യുഎഇ എന്നാല്‍ മലയാളിക്ക് ആര്‍ഭാടവും അഹങ്കാരവും ധൂര്‍ത്തും കാണിച്ചു മുങ്ങാന്‍ മാത്രം ശീലിച്ച മണ്ണ്. ചിലര്‍ ജയിലില്‍, ചിലര്‍ എങ്ങോട്ടോ മുങ്ങി ! എല്ലാം അറിഞ്ഞിട്ടും ദുബായിയെ വഞ്ചിക്കാന്‍ ഞാനില്ലെന്നു പറഞ്ഞ അറ്റ് ലസ് രാമചന്ദ്രന്‍ ജയില്‍വാസം ചോദിച്ചുവാങ്ങി

ദാസനും വിജയനും
Saturday, November 18, 2017

ദുബായിലെയും അബുദാബിയിലെയും ഷാർജയിലെയും ബാങ്കുകളിൽ നിന്നും വൻ തുകകൾ വായ്‍പയെടുത്ത് മുങ്ങിയ ആളുകളിൽ നാൽപ്പത് പേര്‍ മലയാളികൾ എന്ന് വായിച്ചപ്പോൾ ‘സന്തോഷം’ തോന്നി. എവിടെയും ഒന്നാമൻ ആകുവാനുള്ള നമ്മുടെ ത്വര ഇക്കാര്യത്തിലും കണ്ടപ്പോൾ തോന്നിയ സന്തോഷം .

ഈ മുങ്ങിയ ചുരുക്കം ചിലരെ ഒക്കെ നേരിട്ട് പരിചയപ്പെട്ടിട്ടുള്ളതുകൊണ്ട് അവരെപ്പറ്റി എഴുതിയില്ലെങ്കിൽ അവരെന്ത് വിചാരിക്കും എന്ന് തോന്നിപ്പോകുന്നു. അവരൊക്കെ മുങ്ങുന്നതിന് മുന്‍പേ എഴുതണം എന്നൊക്കെ കരുതിയതാണ് . കാരണം അവരുടെ പോക്ക് കണ്ടപ്പോഴേ തോന്നിയിരിരുന്നു ഇവരൊക്കെ മുങ്ങാൻ പോകുന്നവർ ആണെന്ന് . അതാണ്‌ ദുബായ്. ഉള്ളില്‍ കള്ളം ഉണ്ടെങ്കില്‍ ഈ മണ്ണില്‍ നിലം പോത്തും . കാരണം ഈ മണ്ണ് സത്യമുള്ള മണ്ണാണ് .

വളരെ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ഒരു സംഘടനയായിരുന്നു ആൾ കേരള കോളേജസ് അലുംനി അഥവാ അക്കാഫ് . കേരളത്തിലെ തെക്കൻ ജില്ലകളിലെ കുറെ ബുദ്ധിയുള്ളവർ ചേർന്നുണ്ടാക്കിയ സംഘടനയിൽ കോട്ടയം കൊല്ലം ആലപ്പുഴ പത്തനംതിട്ട തിരുവനന്തപുരം ജില്ലകളിലെ മെംബർമാർ ആയിരുന്നു കൂടുതൽ . തൃശൂർക്കാരും കൊച്ചിക്കാരും പേരിനുമാത്രം  .

മലബാറുകാർക്ക് കോളേജ് എന്താണെന്നു അറിയാത്തതുകൊണ്ടായിരിക്കാം അവരെ ഇവരിൽ പെടുത്തിയിരുന്നില്ല . എന്നും തലസ്ഥാനത്തോട് അടുത്തുകിടക്കുന്നവർക്ക് തിണ്ണമിടുക്ക് കൂടുമല്ലോ ?

പത്തനാപുരത്തെ സ്വന്തം മന്ത്രി ഗണേഷ്‌കുമാറിന്‍റെ കസിനെന്നു പറഞ്ഞു രാജേഷ് പിള്ള എന്നൊരു ബിസിനസ് മാഗ്നറ്റ് അക്കാഫിൽ കയറിക്കൂടുകയും ജോയിന്റ് സെക്രട്ടറി/ സെക്രട്ടറി / വൈസ്‌പ്രസിഡൻഡ് പിന്നെ പ്രസിഡണ്ട് വരെ എത്തുകയും ചെയ്തു . ഗണേഷ്‌കുമാറിന്‍റെ സ്വാധീനത്തിലായിരുന്നു കളികൾ .

അക്കാഫിലെ മെംബര്മാരെ തമ്മിൽ തമ്മിൽ നായർ-ക്രിസ്ത്യൻ എന്ന രീതിയിൽ വകഭേദം ചെയുകയും രണ്ടു ഗ്രൂപ്പുകൾ സൃഷ്ഠിക്കുകയും ചെയ്തു . ഗണേഷിന്റെ ബിനാമി എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാജേഷ് പിന്നീട് അക്കാഫിനെ രണ്ടു കഷ്ണം ആക്കുകയും രണ്ട് ഗ്രൂപ്പുകളും കൈകാര്യം ചെയുകയും ചെയ്തു . സ്വകാര്യ സ്ഥാപനങ്ങളിലെ കച്ചവടത്തെ ഉത്‌ഘോഷിക്കുന്നതിന്‍റെ  ഭാഗമായി ചില സൂത്രക്കാർ കണ്ടുപിടിച്ച മാർഗങ്ങളാണ് ഇപ്പറഞ്ഞ അസോസിയേഷനുകൾ .

എല്ലാ ഗുണവും ചിലരിൽ മാത്രം നിക്ഷിപ്തമായിരിക്കും . അവർ എന്നും വലുതായിക്കൊണ്ടിരിക്കും. അവരെന്നും വിജയിച്ചുകൊണ്ടിരിക്കും . പക്ഷെ അടി തെറ്റിയാൽ ആനയും വീഴും എന്നൊക്കെ പറഞ്ഞതുപോലെയാണാവോ രാജേഷ് പിള്ള ബഹുകോടികള്‍ ബാങ്കുകളിൽ നിന്നും വായ്പ്പയെടുത്ത് മുങ്ങിയത് .

മറീന ഹോൾഡിങ് എന്നുള്ള സ്ഥാപനം എന്നെന്നേക്കുമായി അടച്ചുപൂട്ടിക്കൊണ്ട് രാജേഷ് ദുബായിൽ നിന്നും അമേരിക്കയിലേക്ക് ചേക്കേറി. അത്രയും കോടികള്‍ വായ്പ കിട്ടുവാൻ മാത്രം കെൽപ്പുള്ള ഒരു കമ്പനി ആയിരുന്നില്ല മറീന ഹോൾഡിങ്. എന്തായാലും രാജേഷും മുങ്ങി ഒപ്പം അക്കാഫ് എന്നൊരു സംഘടനാ എന്നെന്നേക്കുമായി ഇല്ലാതാകുകയും ചെയ്തു .

അദ്ദേഹത്തിന്‍റെ സുഹൃത്തായ സൂപ്പര്‍താരവും കണക്കന്‍ സുഹൃത്തും ഉല്ലസിക്കുന്ന ദുബായിലെ ലീലാവിലാസ കേന്ദ്രം എന്നറിയപ്പെട്ടിരുന്ന വില്ല . നാൽപ്പത് കോടിക്ക് മേലെ വില വരുന്ന വില്ല എമിരേറ്റ്സ് ഹിൽസിലെ മെഡോസിൽ ആയിരുന്നു . അതും കേരളത്തിലെ പ്രമാദമായ ലാവലിൻ കേസിലെ പ്രധാനപയ്യൻസായ ദിലീപ് രാഹുലനും അദ്ദേഹത്തിന്‍റെ കുടുംബവും താമസിച്ചിരുന്ന മണി മാളിക .

ദിലീപ് രാഹുലൻ ഇന്ത്യയിൽ കരിം പട്ടികയിൽ ഉൾപ്പെട്ടിരുന്നതുകൊണ്ട് ആസ്ട്രേലിയൻ പാസ്‌പോർട്ടിലായിരുന്നു കളികൾ കളിച്ചിരുന്നത് . ലാവ്‌ലിൻ കേസിലെ മിക്കവാറും പ്രതികളുടെ മക്കൾ ദിലീപിന്‍റെ പസിഫിക് കൺട്രോളിൽ ജോലി ചെയ്തിരുന്നു . അതുപോലെ കേസന്വേഷിക്കുവാൻ ദുബായിലേക്ക് വണ്ടി കയറുന്ന എല്ലാ അന്വേഷണ ഉദ്യോഗസ്ഥരും ദിലീപിന്‍റെ മണിമാളികയിലെ മദ്യസൽക്കാരങ്ങളിൽ പങ്കെടുത്തിരുന്നു .

നമ്മുടെ വാനമ്പാടിയുടെ മകൾ ഇവിടെ സ്വിമ്മിങ് പൂളിൽ വീണു മരിച്ചതു മുതല്‍ തുടങ്ങിയ ശനി പിന്നീട് ദിലീപിനെയും വരിഞ്ഞു മുറുക്കുകയായിരുന്നു . ദുബായ് സർക്കാരിന്റെ ഒട്ടു മിക്ക പ്രോജക്ടുകളുടെയും ടെക്നിക്കൽ സപ്പോർട്ട് . ക്ലൗഡ് സർവീസ് എല്ലാം നൽകിയിരുന്നത് ഇവരായിരുന്നു .

ദുബായ് സർക്കാരിന്‍റെ ഹൈടെക്ക് ഇവന്റുകളിൽ സ്പോൺസറും മുഖ്യപ്രഭാഷകനും ഒക്കെ ആയിരുന്ന ദിലീപ് അവിടെയും വിശ്വാസ വഞ്ചന കാണിച്ചുകൊണ്ട് ആയിരത്തോളം കോടി കടബാധ്യത വരുത്തിവെച്ച് മുങ്ങിയപ്പോൾ നഷ്ടപ്പെട്ടത് ഇന്ത്യൻ കച്ചവടക്കാരുടെ വിശ്വാസ്യത ആയിരുന്നു .

ലാവലിൻ കമ്പനിയിൽ നിന്നും കമ്മീഷൻ വാങ്ങിയ ടെക്നിക്കാലിയ കമ്പനിയുടെ സൂത്രധാരകനായ ദിലീപ് എവിടെ തൊട്ടാലും അതിലൊക്കെ കമ്മീഷനും തട്ടിപ്പുകളും മാത്രമായിരുന്നു . ഇന്നിപ്പോൾ അമേരിക്കയിലോ കാനഡയിലോ അല്ലെങ്കിൽ ആസ്‌ത്രേലിയയിലോ എവിടെയെങ്കിലും അടിച്ചുമാറ്റിയ കാശുമായി വിലസുന്നുണ്ടായിരിക്കും . പക്ഷെ ഒരു നാൾ ഇക്കളികൾക്ക് അവസാനം ഉണ്ടാകുമെന്നത് തീർച്ച . എല്ലാറ്റിനും അതിരുണ്ടല്ലോ ?

കൗല അഥവാ കൗള എന്നൊരു മസാല കന്പനിയുടെ പരസ്യം നിങ്ങളൊക്കെ കുറെയധികം ശ്രദ്ധിച്ചിട്ടുണ്ടാകും . അബുദാബി ആസ്ഥാനമായി ആരംഭിച്ച ഫ്രഷ് & മോർ എന്ന സൂപ്പർമാർക്കെറ്റ് ചെയിൻ പിന്നീട് പെട്ടെന്നായിരുന്നു അവരുടെ വളർച്ചയും അതുപോലെ വീഴ്‌ചയും . കച്ചവടം ചെയ്തു നഷ്ടംപറ്റി പൊട്ടിപ്പോയതാണെന്ന് പറയുവാൻ വയ്യ . കാരണം അമ്മാതിരി കളികൾ ആയിരുന്നു അവർ മാർക്കറ്റിൽ കളിച്ചു കൂട്ടിയത് .

യുഎഇ യിലെ ബാങ്കുകളിൽ നിന്നും ഏകദേശം ആയിരത്തി അഞ്ഞൂറ് കോടി രൂപയോളം വായ്പയെടുത്താണ് കൗലയുടെ മുതലാളി മുങ്ങിയത് . മുങ്ങി എന്ന് പറയുവാൻ കാരണം , ഇദ്ദേഹം ഒരു സ്ഥാപനവും ഇദ്ദേഹത്തിന്‍റെ പേരിലല്ല ആരംഭിച്ചത് . എല്ലാം മംഗലാപുരത്തുള്ള ചില വ്യക്തികളുടെ പേരിൽ ആരംഭിച്ചുകൊണ്ട് അതിന്‍റെ പേരിലാണ് ലോണുകൾ വാങ്ങിക്കൂട്ടിയത് . ഇതിനെല്ലാം ഒത്താശ ചെയ്തുകൊടുക്കുന്നത് ബാങ്കിലെ തന്നെ ചില ലോബികൾ ആണ് . കണ്ണൂർ സ്വദേശിയായ ഖലീൽ ആണ് കൗലയുടെ പേരിൽ വായ്പകൾ വാരിക്കൂട്ടി മുങ്ങിയത് .

ഇവരോടൊപ്പം ഇതേ കളികൾ കളിച്ചതുകൊണ്ട് മുങ്ങിയ മറ്റൊരു വിരുതനാണ് കാസര്‍ഗോഡ്‌ സ്വദേശി  . അബുദാബി ആസ്ഥാനമായി ”ഹെക്സ” എന്ന കമ്പനി തുടങ്ങുകയും ഓയില്‍ ഫീൽഡിലേക്ക് സാധനങ്ങൾ സപ്ലെ ചെയ്യുന്നുവെന്ന പേരിൽ പണം സ്വരൂപിക്കയും ബാങ്കുകളെ സമീപിച്ചുകൊണ്ട് വ്യാജ രേഖകൾ കാണിച്ച് നാനൂറ് കോടിയോളം രൂപ സംഘടിപ്പിക്കുകയും ചെയ്തു .

ഇതിന്നിടയിൽ  ദുബായ് ആസ്ഥാനമായി ഒരു മീഡിയ കമ്പനി ആരംഭിക്കുകയും ചെയ്തു . അതിന്‍റെ ഒരു ശാഖ കൊച്ചിയിലും ആരംഭിച്ചു . സ്വകാര്യ സിനിമ തിയറ്റർ അടക്കമുള്ള സൗകര്യത്തോടെയുള്ളതായിരുന്നു ഇത് . അതുകൂടാതെ ഒരു സിനിമ നിർമ്മാണ കമ്പനിയും തുടങ്ങി . മൂന്നര കോടി സിനിമക്ക് ഇറക്കി .

അതുകൂടാതെ മലയാളത്തിലെ എല്ലാ സംഗീത സംവിധായകരെയും അണിനിരത്തിക്കൊണ്ട് ഒരുഗ്രൻ ഇവന്റും ചെയ്തു . ഏറ്റവും സങ്കടം മലയാളത്തിൽ തകർന്നു തരിപ്പണമായ ഗ്യാങ്‌സ്റ്റർ എന്ന തല്ലിപ്പൊളി സിനിമയുടെ വിജയാഘോഷം ദുബായിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് നടത്തി എന്നതായിരുന്നു .

എന്തിനധികം പറയുന്നു. അപ്പോഴേക്കും കക്ഷി സാമ്പത്തിക മാന്ദ്യം അനുഭവിച്ചു തുടങ്ങി. ഇരുപതോളം പെൺകുട്ടികൾക്ക് ശമ്പളം മാത്രം മാസം ഒരു കോടിയോളം രൂപ . കച്ചവടമോ ആകപ്പാടെ ചെയ്തത് ഒരു പരസ്യ ചിത്രവും . എല്ലാം കൂടി കളിച്ചു കളിച്ചു കണക്കു കൂട്ടി നോക്കിയപ്പോൾ കമ്പനി ഓരോ ദിവസവും മൂക്കുകുത്തി കൊണ്ടിരുന്നു . കത്തുന്ന പുരയുടെ കഴുക്കോലുകൾ കൂടെയുള്ളവർ ഊരുന്നതും ഇപ്പറഞ്ഞ ഇയാള്‍ അറിഞ്ഞിരുന്നില്ല .

മെഴ്‌സിഡസ് ബെൻസിന്‍റെ ജി ക്‌ളാസ് 65 , വില ഒന്നരക്കോടി രൂപ , അതിന്മേൽ മൂന്നക്ക നമ്പർ , അതിന്നായി അൻപത് ലക്ഷം.  കാണുവാൻ സുമുഖൻ , ബുദ്ധിമാൻ , പക്ഷെ മുട്ടയിട്ടത് എല്ലാം കിണറ്റിൽ ആയെന്നതാണ് ചെയ്ത തെറ്റ് . താമ്പാ എന്ന ഒരു കമ്പനിയുമായി ദുബായിയെ ഞെട്ടിച്ച കണ്ണൂർ കടവത്തൂർ സ്വദേശി .

അദ്ദേഹം ഇന്നിപ്പോൾ ശ്രീലങ്കയിലാണെന്നാണ് കേള്‍ക്കുന്നത്  . കാരണം ഇന്ത്യയിൽ കൊഫെപോസ കേസ് അങ്ങോട്ട് പോയിക്കൂടാ .ആദ്യം ഒരു കമ്പനി തുടങ്ങുകയും ദുബായിലെ മൂന്ന് വൻ തോക്കുകൾ ചേർന്ന് മുപ്പതോളം കോടി രൂപ നിക്ഷേപിക്കുകയും ചെയ്തു . അതായിരുന്നു താമ്പാ ട്രേഡിങ്ങ് . പെട്ടെന്നുള്ള കുതിച്ചു പായലിൽ ഏതോ ഒരു മുംബൈ ലോബി പുള്ളിക്കാരനെ മുംബയിൽ വെച്ച് തട്ടിക്കൊണ്ടുപോകുകയും മോചനദ്രവ്യമായി അഞ്ച് കോടി രൂപ കൊടുക്കുകയും ഒക്കെ ചെയ്തത്രേ .

അത് കഴിഞ്ഞു നിക്ഷേപകരൊക്കെ പണം പിൻവലിച്ചപ്പോൾ കിട്ടിയ പരിചയത്തിൽ ബാങ്കുകാരെ സമീപിച്ചു . ബാങ്കുകൾ വാരിക്കോരി ലോണുകൾ കൊടുത്തപ്പോൾ മുട്ടിനു മുട്ടിന് ഓരോരോ സൂപ്പർമാർക്കെറ്റുകൾ ആരംഭിച്ചുകൊണ്ട് പഴയ നിക്ഷേപകരെ വിഷമത്തിലാക്കി .കാശിനോട് ആക്രാന്തമുള്ള പുതിയ പുതിയ പാർട്ണർമാരെ കണ്ടെത്തുകയും അവരുടെ പേരിലൊക്കെ സ്വന്തം കയ്യൊപ്പിട്ട് ലോണുകൾ സംഘടിപ്പിക്കുയും ഏകദേശം അഞ്ഞൂറ് കോടി രൂപയുമായി ദുബായിൽ നിന്നും ശ്രീലങ്കയിലേക്ക് കടന്നുകളയുകയും ചെയ്തപ്പോൾ ഒരു ഇന്ത്യക്കാരൻ അല്ലെങ്കിൽ മലയാളികൂടി ദുബായിലെ ബാങ്കുകാരെ കൊണ്ടും മറ്റുള്ള രാജ്യക്കാരെ കൊണ്ടും പറയിപ്പിച്ചു .

പതിവിലും വിപരീതമായി ചെറുപ്പക്കാരുടെ കളികൾ കാണുമ്പോൾ നമ്മൾ മനസിലാക്കുക അവിടെ എന്തൊക്കെയോ പന്തികേടുകൾ ഉണ്ടെന്ന് . നമ്മുടെ കോവളം എംഎൽഎ ആകുവാൻ ട്രൗസർ തയ്പ്പിച്ചുവെച്ചിരിക്കുന്ന പ്രമുഖ പ്രവാസി ഒരിക്കൽ ദുബായി യിലെ മുടിചൂടാ മന്നൻ ആയിരുന്നു . കരാമയിൽ അദ്ദേഹം ഒരു സാമ്രാജ്യം തന്നെ ഉണ്ടാക്കി .

പിന്നീട് സെക്രട്ടറിമാരാൽ ജീവിതം കോഞ്ഞാട്ടയാവുകയും ബാങ്കുകളിൽ കയറിയിറങ്ങി ലോണുകൾ സംഘടിപ്പിക്കുകയും അതിന്‍റെ  ഇടയിൽ ഒരിക്കലും രക്ഷപെടില്ലെന്നു ഉറപ്പിച്ചിരിക്കുന്ന പാര്‍ട്ടി ചാനലിൽ നിക്ഷേപിക്കുകയും അവസാനം കടിച്ചതും പിടിച്ചതും ഇല്ലാതെ ദുബായിൽ നിന്നും രായ്‌ക്കുരാമാനം മുങ്ങുകയുമായിരുന്നു .

നമ്മുടെ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയെ ദുബായിലെത്തിച്ച വിദ്യാഭ്യാസ വിദഗ്ദൻ സുധീർഗോപി , നേപ്പാളിൽ മെഡിക്കൽ കോളേജുകൾ സ്ഥാപിച്ചുകൊണ്ട് മലയാളികളെ ഒന്നടങ്കം ആശ്ചര്യപ്പെടുത്തിയ സുധീർഗോപി ചുരുങ്ങിയ നാളുകൾ കൊണ്ട് ദുബായിലെ വിദ്യാഭ്യാസ മേഖല കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു .

ബിർള കോളേജും, രാജഗിരി സ്‌കൂളും , യൂണിവേഴ്സൽ എമ്പയർ മെഡിക്കൽ കോളേജും ദുബായിലും റാസ് അൽ ഖൈമയിലും ഒക്കെ തുടങ്ങുകയും പിന്നെ റിയൽ എസ്റ്റേറ്റിൽ ഇറങ്ങുകയും ചെയ്തു . എന്നിട്ടു ബാങ്കുകളിൽ രേഖയുണ്ടാക്കി കുറെയധികം പണം ലോൺ എടുക്കുകയും മറ്റൊരു പ്രാഞ്ചിയേട്ടനായി ദുബായിൽ വിലസുകയും പെട്ടെന്നൊരുനാൾ ദുബായിയെ ഉപേക്ഷിച്ചുകൊണ്ട് എങ്ങോട്ടോ പോകുകയും ചെയ്തു . ചിലപ്പോൾ നേപ്പാളിൽ കാണുമായിരിക്കും .

ഗോ വെൽത്തി , എന്നാൽ പണം ഉണ്ടാക്കുവാനുള്ള ഒരു കമ്പനി . ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ അഞ്ച് ഓഫീസുകൾ , നൂറോളം വെള്ളക്കാർ ജോലിക്കാർ . നാട്ടിൽ അന്പലക്കമ്മറ്റിയുടെ കാശ് അടിച്ചുമാറ്റി ദുബായിലെത്തി തുടങ്ങിയ കമ്പനി . എന്നും പത്രങ്ങളിൽ മുഴുവൻ പേജ് പരസ്യങ്ങൾ . ഹൈവേകളിൽ കൂറ്റൻ ഹോർഡിങ്‌സ് , അമ്പതോളം സെക്രട്ടറിമാർ . ഒരു മലയാളിക്ക് ഇതിനേക്കാൾ മേലെ കളിക്കുവാനാവില്ല എന്നുറപ്പ് . പെട്ടെന്നൊരു നാൾ ഉടമസ്ഥനെ കാണ്മാനില്ല .

വെള്ളക്കാർ ശരിക്കും പെട്ടു . ശമ്പളമില്ല സൗകര്യങ്ങളില്ല . എല്ലാം പൂട്ടികെട്ടി പുള്ളിക്കാരൻ സ്ഥലം കാലിയാക്കി . ബാങ്കുകാർ സ്‌പോൺസറെ പിടിച്ചു . ആകെയുള്ള വിഷമം അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നു . ഇന്ന് ആ സ്പോൺസർ പ്രാരാബ്ധങ്ങൾ താങ്ങാതെ റാസ്‌ അൽ ഖൈമയിലെ ഒരു മണൽക്കാട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്നു . ഇതിനേക്കാൾ വലിയ ഉപകാരം ഒരു മലയാളിക്ക് ഒരു അറബിക്ക് സമ്മാനിക്കുവാൻ ആകില്ല .

അർടാജ് ഇവെന്റ്സ് – ഒരു കാലത്ത് ദുബായ് ഷെയ്ഖ് സായിദ് റോഡിൽ ഇവിടെ നോക്കിയാലും തലങ്ങും വിലങ്ങും പായുന്ന ആഡംബര കാറുകളിൽ പരസ്യം അർടാജിന്റെ ആയിരുന്നു . സുന്ദരികളായ യുവതികൾ ഡ്രൈവ് ചെയ്തു നടക്കുന്ന വാഹനങ്ങളിൽ ബിഗ് ബോയ്സ് ടോയ്‌സിന്റെ പരസ്യം കാണാമായിരുന്നു . അബുദാബിയിലും ദുബായിലും വെച്ച് നടന്നിരുന്ന ബിഗ്‌ബോയ്‌സ് ടോയ്‌സിന്റെ അമരക്കാരൻ ശരിക്കും പ്ലാൻ ചെയ്തുകൊണ്ടാണ് മുങ്ങിയത് എന്ന് അദ്ദേഹത്തോടൊപ്പം ഏറെ കാലം കൂടെയുണ്ടായിരുന്ന ജോലിക്കാർ സമ്മതിക്കുന്നു .

പത്തോളം ആഡംബര കാറുകൾ ബാങ്കുകളിൽ നിന്നും ലോണെടുത്ത് അതിലൊക്കെ തന്‍റെ കമ്പനിയുടെ മഞ്ഞ കളർ സ്റ്റിക്കർ പതിച്ചുകൊണ്ട് ഇംഗ്ളീഷ് മാത്രം സംസാരിക്കുന്ന പെണ്ണുങ്ങളെ റോഡിലിറക്കി ബാങ്കുകളുടെ കണ്ണിൽ പൊടിയിട്ട് ഉണ്ടാക്കിയ ലോണുകൾ എല്ലാം സ്വരൂപിച്ചുകൊണ്ട് കാനഡയിലേക്കും പിന്നീട് ബെംഗളുരുവിലേക്കും വണ്ടികയറി . ദുബായിലെ പണിക്കാരുടെ പേരിലെല്ലാം ലോൺ എടുത്തിരുന്നു . പലരും ജയിലിൽ പോയി . കക്ഷി ഇപ്പോള്‍ ബാംഗളൂരിൽ വിലസുന്നു .

മറ്റൊരാള്‍ സിദ്ധാർഥ്‌ . അതും എല്ലാവരും അറിയപ്പെടുന്ന ഗോൾഡൻ ഫോർക്ക് സ്ഥാപനങ്ങളുടെ ഉടമ ,തൃശൂർ സ്വദേശി . അവരുടെ ജോലിക്കാരുടെ കാര്യം അറിയുമ്പോൾ ഏറെ കഷ്ടം തോന്നുന്നു . നിസ്സാര ശമ്പളത്തിന് ജോലിക്കു നിന്നവരെ റോഡിലിറക്കിവിട്ട് മുതലാളി മുങ്ങി . യുഎഇ യിൽ ഉടനീളം നൂറോളം സ്ഥാപനങ്ങളുമായി കച്ചവടം നടത്തുന്നതിനിടക്ക് ജീവിതത്തിലേക്ക് കയറിവന്ന ഫിലിപ്പൈൻ സ്വദേശിയുടെ കാമവലയത്തിൽ കക്ഷി അകപ്പെട്ടപ്പോൾ ഭാര്യ തൃശൂരിലേക്ക് വണ്ടി കയറി .

കച്ചവടങ്ങളിൽ മെല്ലെ മെല്ലെ ശ്രദ്ധ ഇല്ലാതായപ്പോൾ ബാങ്കുകാർ ലോണുകൾ അടക്കുവാൻ നിർബന്ധിച്ചു . പെട്ടെന്ന് എല്ലാം ശരിയാക്കാം എന്ന് കരുതി തൃശൂർ കൊക്കാലയിലെ നക്ഷത്ര ഹോട്ടല്‍ വിൽക്കുവാനുള്ള മുഖ്തിയാർ ഭാര്യയുടെ പേരിൽ നൽകി . ഭാര്യ ആരോരും അറിയാതെ ഹോട്ടൽ വിറ്റു . കിട്ടിയ പണമായി രക്ഷപ്പെട്ടു . ഭർത്താവിന് കേസുകൾ ഉള്ളതുകൊണ്ട് നാട്ടിൽ വരുവാൻ ആകില്ലായിരുന്നു . ഇന്നിപ്പോൾ ആ സ്ഥാപനവും ആർക്കും ആർക്കുമില്ലാതെയായി . ജീവനക്കാരുടെ കണ്ണുനീർ തുടക്കുവാൻ വരെ ആരും ഇല്ലാതെയായി .

തൃശൂരിലെ തന്നെ മറ്റൊരു ടീമായ സൺ & സ്കൈ എന്നൊരു ഗ്രൂപ്പ് വലിയ മോശമില്ലാത്ത ട്രാവൽ ഏജൻസിയോക്കെ നടത്തി ജീവിച്ചുപോകുകയായിരുന്നു . രാജു ആയിരുന്നു മുതലാളി . പണം അപ്രതീക്ഷിതമായി കൈയിൽ വന്നപ്പോൾ ആരുടെയോ ഉപദേശപ്രകാരം ഹോട്ടലുകൾ ലീസിന് എടുക്കുവാൻ തീരുമാനിച്ചു . ആദ്യത്തെ കച്ചവടമൊക്കെ നല്ല കുശാലായിരുന്നു . പക്ഷെ ഒരു ഹോട്ടലിൽ നിന്നും അടുത്തതിലേക്കും പിന്നെയും പിന്നെയും എടുത്ത് എടുത്ത് കൂട്ടിയപ്പോൾ ബാങ്ക് ലോണുകൾ തുരുതുരെ കിട്ടുവാൻ തുടങ്ങി .

പിന്നെ എന്ത് ചെയ്യണമെന്ന് അറിയാതെ എന്തൊക്കെയോ കാണിച്ചുകൂട്ടി . ഇപ്പോൾ അവസാനമായി എടുത്ത പണവുമായി രാജു ദുബായ് നഗരം വിട്ടിരിക്കുന്നു . ജോലിക്കാരുടെ പേരിലൊക്കെ ലോണുകൾ എടുത്തിട്ടാണ് ഇക്കളികൾ കളിച്ചിരുന്നത് എന്ന് ജോലിക്കാരിൽ നിന്നും അറിയുവാൻ കഴിഞ്ഞു . എന്തിനധികം പറയുന്നു . ബാങ്കുകളുടെ ഇരുനൂറോളം കോടി പോയിക്കിട്ടി .

ഒരാൾക്ക് ആഗ്രഹ സഫലീകരണത്തിന്റെ ഭാഗമായി ഒരു റോൾസ് റോയ്‌സ് ആകാം . പക്ഷെ രണ്ടെണ്ണം എന്നത് അഹങ്കാരമാണോ അതിന്‍റെ മേലെയുള്ള എന്തെങ്കിലുമാണോ എന്ന് തോന്നിപ്പോകുന്നു .

ദുബായിലെയും കേരളത്തിലെയും സിനിമ മേഖലയിലെ കുത്തകയായ അഹമ്മദ് ഗോൾച്ചിനെ തറപറ്റിച്ചുകൊണ്ട് രണ്ടാമതൊരു സിനിമ വിതരണ കമ്പനി ദുബായിൽ ആരംഭിച്ച കണ്ണൂർ സ്വദേശി നബീൽ .

ഇന്ത്യൻ ക്രിക്കറ്റിലെ ചില താരങ്ങൾ നബീലിന്‍റെ ദുബായിലെ വില്ലയിൽ ഡിന്നറിന് എത്തിയപ്പോൾ ഡിന്നർ വാങ്ങുവാൻ പണമില്ലാതെ റോൾസ് റോയ്‌സ് ഡ്രൈവറുടെ കയ്യിൽ കൊടുത്തുവിട്ട് ഒരു സ്നേഹിതനിൽ നിന്നും അയ്യായിരം രൂപ കടം വാങ്ങിയപ്പോൾ അന്നേ അവര്‍  പറഞ്ഞു , ഈ കപ്പൽ അടുത്തുതന്നെ മുങ്ങുമെന്ന് .

ഇന്നത്തെ ചെറുപ്പക്കാരുടെ കുത്തഴിഞ്ഞ ജീവിതത്തതിന്‍റെ ഉദാഹരണമായിരുന്നു നബീൽ . നോട്ടിരട്ടിപ്പ് ,സ്വർണ്ണക്കടത്ത് എന്നുവേണ്ട പണം കിട്ടുവാൻ എന്ത് തരികിടയും ചെയ്യുമെന്ന് തെളിയിച്ച നബീൽ ഇപ്പോൾ ദുബായിലെ ഇരുമ്പഴികൾക്ക് ഉള്ളിലാണ് .

കേരളത്തിലെ ഒട്ടുമിക്ക മന്ത്രിമാരും എംഎൽഎ മാരും എംപിമാരും നേതാക്കന്മാരും ഒക്കെ നിറഞ്ഞ ഒരു സദസ്സിൽ ഒരു ചെറുപ്പക്കാരൻ നേതാക്കളുടെ ഇടയിൽ വിലസുന്നു . ഫയാസാണ് താരം .സെൽഫിയെടുക്കാനും നമ്പർ കൈമാറാനും ഒക്കെ തിടുക്കം കൂട്ടിയപ്പോൾ തന്നെ ഞങ്ങൾ ഒരു നേതാവിനോട് സ്വകാര്യത്തിൽ പറഞ്ഞു ഇയാൾ അപകടകാരിയാണെന്ന് . അത് അക്ഷരം പ്രതി ശരിയായത് സ്വര്ണക്കടത്തിൽ നെടുമ്പാശ്ശേരിയിൽ വെച്ച് കസ്റ്റംസ് അറസ്റ്റ് ചെയ്‌തപ്പോഴാണ്‌ .

കസ്റ്റംസ് ഓഫീസറുടെ മുന്നിൽ നിന്നുകൊണ്ട് മുഖ്യ മന്ത്രിയെ ഫോണിൽ വിളിച്ചപ്പോൾ അപ്പോൾ തന്നെ കസ്റ്റംസ് ഓഫീസർ പുള്ളിക്കാരന്‍റെ  ചെവിട്ടത്ത് രണ്ടെണ്ണം പൊട്ടിച്ചു . കൊടി സുനിയെയും ഷാഫിയെയും ജയിലിൽ കാണുവാൻ പോയ ഈ മനുഷ്യൻ ഇപ്പോൾ എവിടെയാണാവോ ?

ദുബായിൽ ജനനം , കുടുംബത്തിന് വര്ഷങ്ങളായി കച്ചവട സ്ഥാപനങ്ങൾ , സ്വന്തമായി ഫർണിച്ചർ കച്ചവടം .റഷ്യക്കാരിയായ ഭാര്യക്ക് ദുബായിൽ കാവിയർ ഇറക്കുമതി . വലിയ കുഴപ്പങ്ങളൊന്നും ഇല്ലാതെ പോയിരുന്ന ഇസ്മയിലിനെ ആരോ ഉപദേശിച്ചു . പെട്ടെന്ന് പണക്കാരൻ ആകുവാനുള്ള മാർഗങ്ങൾ കേട്ടപാടെ ഇസ്മായിൽ അതിലേക്ക് തല വെച്ച് കൊടുത്തു . ദുബായിലെ ബാങ്കുകളിൽ അധികമാരും ശ്രദ്ധിക്കാത്ത അക്കൗണ്ടുകളില്‍ നിന്നും അക്കൗണ്ടുകളിലേയ്ക്ക് പണം അടിച്ചുമാറ്റുന്നവിദ്യ .

ഇപ്രകാരം നൂറോളം കോടി രൂപ സ്വന്തം പേരിലേക്ക് മാറ്റുകയും കൊച്ചിയിലും കോഴിക്കോട്ടും മണിമാളികകൾ വാങ്ങിക്കൂട്ടുകയും ചെയ്തപ്പോൾ പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും എന്നത് യാഥാർഥ്യമായി . ഇന്നിപ്പോൾ ജാമ്യംവരെ ലഭിക്കാതെ ഒന്നര കൊല്ലമായി ഇസ്മായിൽ എന്ന തൃശൂർക്കാരൻ ദുബായ് പോലീസിന്റെ കസ്റ്റഡിയിലാണ് .

മുപ്പതോളം തവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും എല്ലാം പാഴായി , കേവലം ഒരു നാൾ മാത്രമായി ജാമ്യം ലഭിക്കുവാൻ രണ്ടു കോടിയുടെ ഓഫറുമായി കൂട്ടുകാർ അലയുമ്പോൾ ഒരു കാര്യം ഉറപ്പ് , മാപ്പർഹിക്കാത്ത സാമ്പത്തിക കുറ്റകൃത്യമാണ് ഇസ്മായിലും പതിനാല് കൂട്ടുകാരും കൂടി ചെയ്തു കൂട്ടിയത്.

ലോണുകളുടെ രാജാവായിരുന്നു അറ്റ്‌ലസ് രാമചന്ദ്രൻ , അവസാന കാലഘട്ടങ്ങളിൽ അദ്ദേഹത്തിന് ഉണ്ടായ പ്രമേഹവും മറ്റു അസുഖങ്ങളുമാണ് അദ്ദേഹത്തെ ഈ കുടുക്കിൽ കൊണ്ടെത്തിച്ചത് . പിന്നെ സ്വന്തം വീട്ടിലെ കെട്ടുറപ്പില്ലായ്മയും . മകനും മകളും  അവരുടേതായ വഴികളിൽ സഞ്ചരിച്ചപ്പോൾ ആ മനുഷ്യന് കാലിടറി .

രാമചന്ദ്രേൻ ജയിലിൽ പോകുന്നതിന് മുൻപ് ഒരു സുഹൃത്തിനെ സമീപിച്ചു. ബാങ്കുകളുമായി സംസാരിച്ചു ചില കോംപ്രമൈസുകൾ ഉണ്ടാക്കുവാനായിരുന്നു ഇത് . കാര്യങ്ങൾ അവതാളത്തിലാണെന്ന് മനസിലാക്കിയ സുഹൃത്ത് പറഞ്ഞു , പെട്ടെന്ന് തന്നെ കുടുംബവുമായി രാജ്യം വിടുന്നതാണ് ഉചിതമെന്ന് . വേണമെങ്കിൽ അമേരിക്കയിലോ ലണ്ടനിലോ ആസ്ട്രേലിയയിലോ സെറ്റപ്പ് ഉണ്ടാക്കിത്തരാമെന്നും പറഞ്ഞു .

ഇത് കേട്ട രാമചന്ദ്രേട്ടൻ  പറഞ്ഞു ” ഈ നാടിനെ വഞ്ചിച്ചുകൊണ്ട് ഞാൻ എവിടേക്കും പോകില്ല , ജയിലിൽ പോകാനും വേണമെങ്കിൽ അവിടെകിടന്ന് മരിക്കുവാനും ഞാൻ തയ്യാർ ആണെന്ന് ” അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെ നമിക്കുന്നു .

കണക്ക് പ്രകാരം തൃശൂർ ജില്ലയിലെ ചാവക്കാട്ട് പ്രദേശത്ത് ഒരു കോടിക്ക് മേലെ ചിലവ് വരുന്ന നൂറോളം വീടുകളാണ് പണി തീർക്കുവാനാകാതെ വര്ഷങ്ങളായി വെയിലും മഴയും കൊണ്ട് നശിക്കുന്നത് . കൊക്കിൽ ഒതുങ്ങുന്നതേ കൊത്താവൂ . അല്ലെങ്കിൽ ചെറുപ്പക്കാരുടെ ജീവിതം ഇനിയും ബാങ്ക് ലോണുകളും ക്രെഡിറ്റ് കാർഡുകളും കൊണ്ട് അവസാനിക്കും .

ഇനിയും ധാരാളികൾ ലോണുകളും മറ്റുമായി ഈ രാജ്യത്തെ പറ്റിക്കുവാൻ പുറപ്പെട്ടാൽ മലയാളികൾ എല്ലാം ചേർന്ന് ഇവന്മാരെയൊക്കെ ആട്ടിപ്പായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു . നിങ്ങൾ നന്നായി ജീവിച്ചാൽ നിങ്ങൾക്ക് നല്ലത് , ഇത്രേം മതി എന്ന് തോന്നുന്നു ,

എന്ന്, ഇതുവരെ ലോണുകളൊന്നും എടുക്കാതെ ,

ബുഗാട്ടിയിൽ സഞ്ചരിച്ചുകൊണ്ട് ദാസനും മുങ്ങുവാൻ തയാറായി വിജയനും

×