/sathyam/media/post_attachments/TnlYJk7fSnFchUnjgCSm.png)
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ത്യാ മുന്നണിയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ സാധ്യതയില്ല. പകരം ജെഡിയു മേധാവി ലാലന്‍ സിങ്ങും ബീഹാറിലെ ജലവിഭവ മന്ത്രി സഞ്ജയ് കുമാര്‍ ഝായും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. ഡിസംബര്‍ ആറിന് വൈകിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഡല്‍ഹിലെ വസതിയിലാണ് യോഗം. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രം രൂപീകരിക്കുന്നതിനായാണ് പ്രതിപക്ഷ സഖ്യം യോഗം വിളിച്ചിരിക്കുന്നത്. യോഗത്തില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയെ കൂട്ടായി നേരിടാനുള്ള പദ്ധതി നേതാക്കള്‍ ആലോചിച്ച് തീരുമാനിക്കുമെന്നാണ് പ്രതീക്ഷ.
നേരത്തെ, യോഗത്തില്‍ പങ്കെടുക്കാനാകില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചിരുന്നു. ഇന്ത്യ മുന്നണിയുടെ യോഗ വിവരം അറിയുന്നത് ഇപ്പോഴാണ്. മറ്റു പരിപാടികള്‍ നേരത്തെ ചാര്‍ട്ടായിക്കഴിഞ്ഞു. മാറ്റിവയ്ക്കാന്‍ കഴിയാത്ത പരിപാടികളുള്ളതിനാല്‍ യോഗത്തില്‍ പങ്കെടുക്കുവാന്‍ കഴിയില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
തിരഞ്ഞെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളില്‍ 3-1ന് ബിജെപിയോട് തോറ്റതിന്റെ പശ്ചാത്തലത്തില്‍ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രം പുനഃക്രമീകരിക്കേണ്ടത് പ്രതിപക്ഷത്തിന് ഏറെ പ്രധാനമാണ്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലാണ് പാര്‍ട്ടി പരാജയപ്പെട്ടത്. ഇപ്പോള്‍ വടക്ക് ഹിമാചല്‍ പ്രദേശ് മാത്രമാണ് കോണ്‍ഗ്രസിന്റേതായി അവശേഷിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം സ്വന്തം നിലയില്‍ ഭരിക്കുന്ന പാര്‍ട്ടി ബിഹാറിലും ജാര്‍ഖണ്ഡിലും പ്രാദേശിക പാര്‍ട്ടികളുമായുള്ള സഖ്യത്തിലായതിനാല്‍ ഭരണപക്ഷത്താണ്.
മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപി ഭരണം നേടിയ സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് (ഇന്ത്യ) യോഗം വിളിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ട്രയലായാണ് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തെ കണ്ടിരുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള രാജ്യത്തെ വന്‍കിട രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മയാണ് ഇന്ത്യ മുന്നണി. 2023 ജൂലൈയില്‍ ബെംഗളൂരുവില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടി യോഗത്തിലാണ് സഖ്യം പിറന്നത്.
കഴിഞ്ഞ തവണ നടന്ന പ്രതിപക്ഷ യോഗത്തില്‍ ശിവസേന (യുബിടി) അധ്യക്ഷന്‍ ഉദ്ധവ് താക്കറെയാണ് ആതിഥേയത്വം വഹിച്ചത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കൊപ്പം അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു. രണ്ട് ദിവസത്തെ ചര്‍ച്ചകളില്‍, സഖ്യം വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഏകോപന സമിതി രൂപീകരിക്കുകയും 2024 ലെ തിരഞ്ഞെടുപ്പില്‍ 'കഴിയുന്നത്രയും' ഒരുമിച്ച് പോരാടാനുള്ള മൂന്ന് പോയിന്റ് പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.
നേരത്തെ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തെ വിമര്‍ശിച്ച് ജനതാദള്‍ (യുണൈറ്റഡ്) ജനറല്‍ സെക്രട്ടറി നിഖില്‍ മണ്ഡല്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യ സഖ്യം നിതീഷ് കുമാറിന്റെ നേതൃത്വത്തിലായിരിക്കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു വിമര്‍ശനം. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ തിരക്കില്‍ സഖ്യത്തെ കോണ്‍ഗ്രസ് അവഗണിച്ചെങ്കിലും അവര്‍ മികച്ച പ്രകടനം നടത്തിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us