കോണ്‍ഗ്രസ് മാര്‍ച്ചിലുണ്ടായ പോലീസ് നടപടി കാടത്തവും ജനാധിപത്യ വിരുദ്ധവുമാണ് ; പി കെ കുഞ്ഞാലിക്കുട്ടി

മാര്‍ച്ചിനെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പന്തംകൊളുത്തി പ്രകടനം നടത്തും.

New Update
pk kunjalikuttyy.jpg

കോഴിക്കോട്: തിരുവനന്തപുരത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ ഉണ്ടായ പോലീസ് നടപടി കാടത്തവും ജനാധിപത്യ വിരുദ്ധവുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. പോലീസിനെ ഉപയോഗിച്ച് ജനാധിപത്യം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും നിരുത്തരവാദപരമായി പെരുമാറിയ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ പി സി സി അധ്യക്ഷന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ വേദിയില്‍ ഉള്ളപ്പോള്‍ ടിയര്‍ ഗ്യാസ് ഉപയോഗിച്ച നടപടി ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment

അതേസമയം മാര്‍ച്ചിനെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പന്തംകൊളുത്തി പ്രകടനം നടത്തും. സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലും കെഎസ്യു മാര്‍ച്ചിലും പൊലീസ് അതിക്രമം നടത്തിയെന്ന് ആരോപിച്ചാണ് ഇന്ന് ഡിജിപി ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രസംഗിച്ചതിന് പിന്നാലെ കെ സുധാകരന്‍ പ്രസംഗം തുടങ്ങിയപ്പോഴാണ് പൊലീസ് ടിയര്‍ ഗ്യാസ് പൊട്ടിച്ചത്. സംസ്ഥാന അധ്യക്ഷനടക്കമുള്ള നേതാക്കള്‍ക്ക് ഇതേത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായി.

കെ സുധാകരന്‍ പ്രസംഗത്തിനിടെ ഒരു വശത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡിന് മുകളില്‍ കയറിയതിന് പിന്നാലെയാണ് ജലപീരങ്കി പ്രയോഗവും കണ്ണീര്‍വാതക ഷെല്ലും പ്രയോഗിച്ചത്. പ്രതിപക്ഷ നേതാവിന്റെ തൊട്ടടുത്താണ് ഒരു കണ്ണീര്‍ വാതക ഷെല്ല് വീണത്. ഇതാണ് നേതാക്കള്‍ക്കാകെ അസ്വാസ്ഥ്യം നേരിടാന്‍ കാരണം. നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം പ്രവര്‍ത്തകര്‍ ഒന്നടങ്കം കെപിസിസി ഓഫീസ് സ്ഥിതി ചെയ്യുന്ന വെള്ളയമ്പലം ഭാഗത്തേക്ക് പോയി. ഇവിടെ റോഡ് ഉപരോധിച്ചത് വലിയ ഗതാഗത തടസം ഉണ്ടാകാന്‍ കാരണമായി.

കെപിസിസിയിലെ നേതാക്കള്‍ യോഗം ചേര്‍ന്നാണ് പിന്നീട് പ്രതിഷേധം സംസ്ഥാന വ്യാപകമായി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. പോലീസിലെ ഗുണ്ടകള്‍ അക്രമം നടത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വിമര്‍ശിച്ചു. കേരളത്തില്‍ നിയമവാഴ്ച ഇല്ലാതായെന്നും അതിനുത്തരവാദി മുഖ്യമന്ത്രിയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചു. പോലീസ് നടപടി അസാധാരണമെന്ന് പറഞ്ഞ രമേശ് ചെന്നിത്തല മോദി മാതൃകയില്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുകയാണെന്ന് പറഞ്ഞു. രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്ന പോലീസുകാര്‍ കാലം മാറുമെന്ന് ഓര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിമര്‍ശിച്ചു.

pk kunjalikutty
Advertisment