/sathyam/media/media_files/2RzhFKpgIgmFlRDPoA8L.jpg)
മലപ്പുറം: സിപിഐഎം സംസ്ഥാന സമിതിയംഗം അഡ്വ. കെ അനിൽ കുമാർ ഉയർത്തിയ തട്ട വിവാദം തിരുത്തിയത് കൊണ്ട് തീരില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ. സിപിഐഎം തിരുത്തേണ്ട ഘട്ടം ഉണ്ടാക്കാൻ പാടില്ലായിരുന്നു. ബിജെപിയുടെ ആയുധം എന്തിന് അവർ ഉപയോഗിച്ചു. തിരുത്തിയത് കൊണ്ട് തീരില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സിപിഐഎം വിശ്വാസങ്ങളിലേക്ക് കടന്ന് ചെല്ലരുത്. അത് നല്ലതല്ല. അതിന്റെ ശാസ്ത്രീയത തിരയുന്നതിൽ പ്രസക്തിയില്ല. ഇൻഡ്യ മുന്നണിയിൽ ഉള്ള ഒരു പാർട്ടിയിൽ നിന്ന് ഉണ്ടാകേണ്ട പ്രസ്താവനയല്ല ഉണ്ടായത്. ഇങ്ങനെയൊരു പ്രസ്താവന എങ്ങനെ ഉണ്ടായെന്നത് പരിശോധിക്കണമെന്നു കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
മലപ്പുറം പരാമർശം പണ്ടേ ഉണ്ടായിരുന്നതാണ്. ഇപ്പോൾ മാറി എന്നാണ് കരുതിയിരുന്നത്. വസ്ത്രങ്ങൾ അഴിച്ചു വെച്ചല്ല ആരും വലിയ നേട്ടങ്ങൾ കരസ്ഥമാക്കിയത്. ഈ വസ്ത്രം ധരിച്ചു തന്നെ മുന്നേറുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മതവിരുദ്ധതയും വിശ്വാസങ്ങളെ ഹനിക്കലുമാണ്, വോട്ടിന് വേണ്ടി മതപ്രീണനം നടത്തുന്ന സിപിഐഎമ്മിന്റെ എക്കാലത്തേയും നിലപാട്. ഇത് തന്നെയാണ് അനില്‍കുമാറിന്റെ പ്രസ്താവനയിലൂടെയും പുറത്ത് വന്നിരിക്കുന്നത്. മലപ്പുറത്ത് തട്ടം വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികളുണ്ടായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേട്ടമാണെന്നായിരുന്നു സിപിഐഎം സംസ്ഥാന സമിതിയംഗമായ അഡ്വ. കെ അനില്‍കുമാറിന്റെ വിവാദ പരാമര്‍ശം.
അതേസമയം അനിൽ കുമാറിന്റെ പരാമർശത്തെ തളളി സിപിഐഎം രംഗത്തെത്തിയിട്ടുണ്ട്. മുസ്ലിം ലീഗ് നേതാക്കളും സമസ്ത നേതാക്കളും വിമർശനം ഉയർത്തിയതോടെയാണ് സിപിഐഎം പ്രതികരിച്ചത്. അനില്‍ കുമാര്‍ പറഞ്ഞത് പാര്‍ട്ടി നിലപാട് അല്ലെന്നും വസ്ത്രധാരണം ഓരോ മനുഷ്യന്റേയും ജനാധിപത്യ അവകാശമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. സംഘപരിവാർ കെണിയിൽ വീഴാതെ ശ്രദ്ധിക്കണം. അനില്‍ കുമാറിന്റെ പരാമര്‍ശം പാര്‍ട്ടി നിലപാടിന് വ്യത്യസ്തമാണ്. ഇത്തരത്തിലുള്ള ഒരു പരാമര്‍ശവും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതില്ലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.