/sathyam/media/media_files/qL6AGYyqKaA0PGcQNKWI.jpg)
താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിട്ടല്ല മത്സരിച്ചതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. 'ഞാന്‍ മുമ്പോ ഇപ്പോഴോ മുഖ്യമന്ത്രി മത്സരാര്‍ത്ഥിയല്ല. ഞാന്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ മാത്രമാണ്, പാര്‍ട്ടി എന്ത് പദവിയോ ചുമതലയോ നല്‍കിയാലും അത് നിറവേറ്റും.'- ചൗഹാന്‍ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. അതേസമയം ഞായറാഴ്ചയാണ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. 230 അംഗ നിയമസഭയില്‍ 163 സീറ്റുകള്‍ നേടി ഭാരതീയ ജനതാ പാര്‍ട്ടി മധ്യപ്രദേശില്‍ അധികാരം നിലനിര്‍ത്തി.
കോണ്‍ഗ്രസ് വെറും 66 സീറ്റുകളോടെ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 2018 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 114 ല്‍ നിന്ന് താഴെ സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിക്രം മസ്തല്‍ ശര്‍മ്മയെ പരാജയപ്പെടുത്തി 1,04,974 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് മുഖ്യമന്ത്രി ചൗഹാന്‍ വിജയിച്ചത്. തന്റെ സിറ്റിംഗ് മണ്ഡലമായ ബുധ്‌നി സീറ്റില്‍ ആറാം തവണയും വന്‍ വിജയമാണ് ചൗഹാന്‍ നേടിയത്.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തോടൊപ്പം നിരവധി പേരുകളും ഉയര്‍ന്ന് വരുന്നുണ്ട്. ശിവരാജ് സിംഗ് ചൗഹാന്‍, കൈലാഷ് വിജയവര്‍ഗിയ, നരേന്ദ്ര സിംഗ് തോമര്‍... എംപിയിലെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തില്‍ ഈ പേരുകളൊക്കെ ഉള്‍പ്പെടുന്നുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. പ്രധാനമന്ത്രി മോദിയെ ഉയര്‍ത്തിക്കാട്ടിയായിരുന്നു പാര്‍ട്ടി മത്സരിച്ചത്.
കഴിഞ്ഞ നാല് തവണ മുഖ്യമന്ത്രിയായ ശിവരാജ് സിംഗിനൊപ്പമായിരുന്നു മധ്യപ്രദേശിലെ അധികാരത്തിന്റെ കടിഞ്ഞാണ്‍. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മധ്യപ്രദേശില്‍ ശിവരാജ് അല്ലാതെ ഏത് നേതാവിനെയും മുഖ്യമന്ത്രിയാക്കാന്‍ ബിജെപിക്ക് കഴിയുമെന്നാണ് കരുതുന്നത്. സംസ്ഥാനത്ത് ബിജെപി വിജയിച്ച രീതി കണക്കിലെടുക്കുമ്പോള്‍, മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പരിഗണനാ പട്ടികയില്‍ മുന്നില്‍ തന്നെയാണ് ശിവരാജ് സിംഗ് ചൗഹാന്‍.
ഈ തിരഞ്ഞെടുപ്പില്‍ മൂന്ന് കേന്ദ്രമന്ത്രിമാരുള്‍പ്പെടെ ഏഴ് എംപിമാരെയാണ് ബിജെപി മത്സരിപ്പിച്ചത്. ഇവര്‍ക്ക് പുറമെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയും മത്സരിച്ചിരുന്നു. കൈലാഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ മധ്യപ്രദേശിലെ മുഖ്യമന്ത്രി മാറാന്‍ സാധ്യതയുണ്ടെന്ന് അന്നുമുതല്‍ ചര്‍ച്ചയും സജീവമാണ്. ശിവരാജിന് പുറമെ നരേന്ദ്ര സിംഗ് തോമര്‍, പ്രഹ്ലാദ് സിംഗ് പട്ടേല്‍, കൈലാഷ് വിജയവര്‍ഗിയ, നരോത്തം മിശ്ര തുടങ്ങിയവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ളത്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിരുന്നുവെങ്കിലും ഒരിടത്തും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ബിജെപി ഉയര്‍ത്തികാട്ടിയിരുന്നില്ല. ഇപ്പോള്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കാനുള്ള തിരക്കിലാണ് ബിജെപി. ഇതിനായി വിജയിച്ച മൂന്ന് സംസ്ഥാനങ്ങളിലേക്കും നിരീക്ഷകരെ അയക്കും. കേന്ദ്രം അയക്കുന്ന ഈ നിരീക്ഷകര്‍ സംസ്ഥാനങ്ങളില്‍ പോയി നിയമസഭാ കക്ഷി യോഗങ്ങളില്‍ പങ്കെടുക്കുകയും, നിയമസഭാ കക്ഷി നേതാവിനെ ഏകകണ്ഠമായി തിരഞ്ഞെടുക്കുന്നതിനൊപ്പം മുഖ്യമന്ത്രിയുടെ പേര് അന്തിമമാക്കുകയും ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us