വിമതർക്കെതിരെ നടപടിയില്ല; മഹാരാഷ്ട്ര സ്‌പീക്കറെ രൂക്ഷമായി വിമർശിച്ച് സഞ്ജയ് റാവത്ത്

വിമത ശിവസേന എംഎല്‍എമാരുടെ അയോഗ്യത ഹര്‍ജികളില്‍ തീരുമാനമെടുക്കുന്നതിലെ കാലതാമസത്തില്‍ സുപ്രീം കോടതി നര്‍വേക്കറെ വിമര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് റാവത്തിന്റെ പ്രസ്താവന

New Update
sanjay ravath

മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറിനെതിരെ ആഞ്ഞടിച്ച് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്. കൊലപാതകികള്‍ക്ക് അഭയം നല്‍കി കൂടുതല്‍ കുറ്റ കൃത്യങ്ങള്‍ക്ക് അവരെ പ്രേരിപ്പിക്കുന്ന ഒരാളെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നതെന്ന് റാവത്ത് ആരോപിച്ചു.

Advertisment

വിമത ശിവസേന എംഎല്‍എമാരുടെ അയോഗ്യത ഹര്‍ജികളില്‍ തീരുമാനമെടുക്കുന്നതിലെ കാലതാമസത്തില്‍ സുപ്രീം കോടതി നര്‍വേക്കറെ വിമര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് റാവത്തിന്റെ പ്രസ്താവന.

'കൊലപാതകികള്‍ക്ക് അഭയം നല്‍കി കൂടുതല്‍ കുറ്റ കൃത്യങ്ങള്‍ക്ക് അവരെ പ്രേരിപ്പിക്കുന്ന ഒരാളെപ്പോലെയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. അദ്ദേഹത്തിന് നിയമം അറിയില്ലേ?' മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ റാവത്ത് പചോദിച്ചു.

സ്പീക്കര്‍ക്കെതിരായ കര്‍ശന നടപടികളെ പരാമര്‍ശിച്ച റാവത്ത്, മുന്‍പൊരിക്കലും സുപ്രീം കോടതി  ഇത്തരമൊരു നിലപാട് സ്വീകരിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. സ്പീക്കറും, മുഖ്യമന്ത്രിയും (ഏകനാഥ് ഷിന്‍ഡെ) അദ്ദേഹത്തിന്റെ സര്‍ക്കാരും മഹാരാഷ്ട്രയുടെ പ്രതിച്ഛായ മോശമാക്കിയെന്ന് അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രി ഷിന്‍ഡെയ്ക്കും അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന ശിവസേന എംഎല്‍എമാര്‍ക്കും എതിരായ അയോഗ്യത ഹര്‍ജികളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിലെ കാലതാമസം സുപ്രീം കോടതിയുടെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. നടപടിക്രമങ്ങള്‍ വൈകിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹത്തിന് കോടതി ഉത്തരവുകള്‍ മറികടക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ചൊവ്വാഴ്ചയ്ക്കുള്ളില്‍ അയോഗ്യത ഹര്‍ജികളില്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള സമയപരിധിയെക്കുറിച്ച് അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

maharastra
Advertisment