തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി തിരിച്ചയച്ച 10 ബില്ലുകളും സംസ്ഥാന നിയമസഭ അംഗീകരിച്ചു. തമിഴ്നാട് നിയമസഭ ഇന്ന് ചേര്‍ന്ന പ്രത്യേക സമ്മേളനത്തിലാണ് 10 ബില്ലുകളും അം?ഗീകരിച്ചത്. തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ അനുമതിക്കായി സര്‍ക്കാര്‍ അയച്ച ബില്ലുകള്‍ തിരിച്ചയച്ചതിന് പിന്നാലെയാണ് നിയമസഭ ചേര്‍ന്നത്.
സഭാനടപടികള്‍ ആരംഭിച്ചതിന് പിന്നാലെ അഖിലേന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവും (എഐഎഡിഎംകെ) ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) എംഎല്‍എമാരും പ്രധിഷേധിച്ച് ഇറങ്ങിപോയി. നിയമം, കൃഷി, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ വിവിധ വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ബില്ലുകളാണ് പ്രത്യേക സിറ്റിംഗില്‍ സഭ പാസാക്കിയത്. ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി നല്‍കേണ്ടത് ഗവര്‍ണറുടെ കടമയാണെന്നും എംകെ സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കില്‍ അത് സര്‍ക്കാരിനെ അറിയിക്കാമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
''നേരത്തെ, ചില ബില്ലുകളെ കുറിച്ച് ഗവര്‍ണര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍, സംസ്ഥാനം ഉടനടി അതിന് മറുപടി നല്‍കിയിരുന്നു. ഗവര്‍ണര്‍ ആവശ്യപ്പെട്ട വ്യക്തത സര്‍ക്കാര്‍ നല്‍കാത്ത ഒരു സംഭവവും ഉണ്ടായിട്ടില്ല,'' -മുഖ്യമന്ത്രി പറഞ്ഞു. 10 ബില്ലുകളുടെ അനുമതി തടഞ്ഞുവെച്ച ഗവര്‍ണറുടെ നടപടി തമിഴ്നാട്ടിലെ ജനങ്ങളോടും നിയമസഭയോടുമുള്ള അവഹേളനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''തമിഴ്‌നാട് ഗവര്‍ണറായി നിയമിതനായ വ്യക്തി സംസ്ഥാനത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കണം. റെയില്‍വേയുമായി ബന്ധപ്പെട്ട പുതിയ പദ്ധതികള്‍ സംസ്ഥാനത്തിന് ലഭിക്കുന്നതിന് അദ്ദേഹത്തിന് സഹായിക്കാന്‍ കഴിയും. എന്നാല്‍ ഇതെല്ലാം ചെയ്യുന്നതിനുപകരം ഗവര്‍ണര്‍ എല്ലാ ദിവസവും സംസ്ഥാന പദ്ധതികള്‍ എങ്ങനെ സ്തംഭിപ്പിക്കണമെന്നാണ് ചിന്തിക്കുന്നത്'' -സ്റ്റാലിന്‍ വ്യക്തമാക്കി.
നാല് ഔദ്യോഗിക ഉത്തരവുകളും, 54 തടവുകാരെ അകാലത്തില്‍ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഫയലും 12 ബില്ലുകളുമാണ് ഗവര്‍ണര്‍ തീര്‍പ്പാക്കാതെ വച്ചിരിക്കുന്നത്. എന്നാല്‍ ഗവര്‍ണര്‍ രവി സര്‍ക്കാരിലേക്ക് തിരിച്ചയച്ച ബില്ലുകളുടെ എണ്ണം വ്യക്തമല്ല. ഒക്ടോബറിലാണ് നിയമസഭ അവസാനമായി പിരിഞ്ഞത്.
നവംബര്‍ 10 ന്, നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് ഗവര്‍ണര്‍ രവി അനുമതി നല്‍കുന്നതില്‍ കാലതാമസം വരുത്തിയത് ഗൗരവതരമായ വിഷയമാണെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. 12 ബില്ലുകള്‍ രാജ്ഭവനില്‍ കെട്ടിക്കിടക്കുന്നു എന്ന് ആരോപിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് കോടതി കേന്ദ്രത്തോട് പ്രതികരണം തേടിയിരുന്നു.
അതേസമയം, ഗവര്‍ണറുടെ നടപടികളില്‍ സഭയുടെ അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി എംകെ സ്റ്റാലിന് പ്രത്യേക പ്രമേയം അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. ഗവര്‍ണര്‍ക്ക് അയച്ച ബില്ലുകളില്‍ ഭൂരിഭാഗവും സംസ്ഥാന സര്‍വ്വകലാശാലകളുടെ ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതികളാണ്. മുഖ്യമന്ത്രിയെ ചാന്‍സലറായി നിയമിക്കുകയും ഗവര്‍ണറെ മാറ്റി നിയമിക്കുകയും ചെയ്യുന്നതാണ് ബില്ലുകള്‍.