തെലങ്കാനയിൽ അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന് രാഹുൽ ഗാന്ധി

തിരഞ്ഞെടുപ്പിന്റെ ഭാഗമായി തെലങ്കാനയിലെ ഭൂപാല്‍പള്ളി ജില്ലയില്‍ നടത്തിയ പൊതുയോഗത്തില്‍ സംസാരിക്കവെയാണ് രാഹുലിന്റെ പരാമര്‍ശം. 

New Update
rahul gandhi telengana


തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തുമെന്ന് രാഹുല്‍ ഗാന്ധി. ജാതി സെന്‍സസ് രാജ്യത്തിന്റെ 'എക്സ്റേ' ആണെന്നും വിഷയത്തില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു മൗനം വെടിയണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി തെലങ്കാനയിലെ ഭൂപാല്‍പള്ളി ജില്ലയില്‍ നടത്തിയ പൊതുയോഗത്തില്‍ സംസാരിക്കവെയാണ് രാഹുലിന്റെ പരാമര്‍ശം. 

Advertisment

ബിഹാര്‍ സര്‍ക്കാര്‍ 2023-ലെ ജാതി സെന്‍സസ് റിപ്പോര്‍ട്ട് അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. ബിഹാറിലെ ജനസംഖ്യയുടെ 63 ശതമാനവും മറ്റ് പിന്നാക്ക ജാതിക്കാരാണെന്ന് (ഒബിസി) ബിഹാര്‍ ചീഫ് സെക്രട്ടറി പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പട്ടികജാതിക്കാര്‍ 19 ശതമാനത്തില്‍ കൂടുതലുണ്ടെന്നും, പട്ടികവര്‍ഗക്കാര്‍ 1.68 ശതമാനമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ബിഹാറിലെ ജനസംഖ്യയുടെ 15.52 ശതമാനമാണ് ഉയര്‍ന്ന ജാതിക്കാരെന്നും ഫലങ്ങള്‍ വ്യക്തമാക്കുന്നു. നിതീഷ് കുമാര്‍ സര്‍ക്കാരിന് കീഴില്‍ നടത്തിയ സര്‍വേ ഏറെ ചര്‍ച്ചകള്‍ക്കും നിയമപരമായ പരിശോധനയ്ക്കും വിധേയമായികൊണ്ടിരിക്കുകയാണ്. 

ജാതി സെന്‍സസ് മാത്രമേ ഒബിസി വിഭാഗത്തിന് നീതി ഉറപ്പാക്കൂവെന്ന് തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി മുഖ്യമന്ത്രി കെസിആറിന് എഴുതിയ തുറന്ന കത്തില്‍ വ്യക്തമാക്കിയിരുന്നു. 2014ല്‍ ബിആര്‍എസ് സര്‍ക്കാര്‍ നടത്തിയ സംഗ്ര കുടുംബ സര്‍വേയുടെ കണക്കുകള്‍ വെളിപ്പെടുത്താനും അദ്ദേഹം റാവുവിനോട് കത്തിലൂടെ ആവശ്യപ്പെട്ടു.

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജാതി സര്‍വ്വേ ഒരു പ്രധാന തെരഞ്ഞെടുപ്പു വിഷയമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. നേരത്തെ, അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ജാതി സെന്‍സസിന്റെ പ്രാധാന്യം രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. രാജ്യത്തെ പാവപ്പെട്ടവരുടെ വിമോചനത്തിനായുള്ള പുരോഗമനപരവും ശക്തവുമായ ചുവടുവയ്പ്പായാണ് അദ്ദേഹം ജാതി സെന്‍സസിനെ വിശേഷിപ്പിച്ചത്.

 ബിഹാറിന് പിന്നാലെ രാജസ്ഥാനും ജാതി സര്‍വേ നടത്താന്‍ ഉത്തരവിറക്കിയിരുന്നു. സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം സാമൂഹ്യനീതി ശാക്തീകരണ വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവനുസരിച്ച്, രാജസ്ഥാന്‍ സര്‍ക്കാര്‍ എല്ലാ പൗരന്മാരുടെയും സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ തലങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും കണക്കുകളും ശേഖരിക്കുന്നതിന് സ്വന്തം നിലയില്‍  സര്‍വേ നടത്തും. ആസൂത്രണ വകുപ്പിനെ (സാമ്പത്തിക സ്ഥിതിവിവരക്കണക്ക്) പ്രവര്‍ത്തനത്തിന്റെ നോഡല്‍ വകുപ്പാക്കിയിട്ടുണ്ട്. എന്നാല്‍, ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നതിനുള്ള സമയപരിധി ഉത്തരവില്‍ നല്‍കിയിട്ടില്ല. ഇത് സംബന്ധിച്ച് ഉത്തരവ് വൈകാതെ പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

rahul gandhi telengana caste sensus
Advertisment