കോഴിക്കോട്: സുരേഷ് ഗോപി വിഷയത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം ശോഭ സുരേന്ദ്രന്‍. മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സുരേഷ് ഗോപി ബുധനാഴ്ച നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ശോഭ സുരേന്ദ്രന്റെ പ്രതികരണം. കോഴിക്കോട്ടെ പൊലീസ് ചെയ്യുന്നതിനെല്ലാം കണക്കുപുസ്തകമുണ്ടെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
'സുരേഷ് ഗോപിയെ മൂക്കില്‍ കയറ്റാനും വലിയ താമ്ര പത്രം ഒരുക്കി കൊടുക്കാനും കോഴിക്കോട് പൊലീസ് അധികാരികള്‍ മുന്നോട്ടു വരുകയാണ്. ഒരേ നീതി പുലര്‍ത്താന്‍ പൊലീസ് തയ്യാറാകണം. ഇല്ലെങ്കില്‍ പൊതുജനങ്ങള്‍ നിയമത്തെ വെല്ലുവിളിക്കും. ഒരു ബുക്കില്‍ കോഴിക്കോട്ടെ കണക്കുകളെല്ലാം എഴുതിവയ്ക്കുന്നുണ്ട്. മുഖ്യമന്ത്രിക്ക് വേണ്ടി സുരേഷ് ഗോപിക്ക് എതിരായി പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ക്ക് പ്രമോഷന്‍ കിട്ടുമായിരിക്കും പക്ഷേ ജനങ്ങള്‍ നേരിടും', ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ബിജെപി നേതാവ് സുരേഷ് ഗോപി നടക്കാവ് പൊലീസിന് മുന്‍പാകെ 15ന് ഹാജരാകും. 18നുള്ളില്‍ ഹാജരാകണമെന്ന് കാണിച്ച് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്നതിനൊപ്പം മോശം ഉദ്ദേശത്തോടെ പെരുമാറിയ സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തക സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. സുരേഷ് ഗോപിക്കെതിരെ 354 എ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഒക്ടോബര്‍ 27ന് കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയ വണ്‍ കോഴിക്കോട് ബ്യൂറോയിലെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റിനോട് അപമര്യാദയായി പെരുമാറിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി അനുവാദമില്ലാതെ കൈ വെക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തക അപ്പോള്‍ തന്നെ കൈ തട്ടിമാറ്റി. മാധ്യമപ്രവര്‍ത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും തോളില്‍ കൈ വയ്ക്കാന്‍ ശ്രമിച്ചു. ഈ സമയത്ത് മാധ്യമപ്രവര്‍ത്തക വീണ്ടും കൈ തട്ടി മാറ്റി.
എന്നാല്‍ മാധ്യമപ്രവര്‍ത്തകയോട് മാപ്പ് പറഞ്ഞ് സുരേഷ് ഗോപി പിന്നീട് രംഗത്തെത്തിയിരുന്നു. ആ കുട്ടിക്ക് റോങ് ടെച്ചായി തോന്നിയെങ്കില്‍ സമൂഹത്തിന് മുന്നില്‍ മാപ്പ് പറയുന്നുവെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍. എന്നാല്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരെ ഒന്നാകെ പരിഹസിച്ച് സുരേഷ് ഗോപി രംഗത്തെത്തി. പ്രതികരണം തേടാന്‍ നിന്ന മാധ്യമ പ്രവര്‍ത്തകരോട് 'നോ ബോഡി ടച്ചിങ്ങ് പ്ലീസ്' എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. അകലം പാലിച്ചു നില്‍ക്കണം എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.