/sathyam/media/media_files/OIHaBNdhajSVFUo4UPnN.jpg)
ന്യൂഡല്‍ഹി: സംസ്ഥാന നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിക്കുന്ന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ കേരളം നല്‍കിയ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ആദ്യ ഹര്‍ജിക്കൊപ്പം പൊതുതാല്‍പര്യ ഹര്‍ജിയിലെ അപ്പീലും പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു. ബില്ലുകള്‍ ഒപ്പിടാന്‍ ഗവര്‍ണ്ണറോട് സമയപരിധി നിര്‍ദ്ദേശിക്കാനാവില്ലെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെയാണ് കേരളം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഭരണഘടനയിലെ അനുച്ഛേദം 200 നിര്‍വ്വചിക്കുന്ന 'എത്രയും വേഗം' എന്ന പ്രയോഗത്തിന് സമയ പരിധി നിശ്ചയിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. കേരളത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെകെ വേണുഗോപാല്‍ ഹാജരായി.
ഹര്‍ജി കോടതി പരിഗണിക്കാന്‍ ഇരിക്കെ ഗവര്‍ണ്ണര്‍ ഒരു ബില്ലില്‍ ഒപ്പിടുകയും ബാക്കി ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ബില്ലുകളില്‍ തീരുമാനം എടുത്തുവെന്ന് ഗവര്‍ണ്ണറുടെ ഓഫീസ് സുപ്രീം കോടതിയെ അറിയിക്കും. ഗവര്‍ണറുടെ ഓഫീസിന് വേണ്ടി കേന്ദ്ര സര്‍ക്കാരിന്റെ മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ വെങ്കിട്ടരമണി ഹാജരാകും. മുതിര്‍ന്ന അഭിഭാഷകന്‍ കെകെ വേണുഗോപാല്‍ കേരളത്തിന് വേണ്ടി വാദം അറിയിക്കും. പഞ്ചാബ് കേസിലെ വിധി വായിക്കണം എന്നായിരുന്നു കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം.
നിയമസഭ പാസാക്കിയിട്ടും അംഗീകാരം നല്‍കാതെ പിടിച്ചുവെച്ച ബില്ലുകളില്‍ പൊതുജനാരോഗ്യ ബില്ലിനാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. ലോകായുക്ത ഭേദഗതി ബില്ലും സര്‍വകലാശാല ബില്ലുകളും ഉള്‍പ്പെടെ സുപ്രധാനമായ ഏഴ് ബില്ലുകള്‍ ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടു. ലോകായുക്ത ഭേദഗതി ബില്‍, സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്‍, വൈസ് ചാന്‍സലര്‍ തിരഞ്ഞെടുപ്പില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കുന്ന ബില്ലും ഇതില്‍ ഉള്‍പ്പെടുന്നു. മില്‍മയുടെ ഭരണം പിടിക്കാനായി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലും ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ടിട്ടുണ്ട്. രാജ്ഭവന്റെ പരിഗണനയിരുന്ന ഏറ്റവും പഴക്കം ചെന്ന ബില്ലാണിത്.
ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ ഗവര്‍ണര്‍ വീഴ്ച വരുത്തിയെന്നും ബില്ലുകള്‍ ഒപ്പിടാന്‍ നിര്‍ദേശിക്കണമെന്നും ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ഗവര്‍ണര്‍ ആരിഫ് മു?ഹമ്മദ് ഖാനെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചുള്ള റിട്ട് ഹര്‍ജിയാണ് കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.
നവംബര്‍ ആദ്യമാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. ഒരാഴ്ചയ്ക്ക് ശേഷം പ്രത്യേക അനുമതി ഹര്‍ജിയും കേരളം ഫയല്‍ ചെയ്തിരുന്നു. ഗവര്‍ണറെ കക്ഷിചേര്‍ക്കണമെന്നായിരുന്നു പ്രത്യേക അനുമതി ഹര്‍ജിയിലെ ആവശ്യം.ചീഫ് സെക്രട്ടറിയും, സംസ്ഥാന നിയമ സെക്രട്ടറിയുമാണ് പ്രത്യേക അനുമതി ഹര്‍ജി ഫയല്‍ ചെയ്തത്.
സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനം വൈകിപ്പിക്കുകയാണെന്നും ഇതിലൂടെ ജനങ്ങളുടെ അവകാശം നിഷേധിക്കുകയാണെന്നും ആരോപിച്ചായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേരള നിയമസഭ പാസാക്കിയ എട്ടു ബില്ലുകളില്‍ തീരുമാനം എടുക്കാത്ത ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ടി പി രാമകൃഷ്ണന്‍ എംഎല്‍എയും ചീഫ് സെക്രട്ടറിയും ചേര്‍ന്നാണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തതിരിക്കുന്നത്. ഗവര്‍ണര്‍, രാജ്ഭവന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി, കേന്ദ്രസര്‍ക്കാര്‍ എന്നിവരാണ് എതിര്‍കക്ഷികള്‍.
ഗവര്‍ണറുടെ അധികാരത്തില്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം ഇടപെടല്‍ നടത്തിയിരുന്നു. ഗവര്‍ണര്‍ക്ക് ബില്‍ തടഞ്ഞു വയ്ക്കാന്‍ കഴിയില്ലെന്നായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയത്. തീരുമാനം എടുത്തില്ലെങ്കില്‍ ബില്‍ ഗവര്‍ണര്‍ തിരിച്ചയക്കണം. അങ്ങനെയാണ് ഭരണഘടന നിര്‍വചിക്കുന്നത്. ഭരണഘടനാ വിധേയമായി മാത്രമേ തീരുമാനം എടുക്കാന്‍ കഴിയൂ എന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.
'സംസ്ഥാനത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട തലവനല്ല ഗവര്‍ണര്‍. ചില ഭരണഘടനാ അധികാരങ്ങള്‍ ഗവര്‍ണര്‍ക്ക് ഉണ്ടെന്ന് മാത്രം. സഭയുടെ നിയമ നിര്‍മ്മാണ അധികാരത്തെ തടയാന്‍ കഴിയില്ല'. ജനാധിപത്യത്തില്‍ ജനപ്രതിനിധികള്‍ക്ക് ആണ് യഥാര്‍ത്ഥ അധികാരം. ഗവര്‍ണര്‍ക്ക് എതിരായ പഞ്ചാബ് സര്‍ക്കാരിന്റെ ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us