/sathyam/media/media_files/iB8HlbKK3unzs5tGQpkj.jpg)
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ബുധനാഴ്ച ജമ്മു കശ്മീരിലെ രജൗരി-പൂഞ്ച് സെക്ടര്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് പ്രദേശത്തെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളും മൊത്തത്തിലുള്ള സുരക്ഷാ സാഹചര്യങ്ങളും അവലോകനം ചെയ്യും. കഴിഞ്ഞയാഴ്ച മേഖലയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ക്യാപ്റ്റന്‍മാര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ കൊല്ലപ്പെടുകയും മറ്റ് മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഈ ആഴ്ച ആദ്യം കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ പൂഞ്ച് സന്ദര്‍ശിച്ച് സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. രാവിലെ 11 മണിയോടെ രാജ്നാഥ് സിംഗ് ജമ്മുവിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. അവിടെ നിന്ന് അദ്ദേഹം ഹെലികോപ്റ്റര്‍ മാര്‍ഗം രജൗരി-പൂഞ്ച് മേഖലയിലേക്ക് പോകുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
നിലവിലെ സുരക്ഷാ സാഹചര്യത്തെക്കുറിച്ച് പ്രാദേശിക ആര്‍മി കമാന്‍ഡര്‍മാര്‍ സിങ്ങിനെ അറിയിക്കും. പ്രദേശത്തെ സാധാരണക്കാരുമായി സംവദിക്കാനും പ്രദേശത്തെ സാധാരണക്കാരായ മൂന്ന് ചെറുപ്പക്കാരുടെ കുടുംബങ്ങളെയും പ്രതിരോധ മന്ത്രി സമീപിക്കും. മരിച്ച സാധാരണക്കാരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നിയമന കത്ത് സിംഗ് നല്‍കിയേക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു. വടക്കന്‍ ആര്‍മി കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി, വൈറ്റ് നൈറ്റ് കോര്‍പ്സ് കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ സന്ദീപ് ജെയിന്‍, റോമിയോ ഫോഴ്സിന്റെ ജിഒസി എന്നിവരുള്‍പ്പെടെ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന വൈറ്റ് നൈറ്റ് കോര്‍പ്സ് ആസ്ഥാനത്തും രാജ്ഭവനിലും ഒരു ഉന്നതതല യോഗം ആസൂത്രണം ചെയ്തിട്ടുണ്ട്.
സന്ദര്‍ശന വേളയില്‍ ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയും സിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്. പൂഞ്ച് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബഫ്ലിയാസ്, ദേരാ കി ഗലി വനമേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകള്‍ക്കിടയിലാണ് സിങ്ങിന്റെ സന്ദര്‍ശനം. ഈ വര്‍ഷം സിങ്ങിന്റെ രജൗരിയിലേക്കുള്ള രണ്ടാമത്തെ സന്ദര്‍ശനമാണിത്. ഒളിവില്‍ കഴിയുന്ന ഭീകരര്‍ക്കായി സുരക്ഷാസേന തിരച്ചില്‍ തുടരുകയാണ്. തീവ്രവാദ വിരുദ്ധ ഗ്രിഡ് ശക്തിപ്പെടുത്താന്‍ കൂടുതല്‍ സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും വൃത്തങ്ങള്‍ പറഞ്ഞു.
അതിനിടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ അവസാനിപ്പിച്ചില്ലെങ്കില്‍, ഗാസയിലും പലസ്തീനിലും ഉണ്ടായ അവസ്ഥ കശ്മീരിനും നേരിടേണ്ടിവരുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് മേധാവിയും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള പറഞ്ഞു. കഴിഞ്ഞയാഴ്ച പൂഞ്ചില്‍ നാല് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ ഭീകരാക്രമണത്തെ പരാമര്‍ശിച്ചായിരുന്നു അബ്ദുള്ളയുടെ പ്രസ്താവന. ഇപ്പോള്‍ നടക്കുന്ന പ്രശ്‌നത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കണ്ടില്ലെങ്കില്‍, ഇസ്രായേല്‍ ബോംബിട്ട് നശിപ്പിക്കുന്ന ഗാസയ്ക്കും പലസ്തീനിനും ഉണ്ടായ ഗതി തന്നെ നമുക്കും നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, തിങ്കളാഴ്ച ജമ്മു കശ്മീരിലെ രജൗരി, പൂഞ്ച് ജില്ലകള്‍ സന്ദര്‍ശിച്ച കരസേനാ മേധാവി മനോജ് പാണ്ഡെ, ഭീകരരുടെ ഒളിത്താവളങ്ങളായി ഉപയോഗിക്കുന്ന ഗുഹകള്‍ പൊളിച്ചു മാറ്റാന്‍ പ്രാദേശിക സൈനികര്‍ക്ക് നിര്‍ദേശം നല്‍കി. കൂടാതെ പ്രദേശത്തെ സുരക്ഷാ ക്രമീകരണങ്ങളും അദ്ദേഹം അവലോകനം ചെയ്തു. രജൗരി-പൂഞ്ച് മേഖലയിലെ വ്യോമ നിരീക്ഷണവും കോമ്പിംഗ് പ്രവര്‍ത്തനങ്ങളും, പ്രത്യേകിച്ച് ദേരാ കി ഗലി, ബഫ്‌ലിയാസ് വനമേഖലയിലെ നീരീക്ഷണം ചൊവ്വാഴ്ച ഏഴാം ദിവസത്തിലേക്ക് കടന്നു. തുടര്‍ച്ചയായ നാലാം ദിവസവും ഈ മേഖലയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us