കുത്തക മുതലാളിമാർക്കും മത തീവ്രവാദികൾക്കും കീഴടങ്ങിയ കേരള സർക്കാരിനെ കൽപ്പറ്റയിൽ നടക്കുന്ന നവ കേരളസഭയിൽ പാഠം പഠിപ്പിക്കും; മുഖ്യമന്ത്രിക്കും നവകേരള സദസിനുമെതിരെ ഭീഷണിക്കത്ത്

യഥാർത്ഥ വിപ്ലവ കമ്മ്യൂണിസ്റ്റ് മാവോയിസ്റ്റ് പ്രവർത്തകരെ പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന വ്യാജ കമ്മ്യൂണിസ്റ്റ് പിണറായിയെ ഒരുകോടി ബസോടെ മാനന്തവാടി പുഴയിൽ കാണാം. സൂക്ഷിച്ചോ വിപ്ലവം വിജയിക്കുമെന്നും കത്തിൽ പറയുന്നു

New Update
cm

മുഖ്യമന്ത്രിക്കും നവകേരള സദസിനുമെതിരെ വയനാട് ജില്ലാ കളക്ട്രേറ്റിലേക്ക്  ഭീഷണിക്കത്ത്. കൽപ്പറ്റയിൽ നവകേരള സദസ് നടക്കാനിരിക്കെയാണ് കളക്ട്രേറ്റിലേക്ക്  ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്. കുത്തക മുതലാളിമാർക്കും മത തീവ്രവാദികൾക്കും കീഴടങ്ങിയ കേരള സർക്കാരിനെ കൽപ്പറ്റയിൽ നടക്കുന്ന നവ കേരളസഭയിൽ പാഠം പഠിപ്പിക്കുമെന്ന് കത്തിൽ പറയുന്നു. സിപിഐഎംൽ വയനാട് ഘടകത്തിന്റെ പേരിലാണ് കത്ത് എത്തിയത്. മറ്റൊരു കത്തുകൂടി കളക്ട്രേറ്റിലേക്ക്‌  ‌എത്തിയതായി അധികൃതർ അറിയിച്ചു. 

Advertisment

യഥാർത്ഥ വിപ്ലവ കമ്മ്യൂണിസ്റ്റ് മാവോയിസ്റ്റ് പ്രവർത്തകരെ പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന വ്യാജ കമ്മ്യൂണിസ്റ്റ് പിണറായിയെ ഒരുകോടി ബസോടെ മാനന്തവാടി പുഴയിൽ കാണാം. സൂക്ഷിച്ചോ വിപ്ലവം വിജയിക്കുമെന്നും കത്തിൽ പറയുന്നു. കൽപ്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലെ സദസുകൾ തടസ്സപ്പെടുത്തുമെന്നാണ് കത്തിലെ ഭീഷണി. വെവ്വേറ കയ്യക്ഷരമുള്ള രണ്ടു കത്തുകളാണ് വന്നത്. കത്തുകിട്ടിയ വിവരം വയനാട് എസ്പി പദം സിങ് സ്ഥിരീകരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

എന്നാൽ മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത് ആണെന്നത് പൊലീസ് നിഷേധിച്ചു. ‌ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നാലെ ജില്ലയിൽ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നാളെയാണ് ജില്ലയിലെ ജനസദസ്സ്.

നേരത്തെ മാവോയിസ്റ്റുകളുടെ പേരിൽ കോഴിക്കോട് കളക്ടർക്ക് ഭീഷണിക്കത്ത് ലഭിച്ചിരുന്നു. സർക്കാരിന്റെ പൊലീസ് വേട്ട തുടർന്നാൽ കൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തിൽ പറഞ്ഞിരുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് കത്ത് ലഭിച്ചത്. കളക്ടർ സ്നേഹിൽ കുമാർ സിംഗ് കത്ത് സ്പെഷ്യൽ ബ്രാഞ്ചിന് കൈമാറിയിരുന്നു. സർക്കാരിന്റെ നവകേരള സദസ് ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പാണ്  ‌ മാവോയിസ്റ്റുകളുടെ പേരിൽ കളക്ടർക്ക് ഭീഷണിക്കത്ത് ലഭിക്കുന്നത്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. 

navakerala sadassu
Advertisment