കേന്ദ്രമന്ത്രിസഭാ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് വൈകിട്ട് 6.30ന് പാർലമെന്റ് അനക്‌സ് മന്ദിരത്തിലാണ് യോഗം. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം നടക്കുന്നതിനിടെയാണ് പ്രഖ്യാപനം. യോഗത്തിന്റെ അജണ്ട ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പ്രത്യേക സമ്മേളനത്തിൽ പരിഗണിക്കുന്നതിനായി ലിസ്റ്റ് ചെയ്തിരിക്കുന്ന പ്രധാന ബില്ലുകൾ ചർച്ച ചെയ്തേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ഇതിന് മുന്നോടിയായി മോദിയും അമിത് ഷായും കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ഉൾപ്പെടെയുള്ള മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും യോഗത്തിൽ പങ്കെടുത്തു. അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനത്തിൽ എട്ട് ബില്ലുകൾ ചർച്ച ചെയ്യുമെന്ന് പ്രഹ്ലാദ് ജോഷി അറിയിച്ചു.
അഭിഭാഷകരുടെ (ഭേദഗതി) ബിൽ- 2023, ആനുകാലികങ്ങളുടെ പ്രസ് ആൻഡ് രജിസ്ട്രേഷൻ ബിൽ- 2023, പോസ്‌റ്റ് ഓഫീസ് ബിൽ- 2023, തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ (നിയമനം, സേവന വ്യവസ്ഥകൾ, ഓഫീസ് കാലാവധി) ബിൽ- 2023, മുതിർന്ന പൗരന്മാരുടെ ക്ഷേമത്തെക്കുറിച്ചുള്ള ബില്ലും എസ് സി /എസ് ടി ഉത്തരവുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകളും ചർച്ച ചെയ്യുമെന്നാണ് വിവരം.
'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ബില്ലും ഇന്ത്യയെ 'ഭാരത്' എന്ന് പുനർനാമകരണം ചെയ്യാനുള്ള പ്രമേയവുമാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ പരിഗണിക്കപ്പെടാൻ പോകുന്ന മറ്റ് രണ്ട് വിഷയങ്ങൾ. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല.