അഭ്യൂഹം അവസാനിപ്പിച്ച് ബിജെപി; ശിവരാജ് സിംഗ് ചൗഹാന്‍ മത്സരിക്കും, പോരാട്ടം ശക്തികേന്ദ്രത്തില്‍ നിന്ന്

മധ്യപ്രദേശില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ തിങ്കളാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫ് ഇന്ത്യ (ഇസിഐ) പ്രഖ്യാപിച്ചത്.

New Update
shivraj singh chouhan

മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ മത്സരിച്ചേക്കില്ലെന്ന അഭ്യൂഹം അവസാനിപ്പിച്ച് ബിജെപിയുടെ നാലാമത്തെ സ്ഥാനാര്‍ഥി പട്ടിക പുറത്ത്. 57 സ്ഥാനാര്‍ത്ഥികളുള്ള പട്ടിക പ്രകാരം ശിവരാജ് സിംഗ് ചൗഹാന്‍ തന്റെ ശക്തികേന്ദ്രമെന്ന് അറിയപ്പെടുന്ന ബുധ്‌നിയില്‍ നിന്ന് മത്സരിക്കും. തിരഞ്ഞെടുപ്പില്‍ നിന്ന് ചൗഹാനെ ഒഴിവാക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികളാണ് ഊഹാപോഹങ്ങള്‍ക്ക് തുടക്കമിട്ടത്. 

Advertisment

സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര 2018 ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച മണ്ഡലമായ ദാതിയയില്‍ നിന്ന് മത്സരിക്കാനൊരുങ്ങുകയാണ്. പ്രധുമന്‍ തോമര്‍, ഗോവിന്ദ് രാജ്പുത്, പ്രഭുറാം ചൗധരി, ഹര്‍ദീപ് സിംഗ് ഡാങ്, ബിസാഹുലാല്‍ സിംഗ് എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് ബിജെപി നേതാക്കള്‍. ഇതിനുപുറമെ, വിശ്വാസ് സാരംഗ്, രാമേശ്വര്‍ ശര്‍മ്മ, കൃഷ്ണ ഗൗര്‍, വിഷ്ണു ഖത്രി തുടങ്ങിയ സിറ്റിങ് എംഎല്‍എമാരും പട്ടികയില്‍ ഉള്‍പ്പെടുന്നു. പുതിയ പട്ടിക പുറത്തുവന്നതോടെ 230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്കുള്ള 136 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചു.

മധ്യപ്രദേശില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ തിങ്കളാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫ് ഇന്ത്യ (ഇസിഐ) പ്രഖ്യാപിച്ചത്. നവംബര്‍ 17 ന് ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കും ഡിസംബര്‍ 3 ന് ഫലം പ്രഖ്യാപിക്കും. 

'ബിജെപിക്ക് മധ്യപ്രദേശിലെ ജനങ്ങളില്‍ നിന്ന് തുടര്‍ച്ചയായി സ്നേഹം ലഭിക്കുന്നു. വീണ്ടും വികസനത്തിന്റെ വേഗത നിലനിര്‍ത്തേണ്ടതുണ്ട്.', തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് പിന്നാലെ ചൗഹാന്‍ പറഞ്ഞു. താമരയുടെ സഹായത്തോടെ മാത്രമേ മധ്യപ്രദേശിനെ വികസനത്തിന്റെ പാതയില്‍ കൊണ്ടുപോകാന്‍ കഴിയൂ എന്ന് സംസ്ഥാനത്തെ വോട്ടര്‍മാര്‍ക്ക് അറിയാം, അതിനാല്‍ ഇത്തവണത്തെ ദീപാവലി താമരയുടെതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തില്‍ ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 114 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് തിരിച്ചുവരവ് നടത്തിയതൊഴിച്ചാല്‍, കഴിഞ്ഞ 15 വര്‍ഷമായി സംസ്ഥാനത്ത് ബിജെപിയാണ് അധികാരത്തിലുള്ളത്. 2020 മാര്‍ച്ചില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തകര്‍ന്നതിനെത്തുടര്‍ന്ന് ബിജെപി വീണ്ടും അധികാരത്തില്‍ വരികയായിരുന്നു.

അതേസമയം രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്തിറക്കി. ഏഴ് എംപിമാരുള്‍പ്പെടെ 41 സ്ഥാനാര്‍ത്ഥികളാണ് പട്ടികയിലുള്ളത്. എന്നാല്‍, മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ വിശ്വസ്തര്‍ക്ക് പട്ടികയില്‍ ഇടം ലഭിച്ചില്ല. എംഎല്‍എയായ നര്‍പത് സിംഗ് രാജ്വീയും, രാജ്പാല്‍ സിംഗ് ഷെഖാവത്തും ഉള്‍പ്പടെ മുന്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തരായ ചിലരാണ് പട്ടികയില്‍ നിന്ന് പുറത്തായത്.

ജോത്വാരയില്‍ നിന്ന് രാജ്യവര്‍ധന്‍ റാത്തോഡ്, വിദ്യാധര്‍ നഗറില്‍ നിന്ന് ദിയ കുമാര്‍, തിജാരയില്‍ നിന്ന് ബാബ ബാലക്നാഥ്, മണ്ഡാവയില്‍ നിന്ന് നരേന്ദ്ര കുമാര്‍, കിഷന്‍ഗഡില്‍ നിന്ന് ഭാഗീരഥ് ചൗധരി, സവായ് മധോപൂരില്‍ നിന്ന് കിരോഡി ലാല്‍ മീണ, സഞ്ചോറില്‍ നിന്ന് ദേവ്ജി പട്ടേല്‍ എന്നിവരാണ് ടിക്കറ്റ് ലഭിച്ച ഏഴ് എംപിമാര്‍.

bjp shivraj singh chouhan
Advertisment