്റെ മുംബൈ യോഗത്തിൽ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കഴിയുന്നത്രയും ഇടങ്ങളിൽ ഒരുമിച്ച് മത്സരിക്കാൻ തീരുമാനിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ സീറ്റ് പങ്കിടൽ സഹകരണ മനോഭാവത്തിൽ എത്രയും വേഗം തീർക്കുമെന്നും അറിയിച്ചിരുന്നു.
ഇതിനായി പ്രതിപക്ഷ സഖ്യകക്ഷി നേതാക്കൾ 14 അംഗ ഏകോപന രൂപീകരിച്ചിട്ടുണ്ട്. അത് സഖ്യത്തിന്റെ ഉന്നതതല ബോഡിയായി പ്രവർത്തിക്കുകയും സീറ്റ് വിഭജനത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്യും. പുതിയ മുന്നണി ബിജെപിയെ അനായാസം പരാജയപ്പെടുത്തുമെന്ന ആത്മവിശ്വാസവും അവർ പ്രകടിപ്പിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us