'രാമക്ഷേത്രമാണ് പ്രശ്നം, ഇഫ്താർ വിരുന്നിൻ്റേയും പാലസ്തീൻ റാലിയുടേയും കാര്യത്തിൽ ആർക്കും ഒരു സംശയമില്ല': വി മുരളീധരന്‍

കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ രാമപ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് പറഞ്ഞിട്ടുള്ളത്. മറ്റു ചില നേതാക്കന്മാര്‍ അത് സര്‍ക്കാര്‍ പരിപാടിയാണെന്ന് പറയുന്നുവെന്നും മുരളീധരന്‍ വ്യക്തമാക്കി.

New Update
v muraleedharan-3

രാമക്ഷേത്ര പ്രതിഷ്ഠ വിഷയത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും സ്വീകരിച്ചിട്ടുള്ള നിലപാടുകളെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്. അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകളിലേക്ക് ക്ഷണം ലഭിച്ച ശേഷം സിപിഎമ്മും കോണ്‍ഗ്രസും സ്വീകരിച്ചിട്ടുള്ള നിലപാട് ഭൂരിപക്ഷ സമുദായങ്ങളോടുള്ള അവഹേളനമാണെന്ന് മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പരാമര്‍ശിച്ചു. കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ രാമപ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് പറഞ്ഞിട്ടുള്ളത്. മറ്റു ചില നേതാക്കന്മാര്‍ അത് സര്‍ക്കാര്‍ പരിപാടിയാണെന്ന് പറയുന്നുവെന്നും മുരളീധരന്‍ വ്യക്തമാക്കി. എന്നാല്‍ അയോധ്യ ക്ഷേത്രത്തിലെ ഈ പ്രതിഷ്ഠ പരിപാടി നടത്തുന്നത് കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അല്ലെന്നും വി മുരളീധരന്‍ ചൂണ്ടിക്കാട്ടി. 

Advertisment

അയോധ്യയില്‍ രാമ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത് ശ്രീരാമ തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റാണ്. അതുകൊണ്ട് സര്‍ക്കാര്‍ പരിപാടിയാണെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കരുതെന്നും വി മുരളീധരന്‍ പരിഹസിച്ചു. ഇതിന്റെ പേരില്‍ ഭൂരിപക്ഷ സമുദായത്തോടുള്ള അവഹേളനമാണ് കോണ്‍ഗ്രസും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്താന്‍ താല്‍പ്പര്യമില്ലെന്നാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി പറയുന്നത്. മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്താന്‍ താല്‍പ്പര്യമില്ലെങ്കില്‍ എന്തിന് കേരളത്തിലെ ദേവസ്വം മന്ത്രി ശബരിമലയില്‍ പോകുന്നുവെന്നും മുരളീധരന്‍ ചോദിച്ചു. എന്തിനാണ് ദേവസ്വം വകുപ്പ് നിലനിര്‍ത്തിയിരിക്കുന്നത്. സിപിഎം നേതാക്കന്മാര്‍ ദേവസ്വം വകുപ്പിന്റെ ചുമതലയേല്‍ക്കുന്നത് പിന്നെ എന്തിനാണെന്നും മുരളീധരന്‍ ചോദ്യം ഉന്നയിച്ചു. 

കോണ്‍ഗ്രസും സിപിഎമ്മും കാണിക്കുന്നത് ഇരട്ടത്താപ്പാണ്. അവരെ സംബന്ധിച്ചിടത്തോളം ഇഫ്താര്‍ വിരുന്നിന്റെ പ്രശ്നം വരുമ്പോള്‍ അതു മതമാണോ അല്ലയോ എന്നുള്ള കാര്യത്തില്‍ അവള്‍ക്കാര്‍ക്കും ഒരു സംശയവുമില്ല. പലസ്തീന്‍ റാലി നടത്തുമ്പോള്‍ പങ്കെടുക്കണോ വേണ്ടയോ എന്ന കാര്യത്തിലും  അവര്‍ക്കൊന്നും ഒരു സംശയമില്ല. പക്ഷെ ശ്രീരാമക്ഷേത്രത്തിന്റെ കാര്യം വരുമ്പോള്‍ പല കാര്യങ്ങളാണ്. മതപരമായ ചടങ്ങാണ്, സര്‍ക്കാരിന്റെ ഇടപെടലാണ്, മതത്തെ രാഷ്ട്രീയമായി കൂട്ടി കെട്ടുകയാണ്, അതുകൊണ്ട് പങ്കെടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയവുമാണ്.

നിലവിലെ സാഹചര്യത്തില്‍ പലരും പങ്കെടുക്കരുതെന്നാണ് ആവശ്യം ഉന്നയിക്കുന്നത്. ഇതെല്ലാം കഴിഞ്ഞ് തിരഞ്ഞെടുപ്പ് വരുന്ന സമയത്ത് കോണ്‍ഗ്രസ് ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങളില്‍ രാമഭക്തരായി അവതരിക്കും. ചിലര്‍ ഹനുമാന്റെ ഭക്തരായിട്ടും എത്താറുണ്ട്. കോണ്‍ഗ്രസിന്റെ നിലപാടുകളെല്ലാം തെരഞ്ഞെടുപ്പ് മാത്രം കണ്ടുകൊണ്ടുള്ള തട്ടിപ്പാണെന്നും ശബരിമല ആചാരലംഘനം നടന്ന കാലത്ത് കോണ്‍ഗ്രസ് മിണ്ടാതിരിക്കുകയായിരുന്നുവെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. അന്ന് തെരഞ്ഞെടുപ്പ് വന്നപ്പോള്‍ കോണ്‍ഗ്രസ് വിശ്വാസികള്‍ക്ക് വേണ്ടിയെന്നു പറഞ്ഞ് രംഗത്തേക്ക് ചാടിയിറങ്ങുകയായിരുന്നു എന്നും വി മുരളീധരന്‍ ചൂണ്ടിക്കാട്ടി.

 

v muralidharan
Advertisment