Advertisment

ആര്‍.എസ്.എസുകാരെ രക്ഷിക്കാന്‍ റിയാസ് മൗലവി കേസ് സര്‍ക്കാര്‍ അട്ടിമറിച്ചു; ആര്‍.എസ്.എസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങളുടെ ഭാഗമായാണോ പ്രതികളെ രക്ഷിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; റിയാസ് മൗലവി കേസില്‍ നടന്നത് വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ കൊന്ന് കെട്ടിത്തൂക്കിയ ഡി.വൈ.എഫ്.ഐക്കാരനെ രക്ഷിക്കാന്‍ നടത്തിയ അതേ ഗൂഡാലോചന; എന്‍.ഡി.എ ബന്ധം ഉപേക്ഷിച്ചില്ലെങ്കില്‍ ജെ.ഡി.എസിനെ എല്‍.ഡി.എഫില്‍ നിന്നും പുറത്താക്കുമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? പ്രതിപക്ഷ നേതാവ്

സംഘര്‍ഷത്തില്‍ ഒന്നും ഉള്‍പ്പെടാത്ത ആളെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുകയെന്നത് പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ചുമതലയാണ്

New Update
vd satheesan press meet tvm

കാസര്‍കോട്; റിയാസ് മൗലവി വധക്കസില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കാസര്‍കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്

Advertisment

വാക്കുകളിങ്ങനെ.....

ഭരണ നേതൃത്വത്തിന്റെ അറിവോടെ റിയാസ് മൗലവി വധക്കേസില്‍ പ്രോസിക്യൂഷനും പൊലീസും ഗുരുതര വീഴ്ച വരുത്തി. സംഘര്‍ഷത്തില്‍ ഒന്നും ഉള്‍പ്പെടാത്ത ആളെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുകയെന്നത് പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ചുമതലയാണ്. നിലവാരമില്ലാത്തതും ഏകപക്ഷീയമായതുമായ അന്വേഷണമാണ് നടന്നതെന്നാണ് വിധിയില്‍ പറയുന്നത്. പ്രതികള്‍ ആര്‍.എസ്.എസ് ആണെന്ന് തെളിയിക്കുന്നതിന് വേണ്ടി ഉള്‍പ്പെടുത്തിയിരുന്ന ആറ് സാക്ഷികളില്‍ ഒരാളെ മാത്രമാണ് വിസ്തരിച്ചത്. അഞ്ച് പേരെ വിസ്തരിക്കാത്തത് ദുരൂഹമാണെന്നും ഉത്തരവില്‍ പറയുന്നുണ്ട്. മതപരമായ വിദ്വേഷത്തെ തുടര്‍ന്നാണ് ഒരു നിരപരാധിയെ കൊലപ്പെടുത്തിയതെന്നും പ്രതികള്‍ക്ക് ആര്‍.എസ്.എസ് ബന്ധമുണ്ടെന്നതിനും തെളിവായി സാക്ഷികള്‍ ഉണ്ടായിട്ടും വിസ്തരിച്ചില്ല. ആര്‍.എസ്.എസുകാരെ സംരക്ഷിക്കാന്‍ വേണ്ടി ഗൂഡാലോചന  നടത്തിയിട്ടുണ്ട്. വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ കൊന്ന് കെട്ടിത്തൂക്കിയിട്ടും ഡി.വൈ.എഫ്.ഐക്കാരനെ രക്ഷിക്കാനാണ് പൊലീസും  പ്രോസിക്യൂഷനും ഒത്തുകളിച്ചത്. അതുപോലെ റിയാസ് മൗലവി കേസിലെ പ്രതികളായ ആര്‍.എസ്.എസുകാരെ രക്ഷിക്കാന്‍ നടത്തിയ കളിയെ തുടര്‍ന്നാണ് ഇതുപോലൊരു വിധിയുണ്ടായത്. വിചാരണ കോടതിയില്‍ തെളിവില്ലാത്ത കേസില്‍ അപ്പീലിന് പോയാല്‍ എന്താണ് സംഭവിക്കുകയെന്ന് എല്ലാവര്‍ക്കും അറിയാം. 

തിരുവനന്തപുരത്ത് മാസ്‌കറ്റ് ഹോട്ടലില്‍ ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ ആര്‍.എസ്.എസ് നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലെ തീരുമാനത്തിന്റെ ഭാഗമായാണോ ആര്‍.എസ്.എസുകാരായ പ്രതികളെ രക്ഷിച്ചത്. ലക്ഷക്കണക്കിന് രൂപ ചെലവാക്കി ഡല്‍ഹിയില്‍ നിന്നും അഭിഭാഷകരെ കൊണ്ടു വന്നാണ് ഷുഹൈബ് കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം ഒഴിവാക്കി സി.പി.എമ്മുകാരെ രക്ഷിക്കാന്‍ ശ്രമിച്ചത്. ഷുഹൈബിന്റെ കേസിലെ പ്രതികളായ പാര്‍ട്ടിക്കാരെ രക്ഷപ്പെടുത്താന്‍ ഏതറ്റംവരെയും പോകാന്‍ തയാറായി. എന്നിട്ടും ഇത്രയും നിര്‍ണായകമായ കേസില്‍ പ്രതികളുടെ ശിക്ഷ ഉറപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറി. ഇക്കാര്യത്തില്‍ മുകള്‍ത്തട്ടിലുള്ളവര്‍ക്കും ഉത്തരവാദിത്തമുണ്ട്. കേസ് നടത്തിപ്പിലും അന്വേഷണത്തിലും അപാകതയുണ്ട്. കൊടുംകുറ്റവാളികളെ സര്‍ക്കാര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുഖ്യമന്ത്രി നടത്തുന്ന പ്രസംഗങ്ങള്‍ക്ക് യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ല.



ബി.ജെ.പിയെ പേടിച്ചാണ് വിദ്വേഷ പ്രസംഗം നടത്തിയ നളിന്‍ കുമാര്‍ കട്ടീലിനെതിരെ കേസെടുക്കാതിരുന്നത്. ബി.ജെ.പിയെ ഭയക്കുന്ന മുഖ്യമന്ത്രി മുസ്ലീംകളുടെ വോട്ട് കിട്ടാനാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ എഴുതി പൗരത്വ നിയമത്തെ കുറിച്ച് എഴുതി തയ്യാറാക്കിയ പച്ചക്കള്ളം വായിക്കുന്നത്. പച്ചക്കള്ളം അല്ലാതെ മറ്റൊന്നും മുഖ്യമന്ത്രിക്ക് പറയാനില്ല. 

മുഖ്യമന്ത്രി ബി.ജെ.പിയെ അല്ല കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയുമാണ് വിമര്‍ശിക്കുന്നത്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇപ്പോഴും പച്ചക്കള്ളമാണ് പറയുന്നത്. തെളിവുകള്‍ ഹാജരാക്കിയിട്ടും ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണ് കോണ്‍ഗ്രസിനെതരെ മുഖ്യമന്ത്രി സംസാരിക്കുന്നത്. ഒരു ഭരണ നേട്ടവും മുഖ്യമന്ത്രിക്ക് പറയാനില്ല. പെന്‍ഷന്‍ നല്‍കാത്തതും ഉച്ചഭക്ഷണത്തിന് കാശില്ലാത്തതും മാവേലി സ്റ്റോറില്‍ സാധനങ്ങള്‍ ഇല്ലാത്തും ആശുപത്രിയില്‍ മരുന്ന് ഇല്ലാത്തതും കെ ഫോണും മാസപ്പടിയും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലെ അഴിമതിയും എ.ഐ ക്യാറമറ അഴിമതിയും ഉള്‍പ്പെടെയുള്ളവ അല്ലാതെ എന്ത് ഭരണ നേട്ടമാണ് പറയാനുള്ളത്. സര്‍ക്കാര്‍ പ്രതിരോധത്തിലും പ്രതിക്കൂട്ടിലുമാണ്. ജനങ്ങള്‍ക്ക് സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധമുണ്ട്. ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. യു.ഡി.എഫ്  

സ്ഥാനാര്‍ത്ഥികള്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കും. 

എന്‍.ഡി.എ ഘടകകക്ഷി കേരളത്തില്‍ എല്‍.ഡി.എഫിലാണ്. ബി.ജെ.പി സഖ്യകക്ഷി ആയതോടെ സോഷ്യലിസ്റ്റുകളായ സി.കെ നാണുവും നീലലോഹിതദാസന്‍ നാടാരും പാര്‍ട്ടി വിട്ടു പോയി. മാത്യു ടി. തോമസും കൃഷണന്‍കുട്ടിയും ഇപ്പോഴും എന്‍.ഡി.എയില്‍ തുടരുകയാണ്. അതിന്റെ ഭാഗമായാണ് ദേവഗൗഡയുടെ മരുകന്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ ഇവരുടെ ചിത്രം ഉള്‍പ്പെടുത്തി പോസ്റ്റര്‍ അടിച്ചത്. പോസ്റ്റര്‍ അടിച്ചിട്ടുണ്ടെന്ന് യുവജനനേതാവ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ പിന്നെ കേസ് നല്‍കിയിട്ട് എന്ത് കാര്യം? പത്ത് ദിവസത്തിനുള്ളല്‍ എന്‍.ഡി.എ ബന്ധം വിച്ഛേദിച്ചില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്നും എല്‍.ഡി.എഫില്‍ നിന്നും പുറത്താക്കുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? ബി.ജെ.പിയുടെ ശിപാര്‍ശയിലാണ് കൃഷ്ണന്‍കുട്ടിയുടെ പാര്‍ട്ടിയെ മുന്നണിയില്‍ നിലനിര്‍ത്തിയിരിക്കുന്നത്. 

പിണറായി വിജയന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോഴാണ് മുന്‍ ധനകാര്യമന്ത്രിയും സി.പി.എം എം.എല്‍.എയും ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പിയെ സുഖിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പിണറായി വിജയന്‍ വിരുന്ന് നല്‍കിയത്. എത്രയോ പേര്‍ ബി.ജെ.പിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് വരുന്നത്. അരിവാള്‍ ചുറ്റികയ്ക്ക് പകരം മരപ്പട്ടിയും നീരാളിയും കിട്ടാതിരിക്കാനാണ് സി.പി.എം മത്സരിക്കുന്നത്. 18 സീറ്റില്‍ മത്സരിക്കുന്ന സി.പി.എമ്മാണ് മോദിയെ നേരിടുമെന്ന് പറയുന്നത്. വര്‍ഗീയതയ്ക്കും ഫാഷിഷത്തിനും എതിരെ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഇല്ലാതെ സി.പി.എം എന്ത് പോരാട്ടമാണ് നടത്തുന്നത്? എന്നിട്ടാണ് രാഹുല്‍ ഗാന്ധിക്കെതിരെ സംസാരിക്കുന്നത്. 12 സംസ്ഥാനങ്ങളില്‍ 16 കേസാണ് രാഹുല്‍ ഗാന്ധിക്കെതിരെ ആര്‍.എസ്.എസ് നല്‍കിയിരിക്കുന്നത്. ഒരു സി.പി.എമ്മുകാരനെതിരെയും കേസില്ല. സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ധാരണയാണെന്ന് ആര്‍ക്കാണ് അറിയാത്തത്. ഞങ്ങള്‍ തമ്മില്‍ സ്‌നേഹത്തില്‍ അല്ലെന്ന് അറിയിക്കാന്‍ ചിലപ്പോള്‍ ഇനി നോട്ടീസ് അയച്ചേക്കും. ഇവര്‍ തമ്മിലുള്ള ധാരണ ബിസിനസ് പാര്‍ട്ണര്‍ഷിപ്പില്‍ വരെ എത്തിനില്‍ക്കുകയാണ.

vd satheesan response
Advertisment