കര്‍ണ്ണാടകത്തില്‍ പാര്‍ട്ടിയെ അധികാരത്തിലേറ്റിയ ബുദ്ധി കേന്ദ്രം, കേരളത്തിലെ കോണ്‍ഗ്രസിന്റെ സാധ്യതകളെ വിലയിരുത്താന്‍ സുനില്‍ കനുഗോലു; സര്‍വ്വേ നടത്തുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി

സുനില്‍ കനഗോലുവിന്റെ കമ്പനിയായ ‘മൈന്‍ഡ്‌ഷെയര്‍ അനലിറ്റിക്‌സ്’ കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും സര്‍വ്വേ ആരംഭിച്ചു കഴിഞ്ഞു.

New Update
sunil kanigolu congress

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ സാധ്യതകളെ വിലയിരുത്താന്‍ പ്രമുഖ തിരഞ്ഞെടുപ്പ് വിശകല വിദഗ്ധന്‍ സുനില്‍ കനുഗോലുവിനെ കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വം ചുമതലപ്പെടുത്തി. കര്‍ണ്ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചയാളാണ് സുനില്‍ കനഗോലു. തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ ഉപദേശകനായി കാബിനറ്റ് റാങ്കില്‍ അദ്ദേഹത്തെ നിയമിക്കുകയും ചെയ്തു.

Advertisment

സുനില്‍ കനഗോലുവിന്റെ കമ്പനിയായ ‘മൈന്‍ഡ്‌ഷെയര്‍ അനലിറ്റിക്‌സ്’ കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും സര്‍വ്വേ ആരംഭിച്ചു കഴിഞ്ഞു. ഈ മണ്ഡലങ്ങളിലെ കോണ്‍ഗ്രസിന്റെ വിജയ സാധ്യതകളാണ് ഇദ്ദേഹത്തിന്റെ ടീം വിശകലനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കേരളത്തിലെ ഉന്നത ാണ്‍ഗ്രസ് നേതാക്കളുടെയും എം പിമാരുടെയും എം എല്‍ എമാരുടെയും യോഗം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ വിളിച്ചു ചേര്‍ത്തിരുന്നു. 

ഈ യോഗത്തില്‍ സുനില്‍കനിഗോലു പങ്കെടുത്തിരുന്നു. ഐ ഐ സി സിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് സുനില്‍ കനഗോലുവിനെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരിചയപ്പെടുത്തിയത്. കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത് കേട്ടതല്ലാതെ സുനില്‍ കനുഗോലു ഈ യോഗത്തില്‍ ഒന്നും സംസാരിച്ചില്ല.

സുനില്‍ കനിഗോലുവിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് കേരളത്തിലെ പ്രമുഖ നേതാക്കളെല്ലാം ഇപ്പോഴും അജ്ഞരാണ്. പല നേതാക്കള്‍ക്കും ഇവര്‍ എന്താണ് ചെയ്യുന്നതെന്നറിയില്ല. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെടാതെ സ്വതന്ത്രമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

പ്രശസ്ത തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍ പ്രശാന്ത് കിഷോറിന്റെ ശിഷ്യനാണ് സുനില്‍ കനിഗോലു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവടങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചയാളാണ് സുനില്‍ കനിഗോലു. പിന്നീട് കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിലാണ് അദ്ദേഹം കോണ്‍ഗ്രസിന് വേണ്ടി രംഗത്തിറങ്ങിയത്.

കേരളത്തിലെ സാമൂഹിക സാമുദായിക ഘടകങ്ങള്‍ എങ്ങിനെ കോണ്‍ഗ്രസിന് അനുകൂലമാക്കാമെന്നും അതുവഴി എത്തരത്തില്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാമെന്നുമാണ് സുനില്‍ കനിഗോലുവും സംഘവും പ്രധാനമായും വിശകലനം നടത്തുക.

sunil kanigolu
Advertisment