കത്വ ഫണ്ട് പിരിവ് തട്ടിപ്പ് കേസ്; ആരോപണം കള്ളമെന്ന് റിപ്പോര്‍ട്ട് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

പരാതി അന്വേഷിച്ച ഇന്‍സ്‌പെക്ടര്‍ ആവശ്യമായ വിവര ശേഖരണം നടത്തിയിട്ടില്ലെന്നും കൃത്യമായ മൊഴിയെടുപ്പ് പോലും നടത്തിയിട്ടില്ലെന്നും കണ്ടെത്തി.

New Update
pk firos ck subair two

കോഴിക്കോട്: കത്വ ഫണ്ട് പിരിവില്‍ യൂത്ത് ലീഗ് നേതാക്കള്‍ തട്ടിപ്പ് നടത്തിയെന്ന പരാതി കളളമെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കുന്ദമംഗലം ഇന്‍സ്‌പെക്ടര്‍ യൂസഫ് നടത്തറമ്മലിനെയാണ് എഡിജിപി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഇടത് സര്‍ക്കാരിന്റെ കാലത്ത് സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് സര്‍വ്വീസില്‍ തുടരാന്‍ കഴിയില്ലെന്നതിന്റെ ഉദാഹരണമാണ് പൊലീസിനെതിരെയുളള നടപടിയെന്ന് പി കെ ഫിറോസ് പ്രതികരിച്ചു.

Advertisment

യൂത്ത് ലീഗ് നടത്തിയ കത്വ ഫണ്ട് പിരിവില്‍ ലക്ഷങ്ങളുടെ തിരിമറി നടന്നെന്ന യൂസഫ് പടനിലത്തിന്റെ പരാതി കളളവും രാഷ്ട്രീയ പ്രേരിതവും എന്നായിരുന്നു കേസന്വേഷിച്ച കുന്ദമംഗലം ഇന്‍സ്‌പെക്ടര്‍ യൂസഫ് നടത്തറമ്മല്‍ നല്‍കിയ റിപ്പോര്‍ട്ട്. പരാതിക്ക് അടിസ്ഥാനമായ രേഖകളൊന്നും ഹാജരാക്കാന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. സര്‍ക്കാരിന് തിരിച്ചടിയായ ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ വിവരം പി കെ ഫിറോസ് പുറത്തുവിട്ടയുടനെ, പ്രത്യേക സംഘം അന്വേഷണം നടത്തി.

പരാതി അന്വേഷിച്ച ഇന്‍സ്‌പെക്ടര്‍ ആവശ്യമായ വിവര ശേഖരണം നടത്തിയിട്ടില്ലെന്നും കൃത്യമായ മൊഴിയെടുപ്പ് പോലും നടത്തിയിട്ടില്ലെന്നും കണ്ടെത്തി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രമസമാധാന ചുമതലയുളള എഡിജിപി എം ആര്‍ അജിത്കുമാര്‍ കൃത്യവിലോപത്തിന്റെ പേരില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തത്. തനിക്കെതിരെയുളള കേസ് കോടതി അവസാനിപ്പിച്ചതാണെന്നും ഇതിന്റെ തെളിവ് കയ്യിലുണ്ടെന്നും പി കെ ഫിറോസ് പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥന്‍ തന്റെ മൊഴിയെടുത്തിട്ടില്ലെങ്കിലും ഓഫീസ് സെക്രട്ടറിയില്‍ നിന്നുള്‍പ്പെടെ വിവര ശേഖരണം നടത്തിയിട്ടുണ്ട്. സ്വകാര്യ അന്യായത്തിന്റെ ഭാഗമായി ഇതുവരെ ഒരു നോട്ടീസും കിട്ടിയിട്ടില്ലെന്നും പി കെ ഫിറോസ് പറഞ്ഞു. കുന്ദമംഗം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ സമര്‍പ്പിച്ച പൊലീസ് റിപ്പോര്‍ട്ട് കോടതി തളളിക്കളഞ്ഞു. പരാതിക്കാരന്റെ സ്വകാര്യ അന്യായത്തിന്‍മേല്‍ തുടര്‍നടപടികള്‍ക്ക് തുടക്കമിട്ട കോടതി, ഫെബ്രുവരി 9 ന് കേസ് വീണ്ടും പരിഗണിക്കും.

latest news pk firos kathua
Advertisment