/sathyam/media/media_files/fg8Colzgby8d9AhOyaUg.jpg)
കൊല്ലം: ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുപോലെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ പാഞ്ഞടുക്കുന്ന ഗവര്‍ണര്‍ രാജ്യത്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നത സ്ഥാനത്തിരിക്കുന്ന ഗവര്‍ണരുടെ പദപ്രയോഗം പദവിക്ക് യോജിച്ചതല്ല. കേന്ദ്ര ഗവണ്‍മെന്റ് തന്നെ കാര്യങ്ങള്‍ പരിശോധിക്കണം. ഗവര്‍ണറുടെ പ്രവര്‍ത്തികള്‍ കേന്ദ്രത്തെ അറിയിക്കും. കേരളത്തിലെ ക്രമസമാധാനം തകര്‍ക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. എന്തും വിളിച്ചു പറയുന്ന മാനസികാവസ്ഥയിലാണ് ഗവര്‍ണറുള്ളത്. ഇതു പോലുള്ള ആളുകളെ ആര്‍ക്കും സഹിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാലിക്കറ്റ് സര്‍വകലാശാലയിലെത്തിയ ഗവര്‍ണര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ സൂചകമായി കെട്ടിയ ബാനര്‍ അഴിപ്പിച്ചിരുന്നു. ബാനര്‍ അഴിച്ചുമാറ്റാത്തതില്‍ പൊലീസിനോട് ക്ഷുഭിതനായ ഗവര്‍ണര്‍ പൊലീസിനെക്കൊണ്ട് നിര്‍ബന്ധിച്ച് ബാനര്‍ അഴിപ്പിക്കുകയായിരുന്നു. ഗവര്‍ണര്‍ ഗോ ബാക്ക് അടക്കമുള്ള ബാനറുകളാണ് അഴിപ്പിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ കൂടുതല്‍ ബാനറുകള്‍ കെട്ടി. റോഡില്‍ എഴുതിയും ?ഗവര്‍ണറുടെ കോലം കത്തിച്ചും പ്രതിഷേധിച്ചു.
ഇതിന് പുറമെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിനോടും മുഖ്യമന്ത്രി പ്രതികരിച്ചു. എന്റെ ഗണ്‍മാന്‍ ആരെയും അക്രമിച്ചിട്ടില്ല. അങ്ങനെ ഒരു സംഭവം താന്‍ കണ്‍മുന്നില്‍ കണ്ടില്ല, ദൃശ്യങ്ങളും ഞാന്‍ കണ്ടില്ല. എന്നാല്‍ ഗണ്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ് പരിശോധിക്കും. സമൂഹ മാധ്യമങ്ങളില്‍ വ്യക്തിപരമായി അഭിപ്രായങ്ങള്‍ പറയും. ബസിന് നേരെ അക്രമിക്കാന്‍ വന്നാല്‍ ഗണ്‍മാന്‍ തടയും. ദൃശ്യങ്ങള്‍ താന്‍ പരിശോധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.