/sathyam/media/media_files/e0R4kc0lVuRuzYbuORtL.jpg)
തിരുവനന്തപുരം: സോളാര്‍ കേസില്‍ സിബിഐയുടെ വെളിപ്പെടുത്തലില്‍ കേരള രാഷ്ട്രീയം കലങ്ങി മറിയുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മരണപ്പെട്ട് ഒരു മാസം തികയുമ്പോഴാണ് സോളാര്‍ കേസില്‍ ഗൂഡാലോചന നടന്നെന്ന സോളാര്‍ കേസില്‍ കെബി ഗണേഷ്‌കുമാറും ശരണ്യാ മനോജും ഗൂഡാലോചന നടത്തിയെന്ന് സിബി ഐ പുറത്ത് വിട്ടത്.
ഇപ്പോഴിതാ സംഭവവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി സോളാർ ലൈംഗിക അതിക്രമ കേസിലെ പരാതിക്കാരി രംഗത്ത് വന്നിരിക്കുകയാണ്. തനിക്ക് നീതി ലഭിച്ചില്ലെന്നും സൈബർ ഇടങ്ങളിൽ ഇപ്പോഴും വേട്ടയാടപ്പെടുകയാണെന്നും പരാതിക്കാരി പറഞ്ഞു.
ഗണേഷ് കുമാറിന്റെ പിതാവ് ബാലകൃഷ്ണപിള്ള ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കൾ മൊഴിമാറ്റാൻ സമ്മർദ്ദം ചെലുത്തി എന്നും പരാതിക്കാരി ആരോപിച്ചു. ഗണേഷ് കുമാർ ആറ് മാസം തന്നെ തടവിൽ പാർപ്പിച്ചതായി പരാതിക്കാരി ആരോപിച്ചു. താൻ അവസരവാദിയല്ലെന്നും പിന്നാമ്പുറ കഥകൾ പുറത്ത് പറഞ്ഞാൽ അവർ തന്നെയാണ് മോശമാകുകയെന്നും പരാതിക്കാരി പ്രതികരിച്ചു.
പരാതിക്കാരിയുടെ വാക്കുകൾ:
'പ്രതികരിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ല. കെട്ടുകഥയാണോയെന്നതിന് കോണ്‍ഗ്രസ് നേതാക്കളാണ് ഇത്തരം പറയയേണ്ടത്. സോളാര്‍ കേസില്‍ രാഷ്ട്രീയം കലര്‍ത്തിയത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ്. അവരുടെ ഗ്രൂപ്പ് സമവായങ്ങളുടെ ഭാഗമായിട്ടും അധികാര കൈമാറ്റത്തിന്റെ വടംവലിക്കകത്തും എന്നെ പിടിച്ചിട്ടുപോയതുകൊണ്ടാണ് രാഷ്ട്രീയം കലര്‍ന്നത്.
ഞാൻ ഒരിക്കലും ആരുടേയും സമ്മർദ്ദം മൂലമല്ല പരാതികൾ ഉന്നയിച്ചത്. പലപ്പോഴും എന്റെ കുടുംബത്തിന് മേലുണ്ടായ സമ്മർദ്ദം മൂലമാണ് ആ പരാതികൾ ഒതുക്കി വെച്ചത്. ആ സമ്മർദ്ദം എനിക്കുണ്ടാക്കിയത് യുഡിഎഫുകാരാണ്. ബെന്നി ബെഹനാൻ, തമ്പാനൂർ രവി മുതലായവരുടെ ശബ്ദ രേഖകൾ 2016-ൽ പുറത്തുവന്നതാണ്.
പഴയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഉമ്മൻ ചാണ്ടി എന്ന നമ്മുടെ മുൻമുഖ്യമന്ത്രിയെ വേട്ടയാടിയത് കോൺഗ്രസുകാർ തന്നെയാണ് എന്ന് മനസിലാകും. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഇത് പുറത്തുകൊണ്ടുവരുകയും, അതിലൂടെ ആഭ്യന്തരം ഉൾപ്പടെയുള്ള സ്ഥാനമാനങ്ങൾ കിട്ടി കഴിഞ്ഞപ്പോൾ അവർ അത് ഒതുക്കാൻ ശ്രമിക്കുകയും ചെയ്തു. അതിന് വേണ്ടി ജയിലിൽ ഉണ്ടായിരുന്ന എനിക്ക് മേൽ സമ്മർദ്ദം ചെലുത്തുകയും കുടുംബത്തെ ഉപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്യുകയുമുണ്ടായി. അന്ന് യുഡിഎഫിന്റെ ഭാഗമായിരുന്ന ബാലകൃഷ്ണപിള്ള ഉൾപ്പടെയുള്ളവർ സമ്മർദ്ദം ചെലുത്തി.
ഞാൻ ഒരിക്കലും അവസരവാദിയല്ല. ഗണേഷ് കുമാറിനെ പോലെ അവസരത്തിന് അനുസരിച്ച് മാറി കളിക്കാനറിയില്ല. ഞാൻ ഒരു അഭിനേതാവല്ല. അങ്ങനെ അഭിനയിക്കുന്നവർക്ക് ഇതെല്ലാം ചെയ്യാൻ സാധിക്കുമായിരിക്കും. ഞാൻ അഭിനയിക്കാൻ താൽപര്യപ്പെടുന്നില്ല. 2014 ഫെബ്രുവരി 21-ന് ശേഷം എന്നെ ജയിലില്‍ നിന്ന് നേരിട്ട് അദ്ദേഹത്തിന്റെ കൊട്ടാരക്കരയിലെ ബന്ധുവീട്ടിലേക്ക് കൊണ്ടുപോവുകയും, അവിടെ ആറ് മാസത്തോളം എന്നെ തടവിൽ വെക്കുകയും ചെയ്തത് എന്തിനെന്ന് ഗണേഷ് കുമാർ പറയട്ടെ. അതിന്റെ പിന്നാമ്പുറ കഥകൾ വെളിയിൽ വന്നാൽ അവർക്ക് തന്നെയായിരിക്കും ചീത്തപ്പേരുണ്ടാകുന്നത്. ഒരാളുടെ മരണത്തെ മുതലെടുത്ത്, അത് വിറ്റ് കാശാക്കാൻ ഞാൻ രാഷ്ട്രീയക്കാരിയല്ല.
എനിക്ക് ഇപ്പോഴും നീതി ലഭിച്ചിട്ടില്ല. ഞാനാണ് ഇപ്പോഴും വേട്ടയാടപ്പെടുന്നത്. 2015 മുതൽ തുടങ്ങിയ സൈബർ അറ്റാക്ക് ഇപ്പോഴും അവസാനിച്ചിട്ടില്ല. ഞാൻ ഒരു സാധാരണ സ്ത്രീയാണ്. സോളാർ കേസിൽ നിരന്തരം വിചാരണ നേരിടുന്ന ഒരു പ്രതിയെന്ന് വേണമെങ്കിൽ പറയാം. ആ പേരിലാണ് ഞാൻ മുന്നോട്ട് പോകുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us