വാടകവീട്ടിലെ കിണറ്റിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; നെറ്റിയിലും വയറിലും മുറിവ്‌

ന്യൂസ് ബ്യൂറോ, പാലക്കാട്
Sunday, September 27, 2020

അഗളി: അട്ടപ്പാടി കക്കുപ്പടിയിൽ സ്ത്രീയെ ദുരൂഹ സാഹചര്യത്തിൽ വാടകവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നെറ്റിയിലും വയറിലും മുറിവുള്ളതിനാൽ കൊലപാതകമാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

തമിഴ്നാട് സ്വദേശിയായ സെൽവിയുടെ (39) മൃതദേഹമാണു താഴെ കക്കുപ്പടി ഊരിനടുത്തു സ്വകാര്യ വ്യക്തിയുടെ വീടിനോടു ചേർന്ന കിണറ്റിൽ കണ്ടെത്തിയത്. സെൽവിയോടൊപ്പം താമസിച്ചിരുന്ന ഹംസ എന്നയാളെ കസ്റ്റഡിയിലെടുത്തെന്നാണു സൂചന. ഏതാനും വർഷമായി പാടവയലിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു ഇരുവരും.

കഴിഞ്ഞ ഞായറാഴ്ചയാണ് കക്കുപ്പടിയിലെ വീട് വാടകയ്ക്ക് എടുത്തതെന്നു പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ സമീപവാസികളാണു മൃതദേഹം കണ്ടത്. അഗളി എഎസ്പി പതംസിങ്, ഇൻസ്പെക്ടർ സുനിൽ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.

മണ്ണാർക്കാടുനിന്ന് അഗ്നിരക്ഷാ സേന എത്തിയാണു മൃതദേഹം പുറത്തെടുത്തത്. കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതിനാൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

×