'കരിങ്കൊടി കാണിക്കുന്നതിനെ എതിർത്തിട്ടില്ല, പ്രതിഷേധം ജനാധിപത്യപരം'; എസ്എഫ്ഐയെ പിന്തുണച്ച് സജി ചെറിയാൻ

എസ്എഫ്‌ഐയുടെ പ്രതിഷേധങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടല്ല ചെയ്യുന്നതെന്ന് പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ പ്രതികരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

New Update
saji

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ എസ്എഫ്‌ഐയെ പിന്തുണച്ച് മന്ത്രി സജി ചെറിയാന്‍. ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നും ആര്‍ക്ക് വേണമെങ്കിലും പ്രതിഷേധിക്കാമെന്നും സജി ചെറിയാന്‍ പറഞ്ഞു. കരിങ്കൊടി കാണിക്കുന്നതിനെ എതിര്‍ത്തിട്ടില്ല. അതേസമയം പ്രതിഷേധങ്ങള്‍ അക്രമണ സ്വഭാവത്തിലേക്ക് പോകരുതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Advertisment

യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് ആര്‍എസ്എസുകാരെ നിര്‍ദേശിച്ചത്. ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്ന് കൊടുത്ത ലിസ്റ്റാണ് കൈമാറിയത്. ഗവര്‍ണറെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. ആവശ്യത്തിന് പൊലീസിനെ വിന്യസിച്ച് അത് ചെയ്യും. വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കുന്നതിന് എതിരായ സ്വാഭാവിക പ്രതിഷേധമാണ് എസ്എഫ്‌ഐയുടേത് എന്നും സജി ചെറിയാന്‍ പറഞ്ഞു.

എസ്എഫ്‌ഐയുടെ പ്രതിഷേധങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടല്ല ചെയ്യുന്നതെന്ന് പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ പ്രതികരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ഭരണ തലവനായ ഗവര്‍ണറെ ഭരണകക്ഷിക്കാര്‍ തന്നെ നടുറോഡില്‍ ആക്രമിക്കുന്ന അത്യന്തം ഗുരുതരമായ ക്രമസമാധാന തകര്‍ച്ചയിലേക്ക് സംസ്ഥാനത്തെ മുഖ്യന്ത്രി പിണറായി വിജയന്‍ കൂപ്പുകുത്തിച്ചെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പിയുടെ ആരോപണം. മുഖ്യമന്ത്രിയുടെ അറിവില്ലാതെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറെ തുടര്‍ച്ചയായി കരിങ്കൊടി കാണിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആരോപിച്ചിരുന്നു.

ഡിസംബര്‍ 11നായിരുന്നു ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. 'ആര്‍എസ്എസ് ഗോ ബാക്ക്' മുദ്രാവാക്യം ഉയര്‍ത്തിയെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി കാണിക്കുകയായിരുന്നു. ഉന്നതവിദ്യാഭ്യാസ രംഗം കാവിവത്കരിക്കുന്നു എന്ന് ആരോപിച്ച് ഗവര്‍ണര്‍ക്കെതിരെ രാജ്ഭവന് മുമ്പിലും എസ്എഫ്ഐ പ്രതിഷേധിച്ചിരുന്നു. യാതൊരു മാനദണ്ഡവും പാലിക്കാതെ ആര്‍എസ്എസ് അനുകൂലികളെ നിയമിക്കുകയാണെന്നും കെ സുരേന്ദ്രന്‍ കൊടുക്കുന്ന ലിസ്റ്റാണ് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്യുന്നതെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ ആരോപിച്ചു.

kerala governer saji cheriyan arif muhammed khan
Advertisment