Advertisment

കറിവേപ്പില്‍ നിന്നും ദീര്‍ഘകാലം വിളവ്: പൂര്‍വികരുടെ കൃഷി രീതി പിന്തുടരാം

New Update

കറിവേപ്പിന്റെ ഗുണങ്ങള്‍ നിരവധിയാണ്. ഇതുകൊണ്ടാണ് പൂര്‍വ്വികര്‍ കറിവേപ്പിന് അടുക്കളത്തോട്ടത്തില്‍ പ്രഥമ സ്ഥാനം നല്‍കിയത്. വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി, വിറ്റാമിന്‍ ഡി എന്നിവ കറിവേപ്പില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ലുക്കീമിയ, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ എന്നിവയെ ചെറുക്കാനും പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും കറിവേപ്പില സഹായിക്കും. അടുക്കളത്തോട്ടത്തില്‍ ഏറ്റവുമെളുപ്പം നട്ടുവളര്‍ത്താവുന്ന ചെടിയാണ് കറിവേപ്പ്. വളക്കൂറും ഈര്‍പ്പവുമുള്ള മണ്ണില്‍ കറിവേപ്പ് തഴച്ച് വളരും.

Advertisment

publive-image

നടീലും പരിപാലനവും

1. പുതുമഴ ലഭിക്കുന്നതോടെ കറിവേപ്പ് തൈ നടാം. നല്ല വേനലില്‍ തൈ നടരുത്.

2. വേരില്‍ നിന്ന് മുളപ്പിച്ച നല്ല കരുത്തുള്ള തൈവേണം നടാനായി എടുക്കാന്‍.

3. രണ്ട് അടിയെങ്കിലും ആഴവും വിസ്താരവുമുള്ള കുഴിവേണം തൈ നടാന്‍.

4. കുഴിയില്‍ അര കൊട്ട ചാണകപ്പൊടിയോ കമ്പോസ്‌റ്റോ ഇട്ട് കുഴി മൂടി നടുവില്‍ ചെറു കുഴി എടുത്ത് തൈ നടാം.

5. തൈ നടുന്ന സ്ഥലത്തെ മണ്ണ് ഉറപ്പുള്ളതാണങ്കില്‍ കുഴിയില്‍ ചകരിച്ചോര്‍, ഉമി, ഉണങ്ങിയ കരിയില എന്നിവയില്‍ ഏതെങ്കിലുമിട്ട് കുഴി വായുസഞ്ചാരമുള്ളതാക്കുക.

6. തൈ നടുമ്പോള്‍ ഒരു പിടി വേപ്പിന്‍ പിണ്ണാക്കും ഒരു പിടി എല്ല് പൊടിയും കുഴിയില്‍ ചേര്‍ത്ത് ഇളക്കി നട്ടാല്‍ രോഗ കീടങ്ങളില്ലാതെ കറിവേപ്പ് വളര്‍ന്ന് വരും.

7. നട്ട് മൂന്ന് മാസം കഴിഞ്ഞ് തടം ചെറുതായി ഇളക്കി (വേരിന് ക്ഷതം വരാതെ) ജൈവ വളങ്ങള്‍ ഏതെങ്കിലും നല്‍കി മണ്ണ് വിതറണം.

8. കറിവേപ്പിന്റെ തടത്തില്‍ എപ്പോഴും ഈര്‍പ്പം നിലനിര്‍ത്തണം. അതിനായി അഴുകുന്ന ഇലകള്‍ കൊണ്ട് പുത തല്‍കുന്നത് ഗുണം ചെയ്യും.

9. വേനല്‍ക്കാലത്ത് ഒന്ന് ഇടവിട്ട ദിവസങ്ങളില്‍ തടത്തില്‍ നനവ് നല്‍കണം.

10. വേനല്‍ക്കാലത്ത് കറിവേപ്പിന്റെ തടം ഇളക്കാനോ വേര് മുറിയുന്ന തരം പ്രവര്‍ത്തികളോ പാടില്ല.

വളപ്രയോഗവും കീടനിയന്ത്രണവും

1. ഉണങ്ങി പൊടിഞ്ഞ കാലി വളം, കമ്പോസ്റ്റ്, എന്നിവയില്‍ ഏതെങ്കിലും മൂന്ന് മാസം കൂടുമ്പോള്‍ തടത്തില്‍ നല്‍കണം.

2. കടലപ്പിണ്ണാക്ക് – പച്ചച്ചാണക തെളി ഇടയ്ക്ക് തടത്തില്‍ ഒഴിച്ച് കൊടുത്താല്‍ കൂടുതല്‍ തളിര്‍ ഇലകള്‍ വരും.

3. തലേദിവസത്തെ കഞ്ഞിവെള്ളം കരിവെപ്പിന് വളര്‍ച്ചക്ക് നല്ലതാണ്.

4. കറിവേപ്പിന്റെ തടത്തില്‍ മുട്ടത്തോട് പൊടിച്ചിടുന്നത് നല്ലതാണ്.

5. കറിവേപ്പില്‍ നാരകപ്പുഴുവിന്റെ ശല്യം ഉണ്ടാകാറുണ്ട്. പുഴുവിനെ എടുത്ത് നശിപ്പിക്കുക, വേപ്പെണ്ണ-സോപ്പ് -വെളുത്തുള്ളി മിശ്രിതം ഇലകളിലും ഇളം തണ്ടിലും തളിക്കുക.

6. തണ്ടും ഇലയും മുരടിപ്പിക്കുന്ന ചെറു പ്രാണികളെ അകറ്റാന്‍ വെര്‍ട്ടിസിലിയം 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിക്കുക. തലേ ദിവസത്തെ കഞ്ഞി വെള്ളം തളിക്കുന്നതും ഗുണം ചെയ്യും.

വിളവെടുപ്പ്

1. കരിവേപ്പിന് ഒരാള്‍പ്പൊക്കം ആകുമ്പോള്‍ തലയറ്റം ഒടിച്ചു വെക്കണം. അപ്പോള്‍ താഴെ നിന്ന് കൂടുതല്‍ ശിഖിരങ്ങള്‍ പൊട്ടി മുളയ്ക്കും.

2.വിളവെടുക്കുമ്പോള്‍ ഇലകള്‍ അടര്‍ത്തി എടുക്കാതെ ശിഖിരങ്ങള്‍ ഒടിച്ചെടുക്കണം. സാവധാനം കരിവേപ്പ് ബുഷ് ആകും.

3. വളര്‍ച്ച എത്താത്ത തൈയില്‍ നിന്ന് വിളവെടുക്കരുത്.

മേല്‍പ്പറഞ്ഞപ്പോല കറിവേപ്പ് തൈ നട്ട് പരിപാലിച്ചാല്‍ ഒരു കരിവേപ്പില്‍ നിന്ന് അന്‍പത് വര്‍ഷത്തില്‍ കൂടുതല്‍ വിളവെടുക്കാം.

curry leaf curry tree
Advertisment