/sathyam/media/media_files/lPwFX1wDNmbG7W0IWCNo.jpg)
ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച മുന്‍ ബ്യൂറോക്രാറ്റ് വി കെ പാണ്ഡ്യന്‍ ബിജു ജനതാദളില്‍ (ബിജെഡി) ചേര്‍ന്നു. ഭുവനേശ്വറിലെ നവീന്‍ നിവാസില്‍ പട്നായിക്കിന്റെയും മറ്റ് ബിജെഡി നേതാക്കളുടെയും സാന്നിധ്യത്തിലാണ് പാണ്ഡ്യന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഒക്ടോബര്‍ 23ന് ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ നിന്ന് പാണ്ഡ്യന്‍ സ്വമേധയാ വിരമിച്ചതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. വിരമിക്കലിന് ശേഷം ഒഡീഷ സര്‍ക്കാരിലെ 5T (ട്രാന്‍സ്ഫോര്‍മേഷന്‍ ഇനിഷ്യേറ്റീവ്‌സ്), നബിന്‍ ഒഡീഷ എന്നിവയുടെ ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെഡിയിലേക്കുള്ള പാണ്ഡ്യന്റെ പ്രവേശനം വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഭരണം ഉറപ്പിക്കുന്നതിനായി പാര്‍ട്ടി വിവിധ മണ്ഡലങ്ങളില്‍ സംഘടനാ യൂണിറ്റുകള്‍ ശക്തിപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. ഒഡീഷയിലെ എല്ലാ ജില്ലകളിലും വികസന പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനായി പാണ്ഡ്യന്‍ നേരത്തെ പല യോഗങ്ങളിലും പങ്കെടുത്തിരുന്നു.
2000 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ പാണ്ഡ്യന്‍ തമിഴ്‌നാട് സ്വദേശിയാണ്. ധര്‍മ്മഗഡ് സബ്കളക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച് പിന്നീട് വിവിധ ജില്ലകളിലെ കളക്ടറായി സേവനമനുഷ്ഠിച്ചു. 2011ല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ (സിഎംഒ) ചേര്‍ന്ന അദ്ദേഹം കഴിഞ്ഞ 12 വര്‍ഷമായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം വഹിച്ചു. സിവില്‍ സര്‍വീസിലിരിക്കെ രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ച് മുഖ്യമന്ത്രിയുടെ 5ടി സെക്രട്ടറിയും പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന കാലത്ത് പാണ്ഡ്യന്‍ പ്രതിപക്ഷത്തിന്റെ വിമര്‍ശനം നേരിട്ടിരുന്നു. ഈ വര്‍ഷമാദ്യം, സംസ്ഥാനത്തെ പല ജില്ലകളിലും വിപുലമായ പര്യടനങ്ങള്‍ക്കും വലിയ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തതിലൂടെയും അദ്ദേഹം ശ്രദ്ധ ആകര്‍ഷിച്ചു.
നവീന്‍ പട്നായിക്കിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി കെ പാണ്ഡ്യന് ക്യാബിനറ്റ് റാങ്കോടെ നിയമനം നല്‍കിയതില്‍ സംസ്ഥാനത്ത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. പാണ്ഡ്യനെ ക്യാബിനറ്റ് മന്ത്രിയുടെ റാങ്കിലേക്കാണ് നിയമിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി സുരേന്ദ്ര കുമാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
പാണ്ഡ്യന്റെ സ്വമേധയാ വിരമിക്കലിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ് കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. ഇതുവരെ അനൗദ്യോഗികമായിരുന്ന കാര്യങ്ങള്‍ ഇനി ഔദ്യോഗികമാകുമെന്ന് പരിഹസിച്ച് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ജയറാം രമേശ് രംഗത്തെത്തി. ഒഡീഷയിലെ സ്ഥിതി വിചിത്രമാണെന്നും അദ്ദേഹം എക്സിലെഴുതി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us