സ്വ‌പ്‌ന സുരേഷ് കസ്റ്റംസിന് നൽകിയ മൊഴിയുടെ പകർപ്പ് കോടതിയിൽ സമർപ്പിച്ചു

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, August 3, 2020

കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വ‌പ്‌ന സുരേഷ് കസ്റ്റംസിന് നൽകിയ മൊഴിയുടെ പകർപ്പ് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു. സ്വപ്നയുടെ തന്നെ ആവശ്യപ്രകാരമാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി മുദ്രവെച്ച കവറില്‍ മൊഴിയുടെ പകര്‍പ്പ് കോടതിയിൽ സമര്‍പ്പിച്ചത് എന്ന് കസ്റ്റംസ് അറിയിച്ചു.

ആകെ 32 പേജുകളുള്ളതാണ് മൊഴിപകർപ്പ്. പിന്നീട് മൊഴി മാറ്റിപ്പറയാതിരിക്കാനായാണ് സ്വപ്ന നൽകിയ മൊഴിയുടെ പകർപ്പ് കസ്റ്റംസ് ഇപ്പോൾ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. കേസിൽ സ്വപ്നയുടെ മൊഴി പകർപ്പ് മാത്രമാണ് കോടതിയിൽ നൽകിയിരിക്കുന്നത്.

കസ്റ്റഡിയില്‍ കഴിഞ്ഞ തിങ്കളാഴ്‍ച മുതല്‍ ശനിയാഴ്‍ച വരെയായിരുന്നു കസ്റ്റംസ് സ്വപ്‍നയെ ചോദ്യം ചെയ്തത്. ഇതിനിടയില്‍ സ്വര്‍ണ്ണക്കടത്തിന് സഹായിച്ച ഉന്നത രാഷ്ടീയ ബന്ധമുള്ളവരുടെ പേരുകൾ സ്വപ്‍ന വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

അതേസമയം സ്വർണക്കടത്തുകേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവരെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ബുധനാഴ്ച ഹാജരാക്കാൻ ഉത്തരവായി. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡി അപേക്ഷയിലാണ് ഉത്തരവ്.

×