കോഴിക്കോട്: യൂത്ത് ലീഗ് നേതാക്കളായ പി.കെ.ഫിറോസിനും സി.കെ. സുബൈറിനുമെതിരെ ഉയര്‍ന്ന കത്വ ഫണ്ട് തട്ടിപ്പ് ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് പോലീസ് റിപ്പോര്‍ട്ട്. പരാതിയിലെ ആരോപണങ്ങള്‍ കള്ളമാണെന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടി പറയുന്നു. സംഘടനാപരമായ പ്രശ്‌നങ്ങളില്‍ നിന്നുണ്ടായ വൈരാഗ്യത്തെ തുടര്‍ന്ന് എതിര്‍കക്ഷികള്‍ക്കെതിരെ നല്‍കിയ പരാതിയാണ് ഫണ്ട് തട്ടിപ്പ് എന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കത്വ, ഉന്നാവ് പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാന്‍ എന്നപേരില്‍ സമാഹരിച്ച തുക തട്ടിയെടുത്തെന്നായിരുന്നു യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ ഉയര്‍ന്ന ആരോപണം. കത്വ പെണ്‍കുട്ടിക്കായി ശേഖരിച്ച തുകയില്‍ 15 ലക്ഷം രൂപ പി കെ റിഫോസും സി കെ സുബൈറും വകമാറ്റി ചിലവഴിച്ചെന്നായിരുന്നു പരാതി. യൂത്ത് ലീഗില്‍ നിന്ന് രാജിവെച്ച യൂസുഫ് പടനിലം ആയിരുന്നു പരാതിക്കാരന്‍. 2021 ലാണ് യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ അഴിമതി ആരോപണവുമായി യൂത്ത് ലീഗ് ദേശീയ സമിതി അംഗമായിരുന്ന യൂസഫ് പടനിലം രംഗത്തെത്തുന്നത്.
എന്നാല്‍ പരാതിക്കാരന്‍ രാഷ്ട്രീയ വൈരാഗ്യത്താല്‍ കളവായി ഒരു പരാതി നല്‍കിയെന്നാണ് പോലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ താനൂരില്‍ മത്സരിച്ച ഫിറോസിനെതിരെ ഇടതുപക്ഷം ഈ ആരോപണം രാഷ്ട്രീയ ആയുധമാക്കിയിരുന്നു.