/sathyam/media/media_files/CrZNHGZLOFBcjhJH469q.jpg)
പാര്‍ലമെന്റിന് പുറത്തെ പ്രതിഷേധത്തിനിടെ തന്നെ അനുകരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിക്കെതിരെ രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍. എംപിയുടെ നടപടി ലജ്ജാകരമാണ്. ഒരു എംപി പരിഹസിക്കുന്നതും മറ്റൊരു എംപി അതിന്റെ വീഡിയോ പകര്‍ത്തുന്നതും പരിഹാസ്യവും അസ്വീകാര്യവുമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയിലേയും രാജ്യസഭയിലേയും പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്തതിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം. ജഗ്ദീപ് ധന്‍ഖറിനെ അനുകരിക്കുന്ന കല്യാണ്‍ ബാനര്‍ജിയുടെ വീഡിയോ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പകര്‍ത്തുന്നത് കാണാം. ഇതാണ് ധന്‍ഖറിനെ ചൊടിപ്പിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒട്ടേറെ തവണ പാര്‍ലമെന്റ് നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. ഡിസംബര്‍ 13ലെ പാര്‍ലമെന്റ് സുരക്ഷാവീഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഔദ്യോഗിക പ്രസ്താവന നടത്തണമെന്ന ആവശ്യമുന്നയിച്ചാണ് പ്രതിപക്ഷ പ്രതിഷേധം. പാര്‍ലമെന്റിലെ ഇരുസഭകളിലും ഇതിനെ ചൊല്ലി വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതുവരെ 141 എംപിമാരെയാണ് ഇരുസഭകളിലും നിന്നായി പുറത്താക്കിയത്. ഇവരില്‍ ഭൂരിപക്ഷം പേര്‍ക്ക് ശീതകാല സമ്മേളനത്തിന്റെ ബാക്കിയുള്ള ദിനങ്ങളില്‍ സഭയിലെത്താന്‍ കഴിയില്ല.
ഇതിനിടെ ടിഎംസി എംപിയുടെ നടപടിയെ കേന്ദ്ര നിയമ-നീതി മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ അപലപിച്ചു. കല്യാണ്‍ ബാനര്‍ജിയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'സഭയേയും അധ്യക്ഷന്റെ അധികാരത്തെയും അവഗണിച്ച അംഗത്തെ (എംപി) സസ്പെന്‍ഡ് ചെയ്യണം,' അദ്ദേഹം പറഞ്ഞു.
വിവിധ പ്രതിപക്ഷ പാര്‍ട്ടികളിലെ 92 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് പ്രതിപക്ഷ എംപിമാര്‍ ഇന്നലെ മുതല്‍ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് പ്രതിഷേധിച്ചുവരുന്നത്. ഏറ്റവുമൊടുവില്‍ 49 എംപിമാരെ കൂടി സസ്‌പെന്‍ഡ് ചെയ്തു. ഇതോടെയാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ കണക്ക് 141 എന്ന റെക്കോര്‍ഡിലെത്തി. കോണ്‍ഗ്രസിന്റെ ശശി തരൂര്‍, മനീഷ് തിവാരി, കാര്‍ത്തി ചിദംബരം, എന്‍സിപിയുടെ സുപ്രിയ സുലെ, സമാജ്വാദി പാര്‍ട്ടിയുടെ ഡിംപിള്‍ യാദവ്, തൃണമൂല്‍ കോണ്‍ഗ്രസിലെ സുദീപ് ബന്ധോപാധ്യായ എന്നിവരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍.
ഇതിനിടെ എംപിമാരുടെ കൂട്ട സസ്‌പെന്‍ഷനെ കുറിച്ച് ബി.ജെ.പി തങ്ങളുടെ എക്‌സ് പോസ്റ്റിലൂടെ വിശദീകരിച്ചു. 'എന്തുകൊണ്ടാണ് പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതെന്ന് രാജ്യം ആശ്ചര്യപ്പെടുന്നുണ്ടെങ്കില്‍, കാരണം ഇതാണ്... തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി ബഹുമാനപ്പെട്ട ഉപരാഷ്ട്രപതിയെ പരിഹസിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. അവര്‍ സഭയില്‍ എത്രമാത്രം അശ്രദ്ധയും ലംഘനവും നടത്തിയെന്ന് ഒരാള്‍ക്ക് ഊഹിക്കാന്‍ കഴിയും,' മിമിക്രിയുടെ വീഡിയോ സഹിതം ബിജെപി പോസ്റ്റ് ചെയ്തു.
സഭയ്ക്കുള്ളില്‍ പ്ലക്കാര്‍ഡുകള്‍ കൊണ്ടുവരരുതെന്നണ് തീരുമാനം. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ നിരാശ മൂലമാണ് പ്രതിപക്ഷം ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്. അതാണ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണമെന്നും പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ശീതകാല സമ്മേളനത്തിനിടെ ലോക്സഭയിലും രാജ്യസഭയിലും ഉണ്ടായ തടസ്സങ്ങള്‍ക്കും അനിയന്ത്രിതമായ പെരുമാറ്റത്തെയും തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. ക്രമസമാധാനം നിലനിര്‍ത്തുന്നതിനും നിയമനിര്‍മ്മാണ നടപടികളുടെ സുഗമമായ നടത്തിപ്പിനുമാണ് സസ്‌പെന്‍ഷന്‍ നടപടികള്‍ സ്വീകരിച്ചതെന്നും കേന്ദ്രം ന്യായീകരിച്ചു.
പ്രതിപക്ഷ നിയമസഭാംഗങ്ങള്‍ക്കെതിരായ നടപടി രണ്ടാം ദിവസവും തുടരുന്നതിനിടെ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖറിന് കത്തെഴുതി. പാര്‍ലമെന്റ് നടപടികളുടെ താല്‍പര്യം കണക്കിലെടുത്ത് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം. ബിജെപി തങ്ങള്‍ക്കെതിരായി ഉയരുന്ന വിയോജിപ്പുകളെ അടിച്ചമര്‍ത്തുകയും ജനാധിപത്യ വ്യവഹാരത്തെ സ്തംഭിപ്പിക്കുകയും ചെയ്തുവെന്നും പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us