മമതാ ബാനര്‍ജിയെ ഇന്‍ഡ്യാ മുന്നണിയുടെ മുഖമായി ഉയര്‍ത്തണം ; തൃണമൂല്‍ കോണ്‍ഗ്രസ്

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ഇന്ന് ഡല്‍ഹിയിലാണ് ഇന്‍ഡ്യാ മുന്നണി യോഗം ചേരുന്നത്.

New Update
mamata banerjee

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ഇന്‍ഡ്യാ മുന്നണിയുടെ മുഖമായി ഉയര്‍ത്തണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. വിജയിക്കണമെങ്കില്‍ മുന്നണിയിലെ മറ്റ് നേതാക്കളേക്കാള്‍ അനുഭവ സമ്പത്തുള്ള മമതയെ ഉയര്‍ത്തികാണിക്കണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യം. ഇന്‍ഡ്യാ മുന്നണി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരാനിരിക്കെയാണ് ആവശ്യം ഉയര്‍ന്നത്.

Advertisment

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ഇന്ന് ഡല്‍ഹിയിലാണ് ഇന്‍ഡ്യാ മുന്നണി യോഗം ചേരുന്നത്. യോഗത്തില്‍ സഖ്യത്തിലെ ഏകോപന സമിതി അംഗങ്ങളും പാര്‍ട്ടി നേതാക്കളും പങ്കെടുക്കും. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ ചേരാനിരുന്ന യോഗം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.’നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മൂന്ന് സംസ്ഥാനങ്ങളില്‍ നേരിട്ട പരാജയത്തില്‍ നിന്നും കോണ്‍ഗ്രസ് പാഠം പഠിക്കണം. ജന്മി സംസ്‌കാരം ഉപേക്ഷിക്കണം. മൂന്ന് തവണ മുഖ്യമന്ത്രിയായ, മൂന്ന് തവണ കേന്ദ്രമന്ത്രിയായ മുന്നണിയിലെ മറ്റ് നേതാക്കളേക്കാള്‍ അനുഭവ സമ്പത്തുള്ള മമതയെ മുഖമാക്കി ഉയര്‍ത്തിയാല്‍ ഇന്‍ഡ്യയുടെ വിജയം ഉറപ്പിക്കാം.’ തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഗോഷ് പറഞ്ഞു.

ബിജെപിയെ നേരിടുന്നതില്‍ കോണ്‍ഗ്രസ് നിരന്തരം പരാജയപ്പെടുകയാണ്. മറുവശത്ത്, മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന് ബിജെപിയെ നിരവധി തവണ പരാജയപ്പെടുത്തിയെന്ന റെക്കോര്‍ഡുണ്ട് എന്നും തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. പരാമര്‍ശം ചര്‍ച്ചയായതോടെ ടിഎംസിക്ക് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപിക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസിന് ടിഎംപിയുടെ ക്ലാസ് വേണ്ട. ഇത് കോണ്‍ഗ്രസാണ്. പല അവസരങ്ങളിലും കാവി പാളയവുമായി വിട്ടുവീഴ്ച ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് വ്യത്യസ്തമായി ബിജെപിക്കെതിരെ നിരന്തരം പോരാടിക്കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ് എന്നും പാര്‍ട്ടി വക്താവ് പറഞ്ഞു.

latest news mamata banerjee
Advertisment