കറിവേപ്പിലയും തുളസിയും തഴച്ചു വളരാന്‍ ഈ വിദ്യ പരീക്ഷിക്കു

സത്യം ഡെസ്ക്
Friday, July 10, 2020

കറിവേപ്പു കറികളില്‍ അവശ്യ വസ്തുവാണ്. സ്വാദിനും മണത്തിനും മാത്രമല്ല, സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം ഇതേറെ നല്ലതാണ്. കൊളസ്‌ട്രോള്‍, പ്രമേഹം അടക്കം പല രോഗങ്ങള്‍ക്കും ഗുണകരം.

തുളസിയും ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. കോള്‍ഡിനും മറ്റുമുള്ള നല്ലൊന്നാന്തരം ഔഷധം. അയേണിന്റെ കലവറ. കോള്‍ഡിനു തയ്യാറാക്കുന്ന കുരുമുളകു കാപ്പിയിലെ പ്രധാന ചേരുവകളില്‍ ഒന്നു കൂടിയാണിത്. തുളസി ഉണങ്ങിപ്പോകുന്നതും വളരാത്തതുമെല്ലാം അധ്യാത്മികമായി കണക്കാക്കിയാല്‍ ദുശകുനങ്ങളും ദുസൂചനകളുമാണെന്നു പറയാം. ഇത്തരം സസ്യങ്ങള്‍ അല്‍പം ശ്രദ്ധ നല്‍കിയാല്‍ നല്ല രീതിയില്‍ വളര്‍ന്നു വരും.

കറിവേപ്പിലയിലെ ഇലകളിലെ കീടങ്ങളും പുഴുക്കളുമെല്ലാം പ്രധാനപ്പെട്ട പ്രശ്‌നങ്ങളാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം പുളിച്ചത്, അതായത് തലേന്നുള്ള കഞ്ഞിവെള്ളം ഇലകളില്‍ തളിച്ചു കൊടുക്കുന്നതും കടയ്ക്കല്‍ ഒഴിയ്ക്കുന്നതുമെല്ലാം ഇത് നല്ലപോലെ തഴച്ചു വളരാന്‍ സഹായിക്കും.

മത്തി പോലുളള മീനുകളുടെ വേസ്റ്റുകള്‍, അതായത് ഇവയുടെ തലയും മറ്റും കറിവേപ്പിനു താഴെ ഇടുന്നതും ഇവ നല്ലപോലെ വളരാന്‍ സഹായിക്കുന്ന നല്ല വഴിയാണ്.

മുട്ടത്തൊണ്ട് കറിവേപ്പിലയ്ക്കു നല്ലൊരു വളം തന്നെയാണ്. മുട്ടത്തൊണ്ട് പൊടിച്ച് ഇതിന്റെ കടയില്‍ നിന്നും ലേശം മാറി മണ്ണില്‍ കുഴിച്ചിളക്കി ഇടുക. ഇത് വളരാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ്.

കറിവേപ്പില പൊട്ടിയ്ക്കുമ്പോഴും ശ്രദ്ധ വേണം. ഇത് തണ്ടായി ഒടിച്ചെടുക്കുകയാണ് വേണ്ടത്. അല്ലാതെ ഓരോ അല്ലി ഇലകളായല്ല, ഒടിച്ചെടുക്കേണ്ടത്. തണ്ടൊടിച്ചെടുക്കുമ്പോള്‍ പുതിയ മുള വരും. ഇത് കൂടുതല്‍ പച്ചപ്പോടെ വളരാനും സഹായിക്കും. ഇതുപോലെ ഒടിച്ചെടുക്കുമ്പോള്‍ തൊലി പൊളിഞ്ഞു പോകാതെ എടുക്കുക. അല്ലെങ്കില്‍ ഇത് വളര്‍ച്ച മുരടിപ്പിയ്ക്കും.

×