കര്‍ണാടകയില്‍ താമസിക്കുന്നവരെല്ലാം കന്നഡ സംസാരിക്കാന്‍ പഠിക്കണം: സിദ്ധരാമയ്യ

നേരത്തെ ഭാഷാ വിവാദത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും നിലപാട് വ്യക്തമാക്കിയിരുന്നു. ഭാഷ എന്നത് ഒരു വംശത്തിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണെന്നും അത് നശിപ്പിച്ചാല്‍ വംശം തന്നെ ഇല്ലാതാകുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

New Update
sidharamayya neww

കര്‍ണാടകയില്‍ താമസിക്കുന്ന എല്ലാവരും കന്നഡ സംസാരിക്കാന്‍ പഠിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്ത് കന്നഡ ഒഴിച്ചുകൂടാനാവാത്ത അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. നമ്മള്‍ മറ്റ് ഭാഷകളെ സ്നേഹിക്കണം. പക്ഷേ സ്വന്തം ഭാഷ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. മൈസൂരു സംസ്ഥാനം കര്‍ണാടക എന്ന് പുനര്‍നാമകരണം ചെയ്തതിന്റെ 50-ാം വര്‍ഷത്തോടനുബന്ധിച്ച് കന്നഡ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച പരിപാടിയിലാണ് സിദ്ധരാമയ്യയുടെ പ്രസ്താവന. 

Advertisment

കര്‍ണാടകയില്‍ താമസിക്കുന്ന കന്നട സംസാരിക്കാത്തവരെ ഭാഷ പഠിക്കാന്‍ സഹായിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 'നമ്മളെല്ലാം കന്നഡക്കാരാണ്. കര്‍ണാടകയുടെ ഏകീകരണത്തിനുശേഷം വിവിധ ഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍ ഇവിടെ സ്ഥിരതാമസമാക്കിയിട്ടുണ്ട്. കന്നഡക്കാര്‍ നമ്മുടെ ഭാഷ മറ്റുള്ളവരെ പഠിപ്പിക്കുന്നതിനു പകരം അവരുടെ ഭാഷയാണ് നമ്മള്‍ ആദ്യം പഠിക്കുന്നത്.

 സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ കന്നഡ സംസാരിക്കാറില്ല. ഇത് സംഭവിക്കുന്നത് കന്നഡക്കാരുടെ ഔദാര്യം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി കന്നഡ ഔദ്യോഗിക ഭാഷയായിരുന്നെങ്കിലും ഭരണത്തില്‍ കന്നഡ നടപ്പാക്കാത്തതിന് പിന്നിലെ പ്രധാന കാരണം അശ്രദ്ധയാകാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഭാഷാ വിവാദത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും നിലപാട് വ്യക്തമാക്കിയിരുന്നു. ഭാഷ എന്നത് ഒരു വംശത്തിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണെന്നും അത് നശിപ്പിച്ചാല്‍ വംശം തന്നെ ഇല്ലാതാകുമെന്നും സ്റ്റാലിന്‍ പറഞ്ഞു. തമിഴ് ഭാഷയോടുളള അവഗണനയെ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ് ഭാഷ അവഗണിക്കപ്പെട്ടുവെന്നും തമിഴ് പാട്ടുകള്‍ പാടുന്നത് വിലക്കപ്പെടേണ്ടതാണെന്നാണ് ചിലര്‍ കണക്കാക്കുന്നതെന്നും ഡിഎംകെ നേതാവ് വ്യക്തമാക്കി.

'നൂറ്റാണ്ടുകളായി തമിഴ്നാട് നിരവധി സാംസ്‌കാരിക അധിനിവേശങ്ങളെ നേരിട്ടു. വിദേശ അധിനിവേശം കാരണം തമിഴ് ജനത ഒരുപാട് കഷ്ടപ്പെടുകയും അവരുടെ നിരവധി അവകാശങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തു. വിദേശ ഭാഷ സംസാരിക്കുന്നവരുടെ നിര്‍ദേശം കാരണം തമിഴ് അവഗണിക്കപ്പെട്ടു. തമിഴരെ ഉയര്‍ന്ന വര്‍ഗം അവഗണിച്ചു. ' സ്റ്റാലിന്‍ പറഞ്ഞു. പ്രശസ്ത തമിഴ് ഇസൈ സംഘത്തിന്റെ 80-ാമത് വാര്‍ഷിക തമിഴ് സംഗീതോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1943 ല്‍ രാജാ സര്‍ അണ്ണാമലൈ ചെട്ടിയാരാണ് സംഘം സ്ഥാപിച്ചത്.  

തമിഴ്‌നാട്ടില്‍ തമിഴിന് മുകളില്‍ മറ്റ് ഭാഷകളുടെ ആധിപത്യം എതിര്‍ക്കുന്നത് മറ്റൊരു ഭാഷയോട് വെറുപ്പാണ് എന്നല്ല സൂചിപ്പിക്കുന്നത്. ഭാഷ എന്നത് ഒരു വംശത്തിന്റെ രക്തത്തില്‍ അലിഞ്ഞതാണെന്നും അത് നശിപ്പിക്കപ്പെടുകയാണെങ്കില്‍ ആ വംശവും നശിക്കും എന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്ന് ഡിഎംകെ വീണ്ടും ആരോപിച്ചു. ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരായ തന്റെ എതിര്‍പ്പും അദ്ദേഹം ആവര്‍ത്തിച്ചു. ഒരാള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് എത്ര ഭാഷകള്‍ വേണമെങ്കിലും പഠിക്കാം,  എന്നാല്‍ ഒരു ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ സംസ്ഥാനം അത് അംഗീകരിക്കില്ലെന്നും അതാണ് ഞങ്ങളുടെ ഭാഷാ നയമെന്നും സ്റ്റാലിന്‍ പറഞ്ഞു.

KARNATAKA latest news sidharamaiyya
Advertisment