പ്ലസ്ടു കോഴക്കേസ്; കെഎം ഷാജിക്കെതിരായ സംസ്ഥാന സർക്കാരിന്റെ ഹർജി രണ്ടാഴ്‌ചത്തേക്ക് നീട്ടി സുപ്രീം കോടതി

സംസ്ഥാന സർക്കാർ നൽകിയ അപ്പീലിൽ നേരത്തെ കെഎം ഷാജി ഉള്‍പ്പടെയുള്ള കേസിലെ എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു.

New Update
km shaji supreme court

പ്ലസ്ടു കോഴക്കേസിൽ മുസ്ലീം ലീ​ഗ് നേതാവ് കെ എം ഷാജിക്കെതിരായ എഫ്ഐ ആർ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ പരി​ഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്‌ചത്തേക്ക് നീട്ടി. കേസിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം നീട്ടി ചോദിച്ച് കെഎം ഷാജി കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഷാജിയുടെ ഈ അപേക്ഷ കണക്കിലെടുത്താണ് ഹർജി പരിഗണിക്കുന്നത് രണ്ടാഴ്‌ചത്തേക്ക് നീട്ടാൻ സുപ്രീം കോടതി തീരുമാനിച്ചത്.

സംസ്ഥാന സർക്കാർ നൽകിയ അപ്പീലിൽ നേരത്തെ കെഎം ഷാജി ഉള്‍പ്പടെയുള്ള കേസിലെ എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. നോട്ടീസിന് ആറ് ആഴ്ച്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നായിരുന്നു നിർദേശം. 

വിജിലൻസ് കേസ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയ സാഹചര്യത്തിൽ ഇതിന്റെ തുടർച്ചയായ ഇഡി കേസ് നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചാണ് കെഎം ഷാജിക്കെതിരായ എഫ്ഐആർ ഹൈക്കോടതി റദ്ദാക്കിയത്. കേസെടുത്ത് സ്വത്തുവകകൾ കണ്ടുകെട്ടിയ നടപടിയും റദ്ദാക്കിയിരുന്നു. നേരത്തെ ഷാജിയുടെ ഭാര്യയുടെ പേരിലുള്ള വീട് കേസിന്റെ ഭാഗമായി ഇഡി കണ്ടുകെട്ടിയിരുന്നു.

അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം മുൻ എംഎൽഎ കൂടിയായ കെഎം ഷാജിക്കെതിരേ ഇഡി കേസെടുത്തിരുന്നത്. സിപിഎം പ്രാദേശിക നേതാവാണ് 2017ൽ വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത്.

Advertisment

 

km shaji
Advertisment