ഫാം ഹൗസില്‍ കാല്‍ വഴുതി വീണു; കെസിആര്‍ ആശുപത്രിയില്‍; വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി

പിതാവ് ആശുപത്രിയില്‍ വിദഗ്ധ പരിചരണത്തിലാണെന്ന് എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെ  കവിത അറിയിച്ചു. 

New Update
kcr fell down.jpg

തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച കാല്‍ വഴുതി വീണതിനെ തുടര്‍ന്നാണ് കെസിആറിനെ ഹൈദരാബാദിലെ യശോദ ആശുപത്രിയിലേക്ക് മാറ്റിയത്. എരവള്ളിയിലെ ഫാം ഹൗസില്‍ വച്ചാണ് സംഭവം. മുന്‍ മുഖ്യമന്ത്രിയെ ഹൈദരാബാദിലെ യശോദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കെസിആറിന്റെ മകളും മുന്‍ എംപിയുമായ കവിത കല്‍വകുന്ത്ല ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പിതാവ് ആശുപത്രിയില്‍ വിദഗ്ധ പരിചരണത്തിലാണെന്ന് എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെ  കവിത അറിയിച്ചു. 

Advertisment

പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയും എക്‌സിലൂടെ കെസിആര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. 'തെലങ്കാന മുന്‍ മുഖ്യമന്ത്രി ശ്രീ കെസിആറിന് പരിക്ക് പറ്റിയെന്നറിഞ്ഞതില്‍ വിഷമമുണ്ട്. അദ്ദേഹത്തിന്റെ വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനും നല്ല ആരോഗ്യത്തോടെയിരിക്കാനും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു,' പ്രധാനമന്ത്രി എഴുതി.

തെലങ്കാനയില്‍ അടുത്തിടെ നടത്തിയ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) ഹാട്രിക്ക് പ്രതീക്ഷിച്ചിരുന്നെങ്കിലും കോണ്‍ഗ്രസാണ് അധികാരത്തിലെത്തിയത്. 119 അംഗ നിയമസഭയില്‍ 64 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. ഭരണകക്ഷിയായിരുന്ന ബിആര്‍എസ് 39 സീറ്റുകളാണ് നേടിയത്. ഡിസംബര്‍ മൂന്നിന് വോട്ടെണ്ണല്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ കെസിആര്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് അയച്ചിരുന്നു. പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിനായി കോണ്‍ഗ്രസ് നേതാക്കളുടെ ഒരു സംഘം തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജനെ കാണുകയും ചെയ്തിരുന്നു. 

വ്യാഴാഴ്ച, കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് എ രേവന്ത് റെഡ്ഡി സംസ്ഥാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഉപമുഖ്യമന്ത്രിയായി ഭട്ടി വിക്രമര്‍ക്ക മല്ലുവും അധികാരമേറ്റു. ഇവരെ കൂടാതെ ദാമോദര്‍ രാജ നരസിംഹ, ഉത്തം കുമാര്‍ റെഡ്ഡി, കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി, സീതക്ക, പൊന്നം പ്രഭാകര്‍, ശ്രീധര്‍ ബാബു, തുമ്മല നാഗേശ്വര്‍ റാവു, കൊണ്ടാ സുരേഖ, ജുപള്ളി, കൃഷ്ണ പൊങ്കുലേട്ടി എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത മറ്റ് പത്ത് നേതാക്കള്‍. ഹൈദരാബാദിലെ ലാല്‍ ബഹാദൂര്‍ (എല്‍ബി) സ്റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. നിയമസഭയുടെ അംഗബലം അനുസരിച്ച് തെലങ്കാനയില്‍ മുഖ്യമന്ത്രിയടക്കം 18 മന്ത്രിമാരുണ്ടാകും.

ചടങ്ങില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ,കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തിരുന്നു. പതിനായിരക്കണക്കിന് പ്രവര്‍ത്തകരെ സാക്ഷിയാക്കിയായിരുന്നു ചടങ്ങ്.

telengana
Advertisment