സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലെ പ്രളയക്കെടുതിയെക്കുറിച്ച് ഗവര്‍ണര്‍ ആര്‍ എന്‍ രവി നടത്തിയ അവലോകന യോഗം തമിഴ്നാട് സര്‍ക്കാര്‍ ഒഴിവാക്കി. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഗവര്‍ണറുടെ അവലോകന യോഗത്തിലേക്ക് പ്രതിനിധികളെ അയച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ഭരണകക്ഷിയായ ഡിഎംകെയും ഗവര്‍ണര്‍ രവിയും തമ്മില്‍ നിരവധി വിഷയങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. തമിഴ്നാട്ടിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഗവര്‍ണര്‍ ആര്‍ എന്‍ രവി ചൊവ്വാഴ്ച രാജ്ഭവനില്‍ കേന്ദ്ര ഏജന്‍സികളിലെയും സായുധ സേനയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അവലോകന യോഗം നടത്തിയിരുന്നു. പ്രതിനിധിയെ അയക്കണമെന്ന് തമിഴ്നാട് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനും യോഗത്തില്‍ പങ്കെടുത്തില്ലെന്നും രാജ്ഭവന്‍ അറിയിച്ചു.
യോഗത്തില്‍, ചില ഏജന്‍സികള്‍ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിലെ ഏകോപനത്തിന്റെ അഭാവത്തെക്കുറിച്ചും ബാധിത ജില്ലകളിലെ മൊത്തത്തിലുള്ള സ്ഥിതിയെക്കുറിച്ചുള്ള വിലയിരുത്തലില്ലായ്മയെക്കുറിച്ചും ഗവര്‍ണര്‍ ആശങ്ക ഉന്നയിച്ചു. ആംഡ് ഫോഴ്സ്, കോസ്റ്റ് ഗാര്‍ഡ്, നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ് (എന്‍ഡിആര്‍എഫ്), ദക്ഷിണ റെയില്‍വേ, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ), ഭാരത് സഞ്ചാര് നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍), ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് (ഐഎംഡി), ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി (ഐആര്‍സിഎസ്) എന്നിവിടങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാജ്ഭവനില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു.
നിലവിലെ സാഹചര്യവും നിലവിലുള്ള രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്യുന്നതിനും മികച്ച ഏകോപനം കൊണ്ടുവരുന്നതിനും പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി കൂടുതല്‍ വിഭവങ്ങള്‍ സമാഹരിക്കുന്നതിനുമാണ് യോഗം ചേര്‍ന്നതെന്ന് രാജ്ഭവന്‍ അറിയിച്ചു. അതേസമയം തമിഴ്നാട്ടിലെ തൂത്തുക്കുടിക്കടുത്തുള്ള ശ്രീവൈകുണ്ടം റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയ യാത്രക്കാരെ രക്ഷപ്പെടുത്തി. വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് മുന്നിലുള്ള ട്രാക്ക് സുരക്ഷിതമല്ലാത്തതിനാല്‍ ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയിടുകയായിരുന്നു. ഒറ്റപ്പെട്ടുപോയ 809 യാത്രക്കാരില്‍ 300 പേരെ തിങ്കളാഴ്ച രക്ഷപ്പെടുത്തി അടുത്തുള്ള സ്‌കൂളുകളില്‍ പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ബാക്കി 509 യാത്രക്കാരെ ചൊവ്വാഴ്ച രക്ഷപ്പെടുത്തി.
സംസ്ഥാന പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ അവര്‍ക്ക് ഭക്ഷണവും വെള്ളവും സജ്ജമാക്കിയതായി അധികൃതര്‍ അറിയിച്ചു. അതേസമയം, ശ്രീവൈകുണ്ടത്തെ സ്‌കൂളില്‍ പാര്‍പ്പിച്ചിരിക്കുന്ന 300 യാത്രക്കാരില്‍ 270 പേരും സമീപ ജില്ലകളില്‍ നിന്നുള്ളവരാണ്. മറ്റ് യാത്രക്കാര്‍ക്കായി വഞ്ചി മണിയാച്ചി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ചെന്നൈയിലേക്ക് പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.