'പകൽക്കൊള്ള, ഏത് സർക്കാരിനെയും താഴെയിറക്കും' : അദാനിക്കെതിരെ രൂക്ഷമായ വിമർശനവുമായി രാഹുൽ ഗാന്ധി

ഗൗതം അദാനി ഇന്തോനേഷ്യയില്‍ കല്‍ക്കരി വാങ്ങുന്നു, ഇന്ത്യയിലെത്തുമ്പോഴേക്കും അതിന്റെ വില ഇരട്ടിയായി.

New Update
rahul gandhi adani

അദാനിക്കെതിരെ വീണ്ടും കടുത്ത ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി വിലയില്‍ കൃതൃമത്വം കാണിച്ച് അദാനി കോടികള്‍ തട്ടിയെടുക്കുകയാണെന്നും, ഇതാണ് വൈദ്യുതി വില വര്‍ദ്ധനയിലേക്ക് നയിക്കുന്നതെന്നും രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അദാനി ഗ്രൂപ്പ് മൊത്തം 32,000 കോടി രൂപയാണ് ജനങ്ങളില്‍ നിന്ന് തട്ടിയെടുത്തതെന്നും ഫിനാന്‍ഷ്യല്‍ ടൈംസിന്റെ മാധ്യമ റിപ്പോര്‍ട്ട് ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

Advertisment

'ഗൗതം അദാനി ഇന്തോനേഷ്യയില്‍ കല്‍ക്കരി വാങ്ങുന്നു, ഇന്ത്യയിലെത്തുമ്പോഴേക്കും അതിന്റെ വില ഇരട്ടിയായി. ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ ജനങ്ങളുടെ പോക്കറ്റില്‍ നിന്ന് ഏകദേശം 32,000 കോടി രൂപ അദ്ദേഹം കൈക്കലാക്കി.'- രാഹുല്‍ പറഞ്ഞു. പ്രശസ്ത ബ്രിട്ടീഷ് പത്രമായ ഫിനാന്‍ഷ്യല്‍ ടൈംസ് 'അദാനിയും നിഗൂഢമായ കല്‍ക്കരി വിലയും' എന്ന പേരില്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ ഈ വിഷയം ഇന്ത്യയില്‍ ഒരിക്കല്‍പോലും ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അവന്‍ (അദാനി) പാവപ്പെട്ടവരില്‍ നിന്ന് പണം തട്ടുന്നു. ഇത് പകല്‍ കൊള്ളയാണ് കൊള്ളയാണ് . നേരിട്ടുള്ള മോഷണം ഏത് സര്‍ക്കാരിനെയും താഴെയിറക്കും,'- അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അദാനിയെ വീണ്ടും വീണ്ടും രക്ഷിക്കുന്നതെന്നും, ഈ വിഷയത്തില്‍ മോദി പ്രതികരിക്കാത്തതും നടപടിയെടുക്കാത്തതും എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. 

അതേസമയം കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് വൈദ്യുതി സബ്സിഡി നല്‍കിയിട്ടുണ്ടെന്നും, വീണ്ടും അധികാരത്തിലെത്തിയാല്‍ അതേപദ്ധതി മധ്യപ്രദേശിലും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.  

rahul gandhi
Advertisment