കുവൈറ്റ് സിറ്റി: പൊതുമാപ്പിനോട് അനുബന്ധിച്ച് കുവൈത്തില്‍ ഇന്ത്യക്കാരുടെ രേഖകള്‍ സമര്‍പ്പിക്കാനുള്ള ദിവസങ്ങളില്‍ വീണ്ടും മാറ്റം. പുതിയ തീയതി ഈ മാസം 16 മുതല്‍ 20 വരെയാണന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. താമസ കുടിയേറ്റ നിയമലംഘകരായ ഇന്ത്യക്കാര്‍ക്ക് രേഖകള്‍ കുവൈത്ത് അധികൃതര്‍ക്ക് സമര്‍പ്പിക്കാനുള്ള തീയ്യതിയിലാണ് വീണ്ടും മാറ്റം വരുത്തിയിരിക്കുന്നത്.
ഇന്ന് എംബസി ഉദ്യോഗസ്ഥര്‍ വിദേശകാര്യ മന്ത്രാലയ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തീയതിയില്‍ മാറ്റം വരുത്തണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചിരുന്നു. തുടര്‍ന്ന്, ഈ മാസം 20 മുതല്‍ 24 വരെയായിരുന്നു രേഖകള്‍ സമര്‍പ്പിക്കാന്‍ അനുവദിച്ചിരുന്നത്. എന്നാല്‍, പീന്നീട് രാത്രിയില്‍ ഇത് സംബന്ധിച്ച നടന്ന തുടര്‍ ചര്‍ച്ചയില്‍ ദിവസങ്ങളില്‍ വീണ്ടും മാറ്റം വരുകയായിരുന്നുവെന്ന് എംബസി അറിയിച്ചു.
ഫര്‍വാനിയ,അബ്ബാസിയ എന്നിവടങ്ങളിലായി ആഭ്യന്തര മന്ത്രാലയം പ്രത്യേകം ഓഫീസുകള്‍ തുറന്നിട്ടുണ്ട്. ഇവിടെ ഏകജാലകസംവിധാനമാണ് ഒരുക്കിയിരിക്കുന്നതും. അവിടെ ചെന്ന് താമസ-കുടിയേറ്റ നിയമ ലംഘകര്‍ക്ക് രേഖകള്‍ ശരിയാക്കി തിരികെ നാട്ടില്‍ പോകാനാവും.
കുവൈത്ത് സര്‍ക്കാര്‍ സൗജന്യ വിമാനടിക്കറ്റും ഭക്ഷണവും ഇവര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് 24,400 ഇന്ത്യക്കാര്‍ താമസ-കുടിയേറ്റ നിയമ ലംഘകരായിട്ടുണ്ട്.ഇവര്‍ക്ക് കുവൈത്ത് സര്‍ക്കാര്‍ സൗജന്യ വിമാന ടിക്കറ്റും നല്‍കുന്നുണ്ട്. അതെ സമയം പൗരന്മാര്ക്ക് വിമാന യാത്രാനുമതി നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രവാസലോകത്ത് വന്‍ പ്രതിഷേധമാണ് ഉടലെടുത്തിരിക്കുന്നത്.