'അമേഠി വിടൂ, രാഹുലിനെ ഹൈദരാബാദില്‍ നിന്ന് മത്സരിപ്പിക്കൂ'; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ഒവൈസി

കോണ്‍ഗ്രസ് ബിജെപിയുമായി പോരാടുന്നിടത്തെല്ലാം ബിജെപിയെ സഹായിക്കാനാണ് എഐഎംഐഎം തങ്ങളുടെ നേതാക്കളെ രംഗത്തിറക്കുന്നതെന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

New Update
rahul gandhi owaisi

കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. അമേഠി വിട്ട് രാഹുല്‍ ഗാന്ധിയെ ഹൈദരാബാദില്‍ നിന്ന് മത്സരിപ്പിക്കൂ എന്ന് ഒവൈസി പറഞ്ഞു.  കെട്ടിവെക്കാനുള്ള പണം താന്‍ നല്‍കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയെ സഹായിക്കാനാണ് എഐഎംഐഎം ശ്രമിക്കുന്നതെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഒവൈസിയുടെ വെല്ലുവിളി.  

Advertisment

അസം, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിങ്ങനെ എവിടെയായാലും കോണ്‍ഗ്രസ് ബിജെപിയുമായി പോരാടുന്നിടത്തെല്ലാം ബിജെപിയെ സഹായിക്കാനാണ് എഐഎംഐഎം തങ്ങളുടെ നേതാക്കളെ രംഗത്തിറക്കുന്നതെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. ഇതിന് എഐഎംഐഎം അസമില്‍ ഒരു തിരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ലെന്നായിരുന്നു ഒവൈസിയുടെ മറുപടി.ഇതുമാത്രമല്ല, രാഹുല്‍ ഗാന്ധി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്ന് തോറ്റെന്നും അദ്ദേഹത്തിനെതിരെ താന്‍ അവിടെ മത്സരിച്ചിരുന്നുവെന്നും  ഒവൈസി പറഞ്ഞു. 

തെലങ്കാന മുഖ്യമന്ത്രി വലിയ തോതിലുള്ള അഴിമതിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ആരോപിച്ചിരുന്നു. എന്നാല്‍ കെസിആറിനെതിരെ സിബിഐയോ ഇഡിയോ ഐടിയോ അന്വേഷണം നടത്തിയിട്ടില്ല. അതേസമയം രാജ്യത്തെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ തുടര്‍ച്ചയായ അന്വേഷണം നടക്കുകയാണ്. ഇതിനര്‍ത്ഥം ബിജെപി-ബിആര്‍എസിനെ സംരക്ഷിക്കുകയാണ്. ബിജെപി-ബിആര്‍എസും അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎമ്മും പരസ്പരം സഹായിക്കുന്നുണ്ട്. ബിജെപിയും ബിആര്‍എസും എഐഎംഐഎമ്മും തന്നെ നിരന്തരം ആക്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

മുമ്പും നേതാവ് രാഹുല്‍ ഗാന്ധിയെ അസദുദ്ദീന്‍ ഒവൈസി വെല്ലുവിളിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കോട്ടയായ ഹൈദരാബാദില്‍ നിന്ന് മത്സരിക്കണമെന്നാണ് അന്നും ആവശ്യപ്പെട്ടത്.  'ഇത്തവണ വയനാടല്ല, ഇത്തവണ ഹൈദരാബാദില്‍ നിന്ന്', രാഹുലിന്റെ നിലവിലെ ലോക്സഭാ മണ്ഡലത്തെ പരാമര്‍ശിച്ച് ഒവൈസി പറഞ്ഞു. രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി വലിയ പ്രസ്താവനകള്‍ നടത്തുകയാണ്. ഗോദയിലേക്ക് നേരിട്ടിറങ്ങി വന്ന് എനിക്കെതിരെ പോരാടൂ. കോണ്‍ഗ്രസില്‍ നിന്നുള്ളവര്‍ പല കാര്യങ്ങളും പറയും. പക്ഷേ താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ഒവൈസി ബിജെപിയുടെ പോക്കറ്റിലാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് വെല്ലുവിളി. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എഐഎംഐഎമ്മിനെതിരെയും ഒവൈസിക്കെതിരെയും അന്വേഷണം നടത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രസ്താവന. 

'എഐഎംഐഎമ്മിനെതിരെ ഒരു കേസും ഇല്ല. പ്രതിപക്ഷം മാത്രമാണ് ആക്രമിക്കപ്പെടുന്നത്. മോദി ഒരിക്കലും സ്വന്തം ജനങ്ങളെ ആക്രമിക്കാറില്ല. അദ്ദേഹം നിങ്ങളുടെ മുഖ്യമന്ത്രിയെയും എഐഎംഐഎം നേതാക്കളെയും തന്റേതായി കണക്കാക്കുന്നു. അതിനാല്‍ അവര്‍ക്കെതിരെ ഒരു കേസും ഇല്ലെന്നായിരുന്നു രാഹുലിന്റെ വാദം. തെലങ്കാനയില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വാഗ്ദാനം പ്രഖ്യാപിച്ചതിന് ശേഷം തുക്കുഗുഡയില്‍ നടന്ന ഒരു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. 

തെലങ്കാനയില്‍ ഭരിക്കുന്ന ഭാരത് രാഷ്ട്ര സമിതിയോട് (ബിആര്‍എസ്) മാത്രമല്ല, ബിജെപിയോടും എഐഎംഐഎമ്മിനോടും കോണ്‍ഗ്രസ് പോരാടുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. 'അവര്‍ പരസ്പരം വ്യത്യസ്ത പാര്‍ട്ടികള്‍ എന്ന് വിളിക്കുന്നു, പക്ഷേ അവര്‍ ഒരു കൂട്ടുകെട്ടിലാണ് പ്രവര്‍ത്തിക്കുന്നത്,' രാഹുല്‍ അവകാശപ്പെട്ടു.

rahul gandhi latest news asaduddin ovaisi
Advertisment