ഡാലസില്‍ 2 യുവാക്കള്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ സഹയാത്രികരായിരുന്ന യുവതികള്‍ ഉള്‍പ്പെടെ 5 പേര്‍ പിടിയില്‍

പി പി ചെറിയാന്‍
Tuesday, May 19, 2020

ഡാലസ് : ഡാലസ് പ്ലസന്റ് ഗ്രോവ് ബ്രൂട്ടണ്‍ റോഡിലുള്ള ഗ്യാസ് സ്റ്റേഷന്‍ പരിസരത്തു നടന്ന വെടിവയ്പില്‍ രണ്ടു യുവാക്കള്‍ കൊല്ലപ്പെട്ടു സംഭവത്തോടനുബന്ധിച്ചു രണ്ടു യുവതികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ ക്യാപിറ്റല്‍ മര്‍ഡറിനു കേസെടുത്തതായി ഡാലസ് പൊലീസ് അറിയിച്ചു.

മേയ് 15 വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ജേയ്ഡണ്‍ (17), ക്രിസ്റ്റിന്‍ (21) എന്നിവരാണ് കൊല്ലപ്പെട്ടത്. ക്രിസ്റ്റഫര്‍ അഖില (21), ലൂയിസ് ഗൊണ്‍സാലസ് (20), ലെയ്ഷ ഗാര്‍സിയ (19), ഡണിയ ഫിഗോറ (18), ഒസെ ഗാര്‍സിയ (18) എന്നിവരാണ് അറസ്റ്റിലായത്.

സംഭവം ഇങ്ങനെ : 

ഗ്യാസ് സ്റ്റേഷനു സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ കൊല്ലപ്പെട്ട രണ്ടു യുവാക്കളും യുവതികളും ഇരിക്കുകയായിരുന്നു. ഇവര്‍ക്ക് സമീപം മറ്റൊരു കാറില്‍ എത്തിയ മൂന്നു പ്രതികളുമായി കൊല്ലപ്പെട്ട യുവാക്കള്‍ തര്‍ക്കിക്കുകയും പിന്നീട് അടിയില്‍ കലാശിക്കുകയുമായിരുന്നു. ഇതിനിടയില്‍ കാറില്‍ ഇരുന്നിരുന്നവര്‍ ഇറങ്ങി ഓടുന്നതിനിടെ പ്രതികള്‍ ഇവര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു.

വെടിയേറ്റ ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു വീണു. തുടര്‍ന്നു രണ്ടു യുവതികളും മറ്റു മൂന്നു പ്രതികളും കാറില്‍ കയറി രക്ഷപ്പെടുന്നതിനിടെ കാര്‍ അപകടത്തില്‍പെട്ടു.

വഴി യാത്രക്കാരന്‍ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസ് എത്തുന്നതിനു മുമ്പ് കാറില്‍ നിന്നും അഞ്ചു പേരും ഇറങ്ങി ഓടി തൊട്ടടുത്തുള്ള ഷെഡ്ഡില്‍ ഒളിച്ചു. പിന്നീട് പോലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടി ഡാലസ് കൗണ്ടി ജയിലിലടച്ചു. ശനിയാഴ്ച വരെ ഇവര്‍ക്ക് ജാമ്യം ലഭിച്ചിട്ടില്ലെന്നു പൊലീസ് അറിയിച്ചു.

×