/sathyam/media/media_files/IjVCTpseC3gVAwYjUFbO.jpg)
അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ രാജസ്ഥാനില്‍ ഇന്ന് നിര്‍ണായക യോഗം. നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ ഇന്ന് യോഗം ചേരും. ജയ്പൂരിലെ ബിജെപി സംസ്ഥാന ഓഫീസില്‍ വൈകിട്ട് നാലിന് ചേരുന്ന യോഗത്തില്‍ നിരീക്ഷകനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, സഹ നിരീക്ഷകരായ സരോജ് പാണ്ഡെ, വിനോദ് താവ്‌ഡെ എന്നിവര്‍ പങ്കെടുക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് സി.പി.ജോഷി, ഇന്‍ചാര്‍ജ് അരുണ്‍ സിങ് എന്നിവര്‍ യോഗത്തിന്റെ ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ, കേന്ദ്രമന്ത്രിമാരായ അര്‍ജുന്‍ റാം മേഘ്വാള്‍, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, അശ്വിനി വൈഷ്ണവ്,ദിയാ കുമാരി എന്നിവരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഉച്ചയ്ക്ക് 1:30 ന് ആരംഭിക്കും. ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് ബി ജെ പി ലെജിസ്ലേച്ചര്‍ പാര്‍ട്ടി യോഗം വിളിക്കും. എല്ലാ ബി.ജെ.പി എം.എല്‍.എമാരും യോഗത്തില്‍ പങ്കെടുക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് പാര്‍ട്ടി നേതൃത്വം നല്‍കിയിരിക്കുന്നത്. അതേസമയം പുതിയ മുഖ്യമന്ത്രിയായി ദലിത് നേതാവിനെ തിരഞ്ഞെടുക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത് നാളെ വെളിപ്പെടുത്താമെന്നായിരുന്നു തിങ്കളാഴ്ച അരുണ്‍ സിംഗ് പ്രതികരിച്ചത്.
യോഗത്തില്‍ നിയമസഭാ കക്ഷി നേതാവിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് നിരീക്ഷകര്‍ എംഎല്‍എമാരുമായി പ്രത്യേകം പ്രത്യേകം ചര്‍ച്ച നടത്തും. നവംബര്‍ 25ന് നടന്ന തിരഞ്ഞെടുപ്പില്‍ 199 സീറ്റുകളില്‍ മത്സരിച്ച ബിജെപി 115 സീറ്റുകള്‍ നേടിയാണ് സംസ്ഥാനത്ത് ഭരണമുറപ്പിച്ചത്. 69 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. 200 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പ്രഖ്യാപിച്ചിരുന്നതെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് ശ്രീഗംഗാനഗര്‍ ജില്ലയിലെ കരണ്‍പൂര്‍ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു.
അതേസമയം പിന്തുണ പ്രകടിപ്പിക്കാനായാണ് വസുന്ധര രാജെയെപ്പോലുള്ള നേതാക്കളെ എംഎല്‍എമാര്‍ സന്ദര്‍ശിച്ചതെന്ന വിലയിരുത്തല്‍ സംസ്ഥാനത്തുണ്ട്. എന്നാല്‍ ഇത്തരം ഇടപെടലുകളെ ലോബിയിംഗ് ആയി തെറ്റിദ്ധരിക്കരുതെന്ന് രാജേന്ദ്ര റാത്തോഡ് പറഞ്ഞു. ചൊവ്വാഴ്ച രാജസ്ഥാനില്‍ പുതിയ 'ഇരട്ട എഞ്ചിന്‍' സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെക്കുറിച്ചും റാത്തോഡ് പരാമര്‍ശിച്ചു.
നേരത്തെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ പാര്‍ട്ടി നേതൃത്വവുമായി കൂടിക്കാഴ്ച നടത്താന്‍ ന്യൂഡല്‍ഹിയിലെത്തിയിരുന്നു. രണ്ട് തവണ മുഖ്യമന്ത്രിയായ വസുന്ധര പുതുതായി തിരഞ്ഞെടുക്കപ്പെട്ട 60-ലധികം ബി.ജെ.പി എം.എല്‍.എമാരുമായി സ്വന്തം വസതിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് രാജെയുടെ ഡല്‍ഹി സന്ദര്‍ശനം. പാര്‍ട്ടി നേതൃത്വം രാജെയെ മുഖ്യമന്ത്രി സംസ്ഥാനത്തെ ഉന്നത സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയാണെങ്കില്‍ തങ്ങള്‍ പിന്തുണയ്ക്കുമെന്ന് അവര്‍ പറഞ്ഞു. എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം രാജെ പാര്‍ട്ടിയുടെ ഹൈക്കമാന്‍ഡുമായി സംസാരിച്ചിരുന്നു. താന്‍ 'പാര്‍ട്ടിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തക'യാണെന്ന് അവരെ അറിയിച്ചതായും വൃത്തങ്ങള്‍ പറഞ്ഞു.
ഇത്തവണ ഝല്‍രാപട്ടന്‍ സീറ്റില്‍ നിന്നാണ് രാജെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായ രാജെ 2003 മുതല്‍ 2008 വരെയും 2013 മുതല്‍ 2018 വരെയും രണ്ടു തവണ രാജസ്ഥാന്‍ മുഖ്യമന്ത്രിയായിട്ടുണ്ട്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ അവര്‍ മുഖ്യമന്ത്രിയായിരുന്നിട്ടും ഒരു നേതാവിനെയും ഉന്നത സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടയാണ് ഇത്തവണ ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്.
ഇതിനിടെ എംഎല്‍എമാര്‍ക്കായി ജയ്പൂരിലെ തന്റെ വസതിയില്‍ വസുന്ധര രാജെ ഒരുക്കിയ അത്താഴ വിരുന്ന് സംസ്ഥാനത്ത് ചര്‍ച്ചയായിരുന്നു. എംഎല്‍എമാരായ സമരം ഗരാസിയ, കാളീചരണ്‍ സറഫ്, ബാബു സിംഗ് റാത്തോഡ്, പ്രേംചന്ദ് ബൈര്‍വ, കാളീചരണ്‍ സരഫ്, രാംസ്വരൂപ് ലാംബ, ഗോവിന്ദ് റാണിപുരിയ, ലളിത് മീണ, കന്‍വര്‍ലാല്‍ മീണ, രാധേശ്യാം ബൈര്‍വ, കലുലാല്‍ മീണ, ഗോപിചന്ദ് മീണ, പ്രതാപ് സിംഗ്വി, ശങ്കര്‍ സിംഗ്വി, ബഹദൂര്‍ സിംഗ് കോലി, ബഹദൂര്‍ സിംഗ് കോലി, റാവത്ത് മഞ്ജു.ബാഗ്മര്‍, വിജയ്പാല്‍ സിങ് എന്നിവരടക്കമുള്ള എംഎല്‍എമാര്‍ ജയ്പൂരിലെത്തി വസുന്ധര രാജെയെ കണ്ടു. ഈ നീക്കത്തിന് പിന്നില്‍ സമ്മര്‍ദ രാഷ്ട്രീയം പയറ്റുവാനുള്ള ശ്രമങ്ങളാണോയെന്ന ചോദ്യമാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉയര്‍ത്തിയിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us