/sathyam/media/media_files/pACQHZTbSB63dTvRRcdX.jpg)
സനാതന ധര്‍മ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് വ്യക്തമാക്കി തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. നേരത്തെ സനാതന ധര്‍മ്മത്തെ ഡെങ്കിപ്പനിയുമായും മലേറിയയുമായും താരതമ്യപ്പെടുത്തിയ ഉദയനിധി സ്റ്റാലിന്‍ താന്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ നേരിടാന്‍ തയ്യാറാണെന്നും പറഞ്ഞു.
ഉദയനിധി സ്റ്റാലിനും പികെ ശേഖര്‍ ബാബുവിനുമെതിരെ നടപടിയെടുക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയതിനെ മദ്രാസ് ഹൈക്കോടതി വിമര്‍ശിച്ചതിന് പിന്നാലെയാണ് പ്രതികരണം. ഭിന്നിപ്പിക്കുന്ന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനോ ഏതെങ്കിലും പ്രത്യയശാസ്ത്രം ഇല്ലാതാക്കാനോ ഒരു വ്യക്തിക്കും അവകാശമില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
താന്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും പറഞ്ഞത് ശരിയാണെന്നും അതിനെ നിയമപരമായി നേരിടുമെന്നും ഉദയനിധി വ്യക്തമാക്കി. ഞാന്‍ എന്റെ പ്രസ്താവന മാറ്റില്ല. ഞാന്‍ എന്റെ പ്രത്യയശാസ്ത്ര പ്രകാരം സംസാരിച്ചു. അംബേദ്കറോ പെരിയാറോ തിരുമാവളവനോ പറഞ്ഞതില്‍ കൂടുതല്‍ ഞാന്‍ സംസാരിച്ചിട്ടില്ല. എനിക്ക് എം.എല്‍.എയോ മന്ത്രിയോ യൂത്ത് വിംഗ് സെക്രട്ടറിയോ ആവാം, നാളെ ചിലപ്പോള്‍ ഇല്ലായിരിക്കാം. എന്നാല്‍ മനുഷ്യനായിരിക്കുക എന്നത് അതിലും പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'നീറ്റ് ആറ് വര്‍ഷം പഴക്കമുള്ള പ്രശ്‌നമാണ്. പക്ഷേ ഞങ്ങള്‍ കുറച്ച് വര്‍ഷങ്ങളായി സനാതനത്തെക്കുറിച്ച് സംസാരിക്കുന്നു. ഇത് (സനാതന) നൂറുകണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള വിഷയമാണ്, ഞങ്ങള്‍ അതിനെ എക്കാലവും എതിര്‍ക്കും.', അദ്ദേഹം ആവര്‍ത്തിച്ചു.
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനായ ഉദയനിധി സനാതന ധര്‍മ്മത്തെ മലേറിയയുമായും ഡെങ്കിപ്പനിയുമായും ഉപമിച്ചതിനെ തുടര്‍ന്നാണ് വിവാദം ആരംഭിച്ചത്. സനാതന ധര്‍മ്മം ജാതി വ്യവസ്ഥയെയും വിവേചനത്തെയും അടിസ്ഥാനമാക്കിയുള്ളതാണെന്നായിരുന്നു ഡിഎംകെ മന്ത്രിയുടെ വാദം. സനാതന ധര്‍മ്മത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി താരതമ്യപ്പെടുത്തിയ ഉദയനിധി അതിനെ തുടച്ചുനീക്കണമെന്നും ആഹ്വാനം ചെയ്തിരുന്നു.
'സനാതനത്തെ എതിര്‍ക്കുന്നതിനുപകരം അതിനെ ഉന്മൂലനം ചെയ്യുകയാണ് വേണ്ടത്. സനാതന എന്ന പേര് സംസ്‌കൃതത്തില്‍ നിന്നാണ് വന്നത്. ഇത് സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണ്' ഉദയനിധി പറഞ്ഞു. ദേശീയ തലത്തില്‍ തന്നെ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചെങ്കിലും തന്റെ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും തന്റെ പരാമര്‍ശങ്ങള്‍ വംശഹത്യയുടെ ആഹ്വാനമായി തെറ്റായി ചിത്രീകരിക്കപ്പെട്ടുവെന്നും ഉദയനിധി പിന്നീട് പ്രതികരിച്ചു. ഡിഎംകെ സര്‍ക്കാരില്‍ യുവജനക്ഷേമ കായിക വികസന മന്ത്രിയാണ് ഉദയനിധി സ്റ്റാലിന്‍.
ഉദയനിധിയുടെ പ്രസ്താവനകളെ ബി.ജെ.പി നിശിതമായി വിമര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവന ജൂതന്മാരെക്കുറിച്ചുള്ള ഹിറ്റ്‌ലറുടെ വീക്ഷണങ്ങളുമായി അതിശയകരമായി സാമ്യമുണ്ടെന്നാണ് പാര്‍ട്ടിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us