മഫ്തിയിലെത്തിയ ഡിസിപിയെ ആളറിയാതെ തടഞ്ഞു; വനിതാ പൊലീസിനെ ട്രാഫിക്കിലേക്ക് മാറ്റി; നടപടി വിവാദമായപ്പോള്‍ ന്യായീകരിച്ച് ഡിസിപി

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, January 13, 2021

കൊച്ചി: മഫ്‌തി വേഷത്തിൽ എത്തിയത് തിരിച്ചറിയാതെ തന്നെ തടഞ്ഞ വനിതാപൊലീസിനെ ട്രാഫിക്കിലേക്ക് സ്ഥലം മാറ്റിയ ഡിസിപി ഐശ്വര്യ ഡോംഗ്രേയുടെ നടപടി വിവാദമാകുന്നു. എറണാകുളം നോർത്തിലെ വനിതാ സ്റ്റേഷനിൽ കഴിഞ്ഞ ദിവസമാണ് സംഭവം.

ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ശ്രദ്ധാലുവായിരുന്നില്ല, മേലുദ്യോഗസ്ഥ ഔദ്യോഗിക വാഹനത്തിൽ വന്നിറങ്ങിയത് ശ്രദ്ധിക്കാതെ ജാഗ്രതക്കുറവു കാട്ടി’ തുടങ്ങിയ കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് തന്റെ നടപടിയെ ഡിസിപി ന്യായീകരിക്കുന്നത്.

ട്രാഫിക്കിൽ ആ ഉദ്യോഗസ്ഥ നന്നായി ജോലി ചെയ്യുന്നുണ്ടെന്നും അഭിനന്ദനാർഹമായ രീതിയിലാണ് അവരുടെ ഇടപെടലെന്നും ഐശ്വര്യ ഡോങ്റെ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക വേഷത്തിലല്ലാതെ എത്തിയ ഐശ്വര്യ സ്റ്റേഷന് അകത്തേക്ക് കടക്കാൻ ഒരുങ്ങിയപ്പോൾ പാറാവ് ഡ്യുട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥ തടഞ്ഞുനിർത്തിയത്.

കൊവിഡ് കാലമായതിനാൽ ആളുകളെ സ്റ്റേഷനിലേക്ക് കടത്തി വിടുന്നതിനു മുൻപ് വിവരങ്ങൾ ആരായേണ്ടതുണ് എന്നതും തടയാൻ കാരണമായി. പിന്നീടാണ് വന്നത് ഡിസിപിയാണെന്ന് പൊലീസുകാരിക്ക് മനസിലായത്.

പുതിയതായി ചുമതലയേറ്റ ഡിസിപിയുടെ മുഖപരിചയം ഇല്ലാത്തതിനാലും യൂണിഫോമിൽ അല്ലാത്തതിനാലുമാണ് തടഞ്ഞതെന്ന് പാറാവ് ഡ്യുട്ടിയിലുണ്ടായുന്ന വനിതാ പൊലീസ് വിശദീകരിച്ചെങ്കിലും, അത് ചെവിക്കൊള്ളാൻ ഡിസിപി തയ്യാറായില്ല. ഔദ്യോഗിക വാഹനത്തിൽ വന്നിറങ്ങിയത് ശ്രദ്ധിക്കണമെന്നായിരുന്നു ഡിസിപിയുടെ നിലപാട്. രണ്ടു ദിവസത്തേക്കാണ് ശിക്ഷണ നടപടിയുടെ ഭാഗമായി വനിതാ പൊലീസിനെ ട്രാഫിക്കിലേക്കു മാറ്റിയത്.

പൊലീസുകാരിയെ ട്രാഫിക്കിൽ അയച്ചതോടെ സംഭവം പൊലീസുകാർക്കിടയിൽ വലിയ ചർച്ചയുണ്ടാക്കിയിരുന്നു. അടുത്തിടെ മാത്രം ചുമതലയേറ്റ ഉദ്യോഗസ്ഥ യൂണിഫോമിൽ അല്ലാതെ എത്തിയാൽ എങ്ങനെ തിരിച്ചറിയുമെന്നാണ് ഇവരുടെ ചോദ്യം.

×