മൂന്ന് എംപിമാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍; പാര്‍ലമെന്റില്‍ നടപടി നേരിടുന്നത് 146 പ്രതിപക്ഷാംഗങ്ങള്‍

കഴിഞ്ഞ ദിവസം മോശം പെരുമാറ്റം ആരോപിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാരായ തോമസ് ചാഴികാടന്‍, എ എം ആരിഫ് എന്നിവര്‍ക്കെതിരെയാണ് ലോക്‌സഭ നടപടിയെടുത്തത്.

New Update
again parliament suspend.jpg

മൂന്ന് പ്രതിപക്ഷ അംഗങ്ങളെ കൂടി ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസ് എംപിമാരായ ദീപക് ബൈജ്, നകുല്‍ നാഥ്, ഡികെ സുരേഷ് എന്നിവര്‍ക്കെതിരെയാണ് നടപടി. ഇതോടെ ഇതോടെ പാര്‍ലമെന്റില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത എംപിമാരുടെ എണ്ണം 146 ആയി. ലോക്‌സഭയുടെയും രാജ്യസഭയുടെയും പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു കൂട്ട സസ്പെന്‍ഷന്‍. കൂടാതെ ഡിസംബര്‍ 13ന് സംഭവിച്ച പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതും നടപടിക്ക് കാരണമായി. 

Advertisment

ഡിസംബര്‍ 4 ന് ആണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചത്. 13ന് ലോക്സഭയില്‍ സുരക്ഷാ വീഴ്ചയുണ്ടായി. രണ്ട് യുവാക്കള്‍ സഭയില്‍ സ്മോക്ക് ഗ്യാസ് ഉപയോഗിച്ച് പ്രതിഷേധിച്ചു. ഇതിനെ ചൊല്ലി ഇരുസഭകളിലും വലിയ പ്രതിഷേധമുണ്ടായി. അമിത് ഷാ നേരിട്ട് വിശദീകരണം നല്‍കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. പിന്നാലെ 14 ന് 14 എംപിമാരെയും തിങ്കളാഴ്ച 78 പേരെയും ചൊവ്വാഴ്ച 49 പേരെയും സസ്പെന്‍ഡ് ചെയ്തു.

ഇന്നലെ രണ്ട് എംപിമാരെ കൂടി സസ്പെന്‍ഡ് ചെയ്തതോടെ ആകെ സംഖ്യ 143ല്‍ എത്തി. തുടര്‍ന്നന് പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ത്യാ മുന്നണിയുടെ എംപിമാര്‍ പാര്‍ലമെന്റില്‍ നിന്ന് ഡല്‍ഹിയിലെ വിജയ് ചൗക്കിലേക്ക് മാര്‍ച്ച് നടത്തി. പിന്നാലെ സുരക്ഷാ ലംഘനത്തെക്കുറിച്ച് സഭയ്ക്കുള്ളില്‍ സംസാരിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റിന്റെ പ്രത്യേകാവകാശം ലംഘിച്ചുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. 

കഴിഞ്ഞ ദിവസം മോശം പെരുമാറ്റം ആരോപിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാരായ തോമസ് ചാഴികാടന്‍, എ എം ആരിഫ് എന്നിവര്‍ക്കെതിരെയാണ് ലോക്‌സഭ നടപടിയെടുത്തത്. ചാഴിക്കാടന്‍ കേരള കോണ്‍ഗ്രസ് എമ്മിന്റേയും എഎം ആരിഫ് സിപിഎമ്മിന്റേയും പ്രതിനിധികളാണ്. ഇവര്‍ക്ക് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ശേഷിക്കുന്ന ദിവസങ്ങളില്‍ സഭയിലെത്താന്‍ കഴിയില്ല. കോണ്‍ഗ്രസിന്റെ എംപിമാരായ ശശി തരൂര്‍, മനീഷ് തിവാരി, കാര്‍ത്തി ചിദംബരം, എന്‍സിപിയുടെ സുപ്രിയ സുലെ, സമാജ്വാദി പാര്‍ട്ടിയുടെ ഡിംപിള്‍ യാദവ്, തൃണമൂല്‍ കോണ്‍ഗ്രസിലെ സുദീപ് ബന്ധോപാധ്യായ അടക്കമുള്ളവര്‍ക്കെതിരെ നേരത്തെ നടപടിയെടുത്തിരുന്നു. 

ഇതിനിടെ ലോക്‌സഭയിലെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ച 27 ചോദ്യങ്ങളും നീക്കം ചെയ്‌തെന്നത് ശ്രദ്ധേയമാണ്. ചൊവ്വാഴ്ച സഭയില്‍ ചോദിക്കേണ്ട ചോദ്യങ്ങളുടെ പട്ടികയില്‍ നിന്നാണ് ഇവ നീക്കം ചെയ്തത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി അപരൂപ പൊദ്ദാറും കോണ്‍ഗ്രസ് എംപി രമ്യാ ഹരിദാസും ചോദിച്ച രണ്ട് നക്ഷത്രചിഹ്നമുള്ള ചോദ്യങ്ങള്‍ നീക്കം ചെയ്തവയില്‍ ഉള്‍പ്പെടുന്നു. കൂടാതെ നക്ഷത്രചിഹ്നമില്ലാത്ത 25 ചോദ്യങ്ങളും പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ വാക്കാലുള്ള മറുപടിയും നക്ഷത്രമിടാത്ത ചോദ്യങ്ങള്‍ക്ക് രേഖാമൂലമുള്ള മറുപടിയും നല്‍കുന്നതാണ് പാര്‍ലമെന്റിലെ പതിവ്. ഇതോടൊപ്പം ഒരേ ചോദ്യം വിവിധ മന്ത്രിമാരോട് ചോദിക്കുന്ന അംഗങ്ങളുടെ ഗ്രൂപ്പുകളില്‍ നിന്ന് ഒട്ടേറെ എംപിമാരുടെ പേരുകള്‍ നീക്കം ചെയ്തിട്ടുണ്ട്. രാജസ്ഥാന്‍ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ലോക്‌സഭയില്‍ നിന്ന് രാജിവച്ച ഹനുമാന്‍ ബേനിവാളിന്റെ പേരും നീക്കം ചെയ്തു.

loksabha parliament
Advertisment