Advertisment

'ഈ സദസ് ആരെ കബളിപ്പിക്കാൻ'; നവകേരള സദസിനെതിരെ സമസ്ത

ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയെ ലേഖനത്തില്‍ പ്രശംസിച്ചിട്ടുമുണ്ട്.

New Update
samastha navakerala sadassu.jpg

 

Advertisment

കോഴിക്കോട്: സര്‍ക്കാരിന്റെ നവകേരള സദസിനെതിരെ സമസ്ത രംഗത്ത്. സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിലാണ് വിമര്‍ശനം. ഈ സദസ് ആരെ കബളിപ്പിക്കാന്‍ എന്ന തലകെട്ടിലാണ് രൂക്ഷവിമര്‍ശനങ്ങളുമായി എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. നവകേരള സദസ് ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കണ്‍കെട്ട് വിദ്യയെന്ന പ്രതിപക്ഷ ആരോപണം ശരിവെച്ചുള്ളതാണ് ലേഖനം. എംഎല്‍എമാര്‍ പങ്കെടുക്കാത്ത സദസ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രചാരണ മാമാങ്കമെന്നും വിമര്‍ശനമുണ്ട്. സംസ്ഥാനം ഞെരുങ്ങുമ്പോഴാണ് ആയിരം കോടി ചെലവിട്ട് സദസ് സംഘടിപ്പിക്കുന്നതെന്നും ലേഖനം പറയുന്നു. ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയെ ലേഖനത്തില്‍ പ്രശംസിച്ചിട്ടുമുണ്ട്.

നവ കേരള സദസ്സിന് ഇന്നാണ് തുടക്കം. കാസര്‍കോട് മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളികെയില്‍ വൈകിട്ട് 3.30 ന് സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നാലു മണ്ഡലങ്ങളില്‍ ഞായറാഴ്ചയാണ് മണ്ഡലം സദസ്സ് നടക്കുന്നത്. പരിപാടിയോടനുബന്ധിച്ച് ജില്ലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നവകേരളസദസിനെതിരെ പ്രതിപക്ഷവും ബിജെപിയുമെല്ലാം രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തുന്നത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന ഈ പരിപാടി ധൂര്‍ത്തും അനാവശ്യവുമാണെന്നാണ് ഇരുകൂട്ടരും ആരോപിക്കുന്നത്. മുഖ്യമന്ത്രിയും കൂട്ടരും തിരഞ്ഞെടുപ്പ് പ്രചാരണമാണ് നടത്തുന്നതെന്നും വിമര്‍ശനമുണ്ട്.

കാസര്‍ഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ മണ്ഡലങ്ങളില്‍ ഞായറാഴ്ചയാണ് പര്യടനം. നവകേരള സദസ്സ് നടക്കുന്ന ദിവസം പ്രത്യേകം ക്ഷണിക്കപ്പെട്ട വ്യക്തികളുമായി രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും. തുടര്‍ന്നാണ് ജനങ്ങള്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ഓരോ മണ്ഡലങ്ങളിലും പരാതികള്‍ സ്വീകരിക്കാന്‍ പ്രത്യേകം സംവിധാനം ഉണ്ട്. സുരക്ഷ കണക്കിലെടുത്ത് സദസ്സ് നടക്കുന്ന മണ്ഡലങ്ങളില്‍ പ്രത്യേകം പോലീസ് സേനയെയും വിന്യസിച്ചു.

കേരളത്തിലെ 140 മണ്ഡലങ്ങളിലും നവ കേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തും. സ്വാതന്ത്ര്യ സമര സേനാനികള്‍, വിവിധ മേഖലകളിലെ പ്രമുഖര്‍, കലാകാരന്‍മാര്‍, സെലിബ്രിറ്റികള്‍, അവാര്‍ഡ് ജേതാക്കള്‍ എന്നിങ്ങനെ നിരവധി ആളുകള്‍ നവ കേരള സദസ്സിന്റെ ഭാഗമാകും.

 

#samastha
Advertisment